ശശി തരൂരിന് തറവാടി നായർപട്ടം: കോസ്റ്റ്യൂം പൂർണ്ണമാവാം ഇതുകൂടി വേണമെന്ന് അശോകന്‍ ചരുവില്‍
കോഴിക്കോട്: തിരുവനന്തപുരം ലോക്സഭ എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ എന്‍ എസ് എസ് സെക്രട്ടറി തറാവാടി നായർ എന്ന് വിശേഷിപ്പിച്ചതിലും അതിനെതിരായ പ്രതിഷേധങ്ങള്‍ ഉയർന്ന് വരാത്തതിലും രൂക്ഷ വിമർശനവുമായി പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി അശോകന്‍ ചരുവില്‍. ശശി തരൂർ തൻ്റെ ജാതിനേതാവിൻ്റെ അടുത്തു പോയി ആത്മപുളകത്തോടെ "തറവാടിനായർ" പട്ടം സ്വീകരിക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടിട്ട് ദിവസങ്ങളായി. യാതൊരു വിധ അസ്വസ്ഥതയും അത് കേരളീയ മനസ്സാക്ഷിയിൽ ഉണ്ടാക്കിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണെന്നാണ് അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ശശി തരൂർ തൻ്റെ ജാതിനേതാവിൻ്റെ അടുത്തു പോയി ആത്മപുളകത്തോടെ "തറവാടിനായർ" പട്ടം സ്വീകരിക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടിട്ട് ദിവസങ്ങളായി. യാതൊരു വിധ അസ്വസ്ഥതയും അത് കേരളീയ മനസ്സാക്ഷിയിൽ ഉണ്ടാക്കിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആധുനിക ആംഗലേയ സാഹിത്യകാരനും, ഡിപ്ലോമേറ്റും തിരുവനന്തപുരം എ.പി.യുമായ ഒരാൾക്ക് നിർബന്ധമായും ഉണ്ടാകേണ്ട ഒരു ബഹുമതിയാണ് "തറവാടിനായർ" എന്ന് ആളുകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് തോന്നുന്നു. തറവാടിനായർ ഉണ്ടെങ്കിൽ തറവാടിയല്ലാത്ത നായരും ഉണ്ടാകണമല്ലോ. അടിച്ചുതെളിക്കാരിയുടെ മകനായി ജനിച്ച് സെക്രട്ടേറിയറ്റ് പണിയാൻ കല്ലു ചുമന്നയാളാണ് ചട്ടമ്പിസ്വാമികൾ. അദ്ദേഹം ഏതു ഗണത്തിൽ പെടുമെന്നു നിശ്ചയമില്ല.

രാജ്യത്തിൻ്റെ ഭരണം ബ്രാഹ്മണിക് സ്വത്വവാദികൾ പിടിച്ചെടുത്തതോടെ "ഇത്തറവാടിത്തഘോഷണങ്ങളും" ശക്തിപ്പെട്ടതായി കാണുന്നു. നായർ തറവാടികൾക്കും ഈഴവ തറവാടികൾക്കും സുറിയാനി ക്രൈസ്തവ തറവാടികൾക്കും നവ ബ്രാഹ്മണിക് ഹിന്ദുത്വത്തിൽ ഇടം കിട്ടും എന്ന പ്രതീക്ഷ നിലനിൽക്കുന്നുണ്ട്.
സാമൂഹ്യമായും സാമ്പത്തികമായും തങ്ങൾക്കു പിന്നിലായി പോകുന്ന മനുഷ്യവിഭാഗങ്ങളെ ചവിട്ടിയരച്ചു കൊണ്ട് ഈ സ്ഥാനം നേടാൻ ആർക്കും കഴിയും എന്ന ഉദാരവൽക്കരണവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതെക്കെയുണ്ടെങ്കിലും അഭിലാഷ് നായരും ചിഞ്ചുനമ്പീശനും പറയുന്നത് അടിച്ചമർത്തപ്പെടുന്ന ദളിതനും മുസ്ലീമും ഒന്നു തിരിഞ്ഞു നിൽക്കുന്നതിൻ്റെ പേരാണ് ജാതി എന്നാണ്.
തോളിലൊരു കസവുനേര്യതു കൊണ്ടു മാത്രം തറവാടിനായരുടെ കോസ്റ്റ്യൂം പൂർണ്ണമാവുകയില്ലെന്ന് തരൂരിനെ ഓർമ്മിപ്പിക്കട്ടെ. കയ്യിലൊരു വെള്ളികെട്ടിച്ച ചൂരൽ അത്യാവശ്യമുണ്ട്. അരയിൽ ഒരു വാളോ കത്തിയോ ഉണ്ടായാൽ നന്ന്. കയ്യിലൊരു തീപ്പെട്ടിയോ സിഗരറ്റ് ലൈറ്ററോ കരുതുന്നതും ഉചിതം. തൻ്റെ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ അയ്യങ്കാളി കെട്ടിയുണ്ടാക്കിയ സ്കൂൾ കത്തിക്കേണ്ടതല്ലേ? നെയ്യാർ അരുവിപ്പുറത്ത് ഒരു അവർണ്ണ ജാതിക്കാരൻ വന്ന് ശിവപ്രതിഷ്ഠ നടത്തിയതിൽ രോഷംപൂണ്ട് സ്വയം കുത്തി മരിക്കാൻ തെരുവിലിറങ്ങിയ നെയ്യാറ്റിൻകരയിലെ നായർമാടമ്പിയെ മാതൃകയാക്കാവുന്നതാണ്.












Click it and Unblock the Notifications