കോണ്‍ഗ്രസിനെ പരാജയത്തിലേക്ക് നയിച്ചത് ആ ധാരണ: വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടേണ്ടി വന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങള്‍ ജയിച്ചുകഴിഞ്ഞുവെന്ന സ്വയം ധാരണയാണ് കോണ്‍ഗ്രസിനെ ആപത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കാം എന്ന് കരുതിയെങ്കിലും തങ്ങളുമായി യോജിക്കാന്‍ കഴിയുന്ന പാർട്ടികളുമായി സഖ്യത്തിന് കോണ്‍ഗ്രസ് ശ്രമിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.
'രാജ്യം നാലിടത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. 2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പായി ഇതിനെ കണ്ടു. തെലങ്കാന ഒഴികെ ജനങ്ങള്‍ ആകെ പ്രതീക്ഷിച്ചത് ബി ജെ പി തകര്‍ച്ചയായിരുന്നു. എന്നാല്‍ ബി ജെ പിയെ നേരിടുമ്പോള്‍ ആകാവുന്ന അത്ര യോജിച്ച നില ഉണ്ടാക്കുകയെന്നതായിരുന്നു പ്രധാനപ്പെട്ട കാര്യം. എന്നാല്‍ അത് സംഭവിച്ചില്ല. ' മുഖ്യമന്ത്രി പറഞ്ഞു.

രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ സമാജ്‍വാദി പാര്‍ട്ടിയോട് സ്വീകരിച്ച നിലപാടില്‍ അഖിലേഷ് യാദവ് മുന്നറിയിപ്പ് നല്‍കിയതായിരുന്നു. ബിജെപി രാജ്യത്ത് നടത്തുന്ന തെറ്റായ നയങ്ങളെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. കമല്‍നാഥ് ബി ജെ പിയുടെ ബി ടീം ആയി പ്രവര്‍ത്തിച്ചു. വര്‍ഗീയതക്കെതിരെ നിലപാട് സ്വീകരിക്കുന്നതിന് പകരം അതിന്റെ ഭാഗമായി നിലകൊണ്ടു. വര്‍ഗീയതയ്ക്കെതിരായ നിലപാട് തിരഞ്ഞെടുപ്പില്‍ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു.
അതേസമയം, അസാധ്യമായതൊന്നുമില്ല എന്ന് ലോകത്തിന് കാണിച്ചു കൊടുത്ത നാടാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്തുണയും ഐക്യവുമുള്ള നാട്ടിൽ അസാധ്യമായി ഒരു കാര്യവുമില്ല. കോവിഡും പ്രളയവും കാലവർഷക്കെടുതികളും ഓഖിയും നിപയും പ്രതിസന്ധികൾ ജനങ്ങളുടെ ഒരുമ കൊണ്ട് നേരിട്ട നാടാണിത്. വലിയ സാമ്പത്തിക ഞെരുക്കത്തിൽപെട്ടപ്പോൾ സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ഗഡുക്കളായി വായ്പ നൽകുന്ന സാലറി ചലഞ്ചിന് സർക്കാർ ആഹ്വാനം ചെയ്തു.
സർക്കാർ ജീവനക്കാരുടെ ശമ്പളം പോലും നൽകാൻ കഴിയാത്ത സാഹചര്യം വരുമെന്ന് കണ്ട് കൈക്കൊണ്ട നടപടിയാണത്. ഭൂരിഭാഗം ജീവനക്കാരും ഒപ്പം നിന്നപ്പോൾ ഒരു വിഭാഗം മാറി നിന്നു. പ്രതിപക്ഷം ആ ഘട്ടത്തിലും ബഹിഷ്കരണം ആഹ്വാനം ചെയ്തെങ്കിലും ചലഞ്ച് വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൂടുതൽ പുരോഗതി ആഗ്രഹിക്കുന്ന നാടാണ് നമ്മുടേത്. ബജറ്റ് വിഹിതം കൊണ്ടുമാത്രം ഈ ആഗ്രഹത്തിനൊപ്പം നിൽക്കാനാകില്ലെന്ന് കണ്ടാണ് കിഫ്ബി രൂപീകരിച്ചത്. മലർപൊടിക്കാരൻ്റെ സ്വപ്നം എന്നുതുടങ്ങി ധാരാളം പരിഹാസമുണ്ടായി. 50000 കോടിയുടെ പദ്ധതികളാണ് ഉദ്ദേശിച്ചതെങ്കിലും ആദ്യ അഞ്ചു വർഷം കൊണ്ട് 62000 കോടി രൂപയുടെ വികസനം കൊണ്ടുവരാനായി. തുടർന്നുള്ള രണ്ടു വർഷങ്ങളിൽ അത് 80000 കോടിയും നിലവിൽ 82000 കോടിയുമായി നാടിൻ്റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കുകയാണ്. നാടിൻ്റെ മുഖച്ഛായ മാറുകയാണ്. മാറ്റം നാടിനുണർവും ആഹ്ലാദവും പകരുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications