6 വയസുകാരനെ കാത്ത് ആശുപത്രിക്ക് മുന്നില്‍ ആ സമ്മാനമുണ്ടാകും; ഉറപ്പുമായി സ്വര്‍ണ വ്യാപാരി
രാജസ്ഥാനി സ്വദേശിയായ ആറ് വയസ്സുകാരന്‍ ഗണേശിനെ കാറില്‍ ചാരി നിന്നതിന്റെ പേരിലാണ് കാറുടമ ശിഹ്ഷാദ് ചവിട്ടിമാറ്റിയത്. മനസാക്ഷിയില്ലാത്ത പ്രവൃത്തി എന്നാണ് കേരളം ഒട്ടാകെ ഇയാളുടെ ഈ പ്രവൃത്തിയെക്കുറിച്ച് പറഞ്ഞത് സംഭവത്തില്‍ ഇയാള്‍ അറസ്റ്റിലാവുകയും ചെയ്തു. എങ്കിലും എന്തിനാണ് തന്നെ അയാള്‍ ചവിട്ടയതെന്ന് അറിയാതെ പകച്ചുനില്‍ക്കുന്ന ആറുവയസുകാരന്റെ മുഖം ഇപ്പോഴും വേദനയായി തന്നെ മലയാളികളുടെ മനസ്സിലുണ്ട്. സംഭവത്തെ അപലപിച്ച് ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ വളരെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിട്ടുള്ളത്. ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന ആറ് വയസുകാരന്‍ ചികിത്സകഴിഞ്ഞ് പുറത്തേക്ക് വരുമ്പോള്‍ അവനെ കാത്ത് ഒരു സന്തോഷവാര്‍ത്ത ഉണ്ടാവും. ആ കുഞ്ഞ് മനസ്സ് തീര്‍ച്ചയായും സന്തോഷിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

തിരുവനന്തപുരത്തെ അച്ചായന്‍സ് ഗോള്‍ഡ് ആണ് കുട്ടിക്ക് വേണ്ടി ഈ സന്തോഷം ഒരുക്കുന്നത്. സർക്കാർ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ കാണാന്‍ അച്ചായന്‍സ് ഗോള്‍ഡ് എംഡി ടോണി വര്‍ക്കിച്ചനും ജനറല്‍ മാനേജര്‍ സുനില്‍ കുര്യനും എത്തിയിരുന്നു. കുട്ടിയെ കണ്ട ഇവര്‍ ഇരുപതിനായിരം രൂപ നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ടോണി വര്‍ക്കിച്ചന്‍ ഇക്കാര്യം പറഞ്ഞത്. സംഭവം എന്താണെന്ന് അറിയണ്ടേ...

ആശുപത്രിയിൽ എത്തിയ ഇവർ കുട്ടിയുടെ മാതാപിതാക്കളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പരിഭ്രാന്തരായ കുട്ടിക്കും രക്ഷിതാക്കൾക്കും കൗൺസലിംഗ് ലഭ്യമാക്കും എന്നാണ് ടോണി വർക്കിച്ചൻ പറഞ്ഞത്. ചികിത്സ കഴിഞ്ഞ് കുട്ടി ആശുപത്രി വിട്ടാൽ തന്റെ കാർണിവൽ കാറിലിരുത്തി ഔട്ടിംഗിന് കൊണ്ടു പോകും എന്നും അദ്ദേഹം പറഞ്ഞു. കാറിൽ ഇരുത്തി ഔട്ടിംഗു മാത്രമല്ല പുതുവസ്ത്രങ്ങളും മറ്റുസഹായങ്ങളും വാഗ്ദാനം ചെയ്താണ് ടോണി വർക്കിച്ചൻ മടങ്ങിയത്.

അതേസമയം, ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ രക്ഷിതാക്കളിൽ നിന്നും ബാലാവകാശ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും. കുട്ടിയെ ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു.

സംഭവത്തിൽ തലശ്ശേരി സ്വദേശിയായ യുവാവിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കാൻ മുഹമ്മദ് ശിഹ്ഷാദിന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എ.സി ഷീബ നോട്ടീസ് നൽകി.












Click it and Unblock the Notifications