തലൈവർ @കോഴിക്കോട്; രജനിയെ കുറിച്ച് സർപ്രൈസ് പൊട്ടിച്ച് മന്ത്രി മുഹമ്മദ് റിയാസ്..മറ്റൊരു സർപ്രൈസുമായി ലിച്ചിയും
കോഴിക്കോട്: തമിഴ് സൂപ്പർതാരം രജനീകാന്തിനൊപ്പമുള്ള ചിത്രവുമായി മന്ത്രി മുഹമ്മദ് റിയാസ്. രജനിയുടെ പുതിയ ചിത്രമായ ജയിലർ 2 വിന്റെ കോഴിക്കോട് നിന്നുള്ള ലൊക്കേഷൻ ചിത്രങ്ങളാണ് മന്ത്രി പങ്കുവെച്ചത്. 'നാൻ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി' എന്ന രജനി ചിത്രത്തിലെ പ്രശസ്തമായ ഡയലോഗോട് കൂടിയാണ് മന്ത്രി 'തലൈവർ'ക്കൊപ്പമുള്ള ചിത്രം പങ്കിട്ടത്.
കോഴിക്കോട് ചെറുവണ്ണൂരിൽ വെച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചായണ് സിനിമയുടെ കോഴിക്കോട് ഷെഡ്യൂൾ ആരംഭിച്ചത്. 20 ദിവസത്തോളം ഇവിടെ ഷൂട്ടിങ് നടക്കുമെങ്കിലും 6 ദിവസമാണ് രജനി കോഴിക്കോട് ഉണ്ടാകുക. ചെറുവണ്ണൂരിൽ മാത്രമല്ല കോഴിക്കോട് മറ്റ് ചില ലൊക്കേഷനുകൾ കൂടി സിനിമയ്ക്കായി കണ്ടുവെച്ചിട്ടുണ്ടെന്നാണ് സൂചന.

ജയിലർ 2 വിന്റെ മുഖ്യ ലൊക്കേഷൻ കേരളമാണ്. പാലക്കാടാണ് ആദ്യ ഷൂട്ടിങ് പൂർത്തിയാക്കിയത്. അട്ടപ്പാടി, ഷോളയൂർ ഗോഞ്ചിയൂർ, ആനകട്ടി എന്നിവിടങ്ങളിലായി ഇവിടെ ഏകദേശം 20 ദിവസത്തോളമായിരുന്നു ഷൂട്ടിങ്. തുടർന്നാണ് സിനിമ സംഘം ചെറുവണ്ണൂരിലെത്തിയത്.
എന്തായാലും മന്ത്രിയുടെ പോസ്റ്റിലൂടെ ജയിലർ 2 വിലെ രജനിയുടെ ലുക്ക് കാണാൻ സാധിച്ച സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ കേരളത്തിലുള്ള ആരാധകർ. ഫോട്ടെയൊക്കെ കാണുമ്പോൾ സൂപ്പർ താരത്തെ ഒരുനോക്ക് കാണാൻ സാധിച്ചെങ്കിൽ എന്നൊക്കെ തോന്നിയേക്കാമെങ്കിലും അത് നടപ്പില്ല. കനത്ത സുരക്ഷയിലാണ് ഷൂട്ടിങ് നടക്കുന്നത്. അതുകൊണ്ട് തന്നെ പൊതുജനങ്ങൾക്ക് അത്ര എളുപ്പത്തിൽ ഷൂട്ടിങ്ങ് കാണാൻ സാധിച്ചേക്കില്ല.
അതേസമയം സിനിമയിലെ രജനിയുടെ ലുക്കിലെ സർപ്രൈസ് മന്ത്രി പൊട്ടിച്ചപ്പോൾ നടി ലിച്ചിയും (അന്ന രാജൻ) ആരാധകരുമായി ഒരു സർപ്രൈസ് പങ്കുവെച്ചിട്ടുണ്ട്. താനും ജയിലർ 2 വിൽ അഭിനയിക്കുന്നുണ്ടെന്നാണ് ലിച്ചി അറിയിച്ചത്. ഇതിഹാസ താരമായ രജനികാന്തിനെ നേരിട്ടു കണ്ടുവെന്നും അദ്ദേഹത്തിനൊപ്പം 'ജയിലർ2'വിൽ അഭിനയിക്കാൻ സാധിച്ചത് വലിയ കാര്യമാണെന്നും ലിച്ചി പറഞ്ഞു. എന്നാൽ സിനിമയിൽ ലിച്ചിയുടെ കഥാപാത്രമെന്താണ് എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ച ജയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2. 2023 ൽ തീയറ്ററിൽ എത്തിയ ആദ്യ ഭാഗം സൂപ്പർ ഹിറ്റായിരുന്നു. ആഗോള ബോക്സ് ഓഫിസില്‍ നിന്ന് 600 കോടിയിലേറെയായിരുന്നു ജയിലർ നേടിയത്. നടൻ വിനായകനായിരുന്നു സിനിമയിൽ വില്ലനായി എത്തിയത്. രണ്ടാം ഭാഗത്തിൽ സുരാജ് വെഞ്ഞാറമൂടാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.












Click it and Unblock the Notifications