പുസ്തകമെഴുതിയത് മുഖ്യമന്ത്രിയുടെ അറിവോടെ, പ്രകാശനം ചെയ്യാമെന്ന് വരെ സമ്മതിച്ചിരുന്നു; ജേക്കബ് തോമസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങിയ സാഹചര്യത്തില്‍ പ്രതികരണവുമായി മുന്‍ ഡി ജി പി ജേക്കബ് തോമസ്. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന തന്റെ പുസ്തകം എഴുതുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമായ അറിവുണ്ടായിരുന്നതായി ജേക്കബ് തോമസ് പറഞ്ഞു. പുസ്തക രചനയുടെ പേരിലാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. പിന്നാലെ ക്രൈംബ്രാഞ്ച് കേസുമെടുത്തു. 2016- 2017 ലാണ് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം പ്രകാശനത്തിന് തയാറായതെന്ന് അദ്ദേഹം പറഞ്ഞു.
അന്ന് വിജിലന്‍സ് ഡയറക്ടറായിരുന്നതിനാല്‍ മുഖ്യമന്ത്രിയുമായി പതിവായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ കാര്യങ്ങള്‍ക്കൊപ്പം പുസ്തക രചനയുടെ കാര്യവും പറയാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തന്നെ പുസ്തകം പ്രകാശനം ചെയ്യാമെന്ന് സമ്മതിച്ചിരുന്നതാണെന്നും എന്നാല്‍, പിന്നീട് കാര്യങ്ങള്‍ മാറുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് സെക്രട്ടറി നളിനി നെറ്റോയോടും പുസ്തക രചനയുടെ കാര്യം താന്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു. രേഖാമൂലം പുസ്തക പ്രകാശനത്തിന് ഏകദേശം 6 മാസം മുന്‍പേ സര്‍ക്കാരിനെ അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

താനുമായി നല്ല ബന്ധത്തിലായിരുന്നു മുഖ്യമന്ത്രിയെന്നും എന്നാല്‍ പിന്നീട് അകലാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. 2017 ലെ അഴിമതി വിരുദ്ധദിനത്തില്‍ നടന്ന സെമിനാറില്‍ അഴിമതിക്കെതിരെ സംസാരിച്ചു എന്നതാകാം അകലാനുള്ള കാരണമായി കാണുന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജനെതിരെ ബന്ധുനിയമന വിവാദത്തില്‍ വിജിലന്‍സ് നടപടിയെടുത്തത് മുഖ്യമന്ത്രിയുടെ അനുമതിയോടെ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബന്ധുനിയമനക്കേസില്‍ മന്ത്രി ഇ പി ജയരാജനെതിരെ വിജിലന്‍സ് നടപടിയെടുത്തത് മുഖ്യമന്ത്രിയുമായി ആലോചിച്ചാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. ജയരാജന്റെ ഭാര്യാ സഹോദരിയും സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ പി കെ ശ്രീമതിയുടെ മകനെ ചട്ടം ലംഘിച്ചു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (കെ എസ് ഐ ഇ എല്‍) മാനേജിങ് ഡയറക്ടറായി നിയമിച്ചു എന്നതായിരുന്നു ജയരാജനെതിരായ കേസ്. മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്കു ശുപാര്‍ശ ചെയ്യപ്പെട്ടിരുന്ന രണ്ടു പേരുടെ പട്ടിക വെട്ടിക്കളഞ്ഞു, ജയരാജന്‍ സ്വന്തം നിലയ്ക്കാണു സുധീറിനെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതോടെ ജയരാജന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു.
സര്‍വീസിലിരിക്കെ പുസ്തകം എഴുതി എന്നതിന്റെ പേരില്‍ ജേക്കബ് തോമസിന്റെ പി എഫും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണ്. പെന്‍ഷനും പ്രൊവിഷണലായി മാത്രമാണ് ലഭിക്കുക. പല കാരണങ്ങളിലുള്ള മാറ്റിനിര്‍ത്തലിന് ശേഷം ജേക്കബ് തോമസ് ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് സി എം ഡിയായാണ് വിരമിച്ചത്.












Click it and Unblock the Notifications