കറുത്തപ്രേതങ്ങള്‍, എംബാപ്പെയെ രാത്രി കണ്ടാല്‍ പേടിച്ച് പനിപിടിക്കും; വംശീയ അധിക്ഷേപവുമായി ടിജി മോഹന്‍ദാസ്
കൊച്ചി: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിന് പിന്നാലെ ഫ്രഞ്ച് താരങ്ങള്‍ക്ക് എതിരെ വംശീയ അധിക്ഷേപവുമായി ബി ജെ പി മുന്‍ ഐ ടി സെല്‍ അധ്യക്ഷന്‍ ടി ജി മോഹന്‍ദാസ്. ലോകകപ്പിലെ മികച്ച താരമായി മാറിയ കിലിയന്‍ എംബാപ്പെ അടക്കമുള്ള ഫ്രാന്‍സ് താരങ്ങളെ ആണ് നിറത്തിന്റേയും രൂപത്തിന്റേയും പേരില്‍ ടി ജി മോഹന്‍ദാസ് പരിഹസിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
'കറുത്ത പ്രേതങ്ങള്‍' എന്നാണ് കിലിയന്‍ എംബാപ്പെ ആടക്കമുള്ള താരങ്ങളെ ടി ജി മോഹന്‍ദാസ് തന്റെ ട്വീറ്റില്‍ വിശേഷിപ്പിച്ചത്. ടി ജി മോഹന്‍ദാസിന്റെ ട്വീറ്റ് ഇങ്ങനെയാണ്... 'ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പന്‍മാരായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്! ഇതിപ്പോ... എന്നേക്കാള്‍ കറുത്ത പ്രേതങ്ങള്‍ ആ എംബാപ്പെയെ രാത്രിയിലെങ്ങാന്‍ വഴിയില്‍ കണ്ടാല്‍ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ', എന്നായിരുന്നു ടി ജി മോഹന്‍ദാസിന്റെ ട്വീറ്റ്.

ഇതിന് എതിരെ ശക്തമായി വിമര്‍ശനമാണ് ഉയര്‍ന്നത്. ബോഡിഷെയിമിംഗും വര്‍ണവെറിയുമായാണ് ടി ജി മോഹന്‍ദാസിന്റെ ട്വീറ്റില്‍ ഉള്ളത് എന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തി. ചിലപ്പോള്‍ നിങ്ങളുടെ ട്വീറ്റുകള്‍ നിങ്ങളുടെ സ്വന്തം മാനസികാവസ്ഥയെയും സഹമനുഷ്യരെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളെയും പ്രതിഫലിപ്പിക്കുന്നു എന്നും ദയനീയമാണ് എന്നും ആയിരുന്നു ഒരാള്‍ ഇതിന് മറുപടി പറഞ്ഞത്.

ഇത്തരം വികലമായ കാഴ്ചപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല എന്നാണ് മറ്റൊരാളുടെ ട്വീറ്റ്. ശകലം ഗോമൂത്രം കുടിപ്പിച്ചാല്‍ മതിയോ എന്തോ എന്നാണ് മറ്റൊരാള്‍ ഇതിന് കമന്റ് ചെയ്തിരിക്കുന്നത്. ഈ നാട്ടിലെ ദളിതരോടും ഈ വംശീയവാദികളുടെ മനോഭാവം ഇതാണ്. 'എന്നെക്കാള്‍ നിറം കുറഞ്ഞ പ്രേതങ്ങള്‍' എന്ന് പറയുന്നത് ഉള്ളിലെ സവര്‍ണ്ണ സ്വത്വത്തിന്റെ അവശിഷ്ടമാണ്.

അവിടെ എംബാപ്പെയും ദളിതരും എല്ലാം 16 അടി മാറ്റി നിര്‍ത്തേണ്ടവരാണെന്ന ചിന്തയാണ് പ്രവര്‍ത്തിക്കുന്നത്.
ശുദ്ധ വംശീയവാദികളാണ് സംഘികള്‍ എന്നാണ് മറ്റൊരാള്‍ പറയുന്നത്. അതേസമയം വിമര്‍ശനം ശക്തമായതിന് പിന്നാലെ തന്റെ ട്വീറ്റിനെ ന്യായീകരിച്ച് കൊണ്ട് മറ്റൊരു ട്വീറ്റും അദ്ദേഹം പങ്കുവെച്ചു.

പണ്ട് എം പി നാരായണ പിള്ള എഴുതി:- ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാണാന്‍ കൊള്ളാവുന്ന ഒരേയൊരു മുഖം ഇന്ദിരാഗാന്ധിയാണ്. മറ്റു രാഷ്ട്രീയക്കാര്‍ക്കൊന്നും ഒരു ഭംഗിയുമില്ല. ജഗജീവന്‍ റാമിന്റെ ഫോട്ടോ പത്രത്തില്‍ കണ്ടാല്‍പ്പിന്നെ അന്ന് കഞ്ഞി കുടിക്കാന്‍ തോന്നുകയില്ല! ഇതൊക്കെ എന്താ വര്‍ണവെറിയാണോ? എന്നായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ട്വീറ്റ്












Click it and Unblock the Notifications