'ആ പെണ്‍കുട്ടി നേരിട്ട് വിളിച്ചു': ശ്രീനാഥ് ഭാസി വിഷയത്തിലെ എഫ്ബി കുറിപ്പ് പിന്‍വലിച്ച് ദീപ നിശാന്ത്
കൊച്ചി: ചാനല്‍ അവതാരകയോട് ശ്രീനാഥ് ഭാസിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ താരത്തെ പിന്തുണച്ച നിലപാട് തിരുത്തി അധ്യാപിക ദീപ നിശാന്ത്. അവതാരക നേരിട്ട് വിളിച്ചതിന് പിന്നാലെയാണ് ദീപ നിശാന്ത് തന്റെ മുന്‍നിലപാട് തിരുത്തകയും പഴയ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തത്.
ക്ഷമ ചോദിക്കാനുള്ള അവസരങ്ങൾ ഉണ്ടായിട്ടും ,അതിന് സമയം കൊടുത്തിട്ടും അയാൾ പ്രകോപിപ്പിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തത് ആ പെൺകുട്ടി നേരിട്ട് പറഞ്ഞാൽ പിന്നെയും ആ പോസ്റ്റ് നിലനിർത്തുന്നത് ശരിയല്ല എന്ന ബോധ്യത്തിൽ പോസ്റ്റ് പിൻവലിക്കുന്നുവെന്ന് ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിക്കുന്നു.

''ശ്രീനാഥ് ഭാസിയാൽ വാക്കുകൾ കൊണ്ട് അപമാനിക്കപ്പെട്ട പെൺകുട്ടി വിളിച്ചിരുന്നു. അവരനുഭവിച്ച അപമാനത്തിൻ്റെ ആഴത്തെപ്പറ്റി കേട്ടു. തൊഴിലിടത്തിൽ നേരിടേണ്ടി വരുന്ന ഇത്തരം അപമാനങ്ങൾ അവരുടെ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും മുറിപ്പെടുത്തുന്നതാണ്. ഇപ്പോഴത്തെ മാപ്പ് പറച്ചിലിൽ അവർക്ക് വിശ്വാസ്യതയില്ല''- ദീപ നിശാന്ത് അഭിപ്രായപ്പെടുന്നു.

അവർ നിയമപരമായിത്തന്നെ മുന്നോട്ടു നീങ്ങുകയാണ്. ക്ഷമ ചോദിക്കാനുള്ള അവസരങ്ങൾ ഉണ്ടായിട്ടും ,അതിന് സമയം കൊടുത്തിട്ടും അയാൾ പ്രകോപിപ്പിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തത് എന്ന് വെർബൽ അബ്യൂസിനിരയായ പെൺകുട്ടി നേരിട്ട് പറഞ്ഞാൽ പിന്നെയും ആ പോസ്റ്റ് നിലനിർത്തുന്നത് ശരിയല്ല എന്ന ബോധ്യത്തിൽ പോസ്റ്റ് പിൻവലിക്കുന്നു. ഒരു പെൺകുട്ടിയുടെ അനുഭവത്തെ, വൈകാരികതയെ പൂർണ്ണാർത്ഥത്തിൽ ബഹുമാനിക്കുന്നുവെന്നും അധ്യാപിക കൂട്ടിച്ചേർത്തു.

തെറി വിളിക്കുന്നത് കേട്ടപ്പോൾ, അപമാനിക്കുന്നതു കേട്ടപ്പോൾ ദേഷ്യവും വെറുപ്പും തോന്നിയതാണ്, പക്ഷെ നിരുപാധികം ക്ഷമ ചോദിക്കുന്നതു കേട്ടപ്പോൾ ഇയാളോടുള്ള വിദ്വേഷം അലിയുന്നു എന്നായിരുന്നു ദീപ നിശാന്ത് നേരത്തെ പങ്കുവെച്ച് കുറിപ്പ്. വിവിധ സമ്മർദ്ദങ്ങൾക്കിടയിൽ ഉള്ളിൽ നിന്നും തെറിച്ചു പോയ വാക്കുകളാവാം എന്നും അധ്യാപിക പറഞ്ഞിരുന്നു. ദീപ നിശാന്തിന്റെ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

അപ്പുറത്തിരിക്കുന്ന ആളെ തെറി വിളിക്കുന്നത് കേട്ടപ്പോൾ, അപമാനിക്കുന്നതു കേട്ടപ്പോൾ ദേഷ്യവും വെറുപ്പും തോന്നിയതാണ്.. ഇഷ്ടമില്ലാത്ത ചോദ്യങ്ങളാണെങ്കിൽ ഇയാൾക്ക് എഴുന്നേറ്റങ്ങ് പോയാ മതിയായിരുന്നല്ലോ എന്ന് തോന്നിയതാണ്.. പക്ഷേ ഇതു കാണുമ്പോൾ, ഈഗോയുടെ മുഖാവരണമില്ലാതെ ഇയാളിങ്ങനെ നിരുപാധികം ക്ഷമ ചോദിക്കുന്നതു കേട്ടപ്പോൾ ഇയാളോടുള്ള വിദ്വേഷം അലിയുന്നു.. അങ്ങനെ ക്ഷമ ചോദിക്കാൻ എല്ലാവർക്കും സാധിക്കില്ല. പലപ്പോഴും പലരോടും എനിക്ക് കഴിഞ്ഞിട്ടില്ല..

വിവിധ സമ്മർദ്ദങ്ങൾക്കിടയിൽ ഉള്ളിൽ നിന്നും തെറിച്ചു പോയ വാക്കുകളാവാം.. ഇത്രയ്ക്ക് വലിയ ആൾക്കൂട്ടാക്രമണം താങ്ങാനുള്ള മനസ്സ് എല്ലാ മനുഷ്യർക്കും ഉണ്ടാകണമെന്നില്ല. വാക്കുകൾക്ക് ചിലപ്പോൾ ആളെ കൊല്ലാനുള്ള പ്രഹരശേഷിയുണ്ട്... പൊറുക്കാൻ പറ്റുന്നതാണെങ്കിൽ പൊറുക്കാവുന്നതാണ്.-കുറിപ്പ് അവസാനിക്കുന്നു.

അതേസമയം, നടിയുടെ പരാതിയില്‍ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മരട് പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിനായി എത്തിയ നടനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ഐപി സി 354 എ (1) (4), 294 ബി, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇത്.












Click it and Unblock the Notifications