ഫ്രഷ്‌കട്ട് മാനേജര്‍ കണ്ണൂരില്‍ രാഷ്ട്രീയ നേതാവുമായി ചര്‍ച്ച നടത്തി; പോലീസിനെ വിമര്‍ശിച്ച് എംകെ മുനീര്‍
താമരശേരിയിലെ ഫ്രഷ്‌കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരത്തില്‍ രാഷ്ട്രീയ നേതാക്കളുടെ കൊമ്പുകോര്‍ക്കല്‍. സമരക്കാര്‍ക്കിടയിലേക്ക് കമ്പനിയുടെ വാഹനം കടത്തിവിടാന്‍ പോലീസ് ബലമായി ശ്രമിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം എന്ന് മുസ്ലിം ലീഗ് പറയുന്നു. എന്നാല്‍ എസ്ഡിപിഐ ആണ് സംഘര്‍ഷമുണ്ടാക്കിയത് എന്ന് സിപിഎം ആരോപിച്ചു.
ഫ്രഷ്‌കട്ട് പ്ലാന്റിനെതിരായ സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പോലീസ് സമരക്കാരെ നേരിട്ടത് ക്രൂരമായിട്ടാണ് എന്നാണ് വിമര്‍ശനം. എന്നാല്‍ സമരക്കാരാണ് കുഴപ്പമുണ്ടാക്കിയത് എന്ന് പോലീസ് പറയുന്നു. സിപിഎം ഈ വാദം ഏറ്റുപിടിക്കുന്നുണ്ട്. നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് പ്രാദേശിക ഹര്‍ത്താല്‍ ആചരിച്ചു.

മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എംകെ മുനീര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം:
''ഡി.ഐ.ജിയുടെ പ്രസ്താവന ഫ്രഷ്‌കട്ട് മുതലാളിയുടെ ഭാഷയില്‍;
സംഘര്‍ഷത്തില്‍ ഗൂഢാലോചന, സമഗ്രാന്വേഷണം വേണം
കഴിഞ്ഞ ദിവസം താമരശ്ശേരിയിലെ ഫ്രഷ്‌കട്ട് അറവു മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ ജനകീയ സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ സമഗ്രമായ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം ആവശ്യമാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഡി.ഐ.ജി നടത്തിയ പ്രസ്താവനകള്‍ ഫ്രഷ്‌കട്ടിന്റെ മുതലാളിയുടെ ഭാഷയിലാണ്. പ്രദേശത്തെ ജനങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ഒരു വാക്ക് പോലും പറയാന്‍ അദ്ദേഹം തയ്യാറായില്ല എന്നതും സമരക്കാരെ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ പേരില്‍ ചാപ്പ കുത്താനുമാണ് ഡി.ഐ.ജി ശ്രമിക്കുന്നത്. ഫ്രഷ്‌കട്ട് മാനേജര്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
ഫ്രഷ് കട്ടില്‍ സമരം ചെയ്തവര്‍ക്ക് നേരെ ഉണ്ടായ അതിക്രമം സര്‍ക്കാരിന്റെ അറിവോടെ പോലീസ് നടത്തിയതാണ്. സമരക്കാര്‍ക്കിടയിലേക്ക് ഫ്രഷ്‌കട്ട് കമ്പനിയുടെ വാഹനം കടത്തിവിടാന്‍ പോലീസ് എന്തിനാണ് ധൃതി കാണിച്ചതെന്നും പരിശോധിക്കണം. 'സമരക്കാര്‍ക്കിടയിലേക്ക് വാഹനം കടത്തിവിടാന്‍ പോലീസ് ബലമായി ശ്രമിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്. ഇത് തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ടിയര്‍ ഗ്യാസും ലാത്തിച്ചാര്‍ജ്ജും നടത്തിയത്.
ഫ്രഷ്‌കട്ട് സ്ഥാപനത്തിനകത്ത് നടന്ന അക്രമ സംഭവങ്ങള്‍ അപലപനീയമാണ്. 'പോലീസ് കാവലിലായിരുന്ന കമ്പനിക്കുള്ളിലേക്ക് സമരക്കാര്‍ പ്രവേശിച്ചു എന്നത് അവിശ്വസനീയമാണ്, കമ്പനിക്കകത്ത് ആരാണ് അക്രമം നടത്തിയതെന്ന് പരിശോധിക്കണം. കള്ളക്കേസ് ചുമത്തി സമരക്കാരെ വേട്ടയാടാന്‍ അനുവദിക്കില്ല. പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കാനാവില്ല, അവര്‍ക്ക് നീതി ഉറപ്പാക്കും.''












Click it and Unblock the Notifications