'ആര് ആരെ അപമാനിച്ചാലും പരാതി ഇല്ലാതെ കേസ്';സൈബര്‍ ക്രൈം ഭേദഗതിക്കെതിരെ ഗവര്‍ണറെ കണ്ട് ടിജി മോഹൻദാസ്
തിരുവനന്തപുരം; സംസ്ഥാന സർക്കാരിന്റെ സൈബർ നിയമ ഭേദഗതിക്കെതിരെ ബിജെപി നേതാവ് ടിജി മോഹൻദാസ്. സ്ത്രീകളെ അവഹേളിച്ച് കൊണ്ടുള്ള സോഷ്യൽ മീഡിയപ്രചരണത്തിനെതിരെ നടപടിയെടുക്കാൻ ശക്തമായ നിയമം നിലവിൽ ഇല്ലെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലായിരുന്നു നിയമ ഭേദഗതിക്ക് സർക്കാർ ഒരുങ്ങിയത്. എന്നാൽ 118എ നിലവില്‍ വന്നാല്‍ പിന്നെ സാധാരണ പ്രതികരണങ്ങളിൽ പോലും അനാവശ്യ കേസുകൾ എടുക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് ടിജി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ടിജി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. ഇത് സംബന്ധിച്ച് ടിജി പങ്കുവെച്ച കുറിപ്പ് വായിക്കാം

പോലീസിന് കേസെടുക്കാം
അപമാനിക്കുക അധിക്ഷേപിക്കുക അപകീർത്തിപ്പെടുത്തുക എന്നൊക്കെ പറഞ്ഞാൽ എന്താണ് നാം മനസ്സിലാക്കേണ്ടത്? മറ്റുള്ളവർക്ക് എന്തു തോന്നിയാലും ഒരാൾ അപമാനിക്കപ്പെട്ടു എന്ന് തീരുമാനിക്കേണ്ടത് അയാളല്ലേ? അതോ പോലീസ് ആണോ? ഗവർണറുടെ അംഗീകാരത്തിനായി
കേരള സർക്കാർ അയച്ചിരിക്കുന്ന ഒരു പുതിയ വകുപ്പനുസരിച്ച് (കേരള പോലീസ് ആക്റ്റ് സെക്‌ഷൻ 118എ) ഇനി ഒരാൾ അപമാനിക്കപ്പെട്ടാൽ അയാളുടെ പരാതി ഇല്ലാതെതന്നെ പോലീസിന് കേസെടുക്കാം.

രാഹുൽ ഗാന്ധി ജാമ്യം എടുക്കേണ്ടി വരും
ഉദാഹരണത്തിന് - രാഹുൽ ഗാന്ധി വയനാട്ടിൽ വന്ന് പ്രസംഗിക്കുന്നു - മോദി രാജ്യം കുത്തക മുതലാളിമാർക്ക് വിൽക്കുന്നു എന്ന്...
ഇപ്പോഴത്തെ നിയമമനുസരിച്ച് മോദിക്ക് വേണമെങ്കിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ വയനാട്ടിലെ ഏതെങ്കിലും മജിസ്ട്രേറ്റ് കോടതിയിൽ ഹർജി കൊടുക്കാം. മറ്റാർക്കും അതിൽ ഒന്നും ചെയ്യാനില്ല. പക്ഷേ പുതിയ വകുപ്പനുസരിച്ച് പ്രസംഗം കേട്ടു നിൽക്കുന്ന ഒരു പോലീസുകാരന് മോദിയെ അപകീർത്തിപ്പെടുത്തി എന്ന് പറഞ്ഞ് രാഹുൽ ഗാന്ധിയ്ക്കെതിരെ കേസെടുക്കാം. രാഹുൽ ഗാന്ധി ആ പോലീസ് സ്റ്റേഷനിൽ എത്തി ജാമ്യം എടുക്കേണ്ടി വരും.

പരാതി ഇല്ലാതെ തന്നെ
സോഷ്യൽ മീഡിയയിൽ ഇതുപോലെ ആര് ആരെ അപമാനിച്ചാലും പരാതി ഇല്ലാതെ തന്നെ പോലീസിന് കേസെടുക്കാം. രാഹുൽ ഗാന്ധിയെയോ മോദിയെയോ പോലീസ് ഒന്നും ചെയ്യില്ല. പക്ഷേ എന്നെയും ഇത് വായിക്കുന്ന എന്നെപ്പോലുള്ള സാധാരണക്കാരെയും ഉപദ്രവിക്കാൻ പോലീസിന് ഇത് ആയുധമാകും. പലരും ഈ വകുപ്പ് സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് എന്ന് ധരിച്ചിരിക്കുന്നു. സ്ത്രീ സംരക്ഷണത്തിനായി പോലീസ് ആക്റ്റിൽ 119 എന്ന വകുപ്പുണ്ട്. അതിന് പുതിയ വകുപ്പിന്റെ ആവശ്യമില്ല.

പതിനഞ്ചു മിനിറ്റ് മതി
എന്റെ കമന്റ് ബോക്സിൽ സ്ഥിരം വരുന്ന ഒരു ചോദ്യമാണല്ലോ - ഇന്ന് എത്ര കഞ്ചാവ് വലിച്ചു എന്നത്. എനിക്ക് അതിൽ വലിയ പ്രശ്നമൊന്നും തോന്നാറില്ല. പക്ഷേ ആ കമന്റ് വായിച്ച ഒരു പോലീസുകാരന് എഴുതിയ ആളിന്റെ പേരിൽ കേസെടുക്കാം. എന്റെ പരാതിയുടെ ആവശ്യം പോലുമില്ല. നിസ്സാര കാര്യങ്ങളിൽ പോലും അപമാനം അപകീർത്തി എന്നെല്ലാം പറഞ്ഞ് കേസുകളുണ്ടാകും. ഞാൻ അനോണിയല്ലേ എന്നെ ആരെന്തു ചെയ്യാൻ എന്ന് സമാധാനിക്കാൻ വരട്ടെ. അനോണിയെ കണ്ടുപിടിക്കാൻ സൈബർ സെല്ലിന് പതിനഞ്ചു മിനിറ്റ് മതി.

മേൽവിലാസം എനിക്കറിയാം
ഞാൻ വിദേശത്തല്ലേ എന്നും സമാധാനിക്കാൻ വരട്ടെ. ഇവിടെ ഒരു കേസ് നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടാൽ ഏതെങ്കിലും കാലത്ത് നിങ്ങൾ നാട്ടിൽ വരുമ്പോഴായിരിക്കും കേസ് പൊങ്ങി വരിക..എന്നെ ചീത്ത വിളിക്കുന്ന പലരുടെയും മേൽവിലാസം എനിക്കറിയാം. ഞാൻ ആരുടെയും പേരിൽ കേസ് കൊടുക്കാനൊന്നും പോകുന്നില്ല. പക്ഷേ 118എ നിലവിൽ വന്നാൽ പിന്നെ പോലീസ് സ്വമേധയാ ആയിരിക്കും കേസെടുക്കുക. എന്നെ നിങ്ങൾ അപമാനിച്ചോ ഇല്ലയോ എന്ന് പോലീസ് തീരുമാനിക്കും!

ഗവർണറെ കണ്ടു
ഇത് ശരിയല്ലെന്നും ഗവർണർ ഇത് അംഗീകരിക്കരുതെന്നും അപേക്ഷിക്കാനായി ഞാൻ ഇന്നലെ (29.10.2020) അദ്ദേഹത്തെ കണ്ടു. പ്രസക്തമായ സുപ്രീം കോടതി വിധിയും എന്റെ വാദങ്ങളും സമർപ്പിച്ചു. ഇനിയെല്ലാം അദ്ദേഹത്തിന്റെ തീരുമാനം. വകുപ്പിന് അദ്ദേഹം അംഗീകാരം നൽകിയാൽ പിന്നെ കോടതി തന്നെ ശരണം
'ഞങ്ങൾ സഖാക്കൾ.. ചേർത്തുപിടിക്കുക തന്നെ ചെയ്യും',; ബിനീഷിനെ പിന്തുണച്ച് ഐപി ബിനു
'20 അഭിഭാഷകരെ കൊണ്ടു വന്ന് ചോദ്യം ചെയ്യലുകൾ,മാനസിക പീഡനം'; വിചാരണ കോടതിക്കെതിരെ സർക്കാരും
'മിസ്റ്റർ മുഖ്യമന്ത്രി,കാപ്സ്യൂൾ നീട്ടിയെഴുതി വിലകളയേണ്ട';മുഖ്യമന്ത്രിയുടെ പോസ്റ്റിൽ വിടിയുടെ കമന്റ്
പിസി ജോർജിനും പിസി തോമസിനും മുന്നിൽ വൻ കടമ്പ, പാർട്ടിയായി യുഡിഎഫിൽ വരേണ്ടെന്ന് കോൺഗ്രസ്, കണ്ടീഷൻ