ഷാനിമോള്‍ 'മൂക്കാതെ പഴുത്തു': മുസ്തഫ
പെരുമ്പാവൂര്‍: വിഎം സുധീരനെ വിമര്‍ശിച്ച് കെപിസിസിക്ക് കത്തയച്ച ഷാനിമോള്‍ ഉസ്മാനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രി ടിഎച്ച് മുസ്തഫ. ഷാനിമോള്‍ ഉസ്മാന്‍ മൂക്കാതെ പഴുത്ത കോണ്‍ഗ്രസ്സുകാരിയാണെന്നാണ് മുസ്തഫ പറഞ്ഞത്.
ഷാനിമോള്‍ ഉസ്മാന് കോണ്‍ഗ്രസിന്റെ ഒരു പാരമ്പര്യവും അവകാശപ്പെടാനില്ല. ചിലര്‍ നല്‍കിയ വഴി വിട്ട സഹായങ്ങള്‍ കൊണ്ടാണ് ഇതുവരെ എത്തിയത്. സ്ഥാനാര്‍ത്ഥിയും എഐസിസി ജോയിന്റ് സെക്രട്ടറിയും ഒക്കെ ആയി. ഇങ്ങനെ മൂക്കാതെ പഴുത്തവര്‍ കോണ്‍ഗ്രസില്‍ ഇപ്പോഴും ഉണ്ടെന്നാണ് മുസ്തഫയുടെ ആരോപണം.

പെരുമ്പാവൂരിലെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു ഇത്തരം ആരോപണങ്ങള്‍. അതേസമയം വിഎം സുധീരനെ പ്രശംസിക്കാനും മുസ്തഫ മറന്നില്ല.
ഷാനിമോള്‍ ഉസ്മാന് വി എം സുധീരനെ ശരിക്കും അറിയില്ലെന്നാണ് മുസ്തഫയുടെ പക്ഷം. സ്ഥാന മോഹിയല്ലാത്തതിനാല്‍ സുധീരന്‍ ഒരു ഭീഷണിക്കും വഴങ്ങില്ല. ഒരു സ്വാധീനവും സുധീരന്റെ മുന്നില്‍ നടക്കില്ലെന്നും ടിഎച്ച് മുസ്തഫ പറഞ്ഞു. ബാര്‍ ലാസന്‍സിന്റെ പേരില്‍ ഏതെങ്കിലും കോണ്‍ഗ്രസ്സുകാരന്‍ ആരുടേയെങ്കിലും കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കുകയാവും നല്ലതെന്നും മുസ്തഫ പറഞ്ഞു.
പാമോലിന്‍ കേസില്‍ ആരോപണ വിധേയനയായ ആളാണ് ടിഎച്ച് മുസ്തഫ. ഇദ്ദഹം ഭക്ഷ്യമന്ത്രി ആയിരുന്നകാലത്താണ് പാമോലിന്‍ ഇടപാട് നടന്നത്. അന്ന് ഉമ്മന്‍ ചാണ്ടി ആയിരുന്നു ധനമന്ത്രി. പാമോലിന്‍ കേസില്‍ താന്‍ കുറ്റക്കാരനാണെങ്കില്‍ അന്നത്തെ ധനമന്ത്രിയായ ഉമ്മന്‍ ചാണ്ടിയും കുറ്റക്കാരനാണെന്ന് മുമ്പ് മുസ്തഫ പറഞ്ഞിരുന്നു.












Click it and Unblock the Notifications