മാറ്റൊലി പത്താംവാര്‍ഷികത്തിന്റെ നിറവില്‍; ആഘോഷപരിപാടികള്‍ നടത്തി
മാനന്തവാടി: വയനാട്ടിലെ ഏക കമ്മ്യൂണിറ്റി റേഡിയോയായ മാറ്റൊലി ഒരു പതിറ്റാണ്ട് പിന്നിടുന്നു. ഒട്ടും പ്രതീക്ഷയില്ലാതെ വയനാട്ടില്‍ ആരംഭിച്ച ഈ റേഡിയോ ഇന്ന് കാരുണ്യപ്രവര്‍ത്തനങ്ങളിലും വിവിധങ്ങളായ പരിപാടികളിലൂടെയും ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. മാറ്റൊലിയുടെ പത്താംവാര്‍ഷികം വിവിധ പരിപാടികളോടെ നടന്നു. ശുചിത്വമിഷന്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സിവി ജോയി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
മതേതരമുഖവും കര്‍ഷകരുമായുളള ആത്മബന്ധവുമാണ് റേഡിയോ മാറ്റൊലിയുടെ മുഖമുദ്രയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാട്ടിന്‍പുറത്തെ നന്മകളിലേക്ക് ഇറങ്ങിച്ചെല്ലാനും നാടിന്റെ സ്പന്ദനമാകാനും മാറ്റൊലിയ്ക്ക് സാധിച്ചുവെന്നതാണ് ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റേഡിയോ മാറ്റൊലി പത്താംവാര്‍ഷിക ഉദ്ഘാടനം ശുചിത്വമിഷന്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സിവി ജോയി നിര്‍വ്വഹിക്കുന്നു
പത്താംവാര്‍ഷികം പ്രമാണിച്ച് നിറവിന്റെ പത്താണ്ട് എന്ന പേരില്‍ 2019 മെയ് 31 വരെ ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് മാറ്റൊലിയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. കാര്‍ഷിക, വിനോദ പരിപാടികള്‍ നിരവധി പത്താംവാര്‍ഷികത്തിന്റെ ഭാഗമായി മാറ്റൊലിയുടെ സ്രോതാക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി വാരാചരണത്തോട് അനുബന്ധിച്ച് റേഡിയോ മാറ്റൊലി നിര്‍മ്മിച്ച ട്രൂ ലൈഫ് എന്ന ഹ്രസ്വചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. വയനാടിന്റെ വിവിധ മേഖലകളില്‍ സവിശേഷ ശ്രദ്ധ പതിപ്പിച്ച വെളളമുണ്ടണ്‍ സ്വദേശി കുംഭ, കര്‍ഷകന്‍ ഷാജി എളുപ്പൂപ്പാറ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ദശവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കിടപ്പുരോഗികള്‍ക്ക് റേഡിയോ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ഡഡബ്ല്യു എസ് എസ് എസ് ഡയറക്ടര്‍ ഫാ.പോള്‍ കൂട്ടാല നിര്‍വ്വഹിച്ചു. പത്താംവാര്‍ഷികാഘോഷ പരിപാടികള്‍ക്ക് റേഡിയോ മാറ്റൊലി മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ മോണ്‍.അബ്രഹാം നെല്ലിക്കല്‍ അധ്യക്ഷത വഹിച്ചു.
എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി പ്രസ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് തലപ്പുഴ, മുന്‍ മാനേജിംഗ് കമ്മിറ്റി അംഗം മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, ആസ്യ പി.എം., സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ.ബിജോ കറുകപ്പിളളി, മാറ്റൊലിക്കൂട്ടം പ്രസിഡന്റ് ഷാജന്‍ ജോസ് സംസാരിച്ചു.












Click it and Unblock the Notifications