'അതുകൊണ്ടാണ് സുരേഷ് ഗോപി ചെയ്യുന്നതെല്ലാം ആളുകളെ ചിരിപ്പിക്കുന്ന കോമാളിത്തരങ്ങളായി മാറുന്നത്';എംഎ ബേബി
തൃശൂർ: എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് വേണ്ടി പല വി ഐ പികളടം കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന മകൻറെ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി സിപിഎം നേതാവ് എംഎ ബേബി. കലാകാരൻറെ യഥാർത്ഥ മനസ്സ് ഉള്ള ഒരാൾക്ക് രാജ്യത്തെ എല്ലാ ആവിഷ്കാരസ്വാതന്ത്ര്യത്തിനും മറയിട്ട അധമ രാഷ്ട്രീയത്തിനുവേണ്ടി നില്ക്കാൻ ആവില്ലെന്നും വർഗീയ രാഷ്ട്രീയത്തിനായി നില്ക്കുന്നതിനാലാണ് സുരേഷ് ചെയ്യുന്നതെല്ലാം ആളുകളെ ചിരിപ്പിക്കുന്ന കോമാളിത്തരങ്ങളായി മാറുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കലാകാരരിൽ അതുല്യനാണ് കലാമണ്ഡലം ഗോപി ആശാൻ. നാട്ടിൽ കലാപ്രതിഭകൾ വിവിധതരമാണ്. അവരോടൊക്കെ ബഹുമാനമുണ്ട്. ഇടിപ്പടത്തിലെ നായകർ പോലും നമ്മെ രസിപ്പിക്കുന്നവർ എന്ന നിലയിൽ ഒട്ടൊക്കെ ബഹുമാനം അർഹിക്കുന്നു. പക്ഷേ, അവർ കലാമണ്ഡലം ഗോപിയാശാനെപ്പോലെ ഒരു അവതാരപുരുഷന് വിലയിടരുത്. ഗോപിയാശാന്റെ അസാമാന്യ പ്രതിഭ ജന്മസിദ്ധവും , അസാധാരണസാധകത്തിലൂടെയും രാമൻകുട്ടിനായരാശാനെപ്പോലെ അത്ഭുതസിദ്ധിയുള്ള ഗുരുക്കന്മാരുടെ മാർഗ്ഗനിർദ്ദേശത്തിലൂടെയും വികസിപ്പിച്ചെടുത്തതാണ്. അതിനാലാണ് അവതാരപുരുഷൻ എന്ന് ഒരർത്ഥത്തിൽ വിശേഷിപ്പിച്ചത് .

ഭൂരിപക്ഷ മതത്തിന്റെ ഹീനമായവർഗ്ഗീയ-ആധിപത്യരാഷ്ട്രീയത്തിന് ആത്മാവ് പണയപ്പെടുത്തിയ ആളാണ് സുരേഷ്. സുരേഷിൽ ഉണ്ടായിരുന്ന കലാകാരനെ അങ്ങിനെ സുരേഷ് റദ്ദു ചെയ്തു. കലാകാരൻറെ യഥാർത്ഥ മനസ്സ് ഉള്ള ഒരാൾക്ക് ഇവർ മുസ്ലിം, ഇവർ ക്രിസ്ത്യാനി, ഇവർ താണജാതി എന്നു പറയുന്ന വർഗ്ഗീയരാഷ്ട്രീയത്തിനുവേണ്ടി, രാജ്യത്തെ എല്ലാ ആവിഷ്കാരസ്വാതന്ത്ര്യത്തിനും മറയിട്ട അധമ രാഷ്ട്രീയത്തിനുവേണ്ടി നില്ക്കാൻ ആവില്ല. വർഗീയ രാഷ്ട്രീയത്തിനായി നില്ക്കുന്നതിനാലാണ് സുരേഷ് ചെയ്യുന്നതെല്ലാം ആളുകളെ ചിരിപ്പിക്കുന്ന കോമാളിത്തരങ്ങളായി മാറുന്നത്', അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.
'സുരേഷ് ഗോപിക്ക് വേണ്ടി പല വി ഐ പികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്‌നേഹവും ബഹുമാനവും കളയരുത്. പലരും സ്‌നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത് നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണ്. നിങ്ങളോടുള്ള ബഹുമാനം മുതലാക്കാന്‍ നോക്കരുത്.' എന്നായിരുന്നു ഗോപിയാശാന്റെ മകന്‍ രഘു ഗുരുകൃപയുടെ പോസ്റ്റ്. എന്നാൽ പാര്‍ട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്നും ഒരാളെയും ഗോപിയാശാനെ കാണുന്നതിനായി ചുമതല ഏല്‍പ്പിച്ചിട്ടില്ലെന്നുമാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്.












Click it and Unblock the Notifications