Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രഹ്മോസ് മിസൈൽ ഇനി തിരുവനന്തപുരത്ത് നിർമ്മിക്കും, 180 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ കൈമാറും

ഇന്ത്യയുടെ പ്രതിരോധ രംഗത്തെ അഭിമാനമായ ബ്രഹ്മോസ് മിസൈൽ നിർമ്മാണം ഇനി നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരത്തും. ബ്രഹ്മോസ് നിർമ്മാണ യൂണിറ്റിന് 180 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പാറശ്ശാലയിലെ തുറന്ന ജയിൽ വളപ്പിലെ ഭൂമിയാണ് ഡിആർഡിഓയ്ക്ക് കൈമാറുക. ഇതിനുളള അനുമതി സുപ്രീം കോടതി നൽകിയതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ബ്രഹ്മോസ് നിർമ്മാണ യൂണിറ്റ് കൂടാതെ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിക്കും ശസ്ത്ര സീമ ബൽ ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്സിനും ആവശ്യമായ ഭൂമി സംസ്ഥാന സർക്കാർ കൈമാറും. മുഖ്യമന്ത്രിയുടെ കുറിപ്പ് വായിക്കാം: '' കേരളത്തിന്റെ കുതിപ്പിന് കരുത്തേകി കൊണ്ട് ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ പ്രതിരോധ നിർമ്മാണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി 180 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ കൈമാറുകയാണ്. ബ്രഹ്‌മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് തിരുവനന്തപുരം പാറശ്ശാലയിലെ തുറന്ന ജയിൽ വളപ്പിലെ ഭൂമി ഡിആർഡിഓയ്ക്ക് കൈമാറാൻ സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നുവെന്ന വാർത്ത സന്തോഷകരമാണ്.

മിസൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഭൂമി ആവശ്യപ്പെട്ട് ബ്രഹ്മോസ് സർക്കാരിനെ സമീപിച്ചതിനെ തുടർന്ന് രണ്ട് സ്ഥലങ്ങൾ പദ്ധതിക്ക് വേണ്ടി കണ്ടെത്തിയിരുന്നു. തുടർന്നുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരം നെട്ടുകാൽത്തേരിയിലെ ഭൂമി പദ്ധതി പ്രദേശമായി തെരഞ്ഞെടുക്കുകയാണുണ്ടായത്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം സ്ഥലം വിട്ടുകൊടുക്കുന്നതിൽ തടസ്സങ്ങൾ ഉള്ളതിനാൽ വിദഗ്ദ്ധ നിയമോപദേശം തേടിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ അടക്കമുള്ള അനുകൂല ഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഭൂമി വിട്ടുനൽകുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുകയാണുണ്ടായത്.

pinarayi

സർക്കാർ നൽകിയ ഭൂമിയിൽ ഡിആർഡിഓയുടെ കീഴിലുള്ള ബിഎടിഎൽ അത്യാധുനിക മിസൈലുകളുടെയും സ്ട്രാറ്റജിക് പ്രതിരോധ ഉപകരണങ്ങളുടെയും രണ്ടാം നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും. കൂടാതെ 32 ഏക്കർ ഭൂമി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനും 45 ഏക്കർ ഭൂമി ശസ്ത്ര സീമ ബൽ (എസ്എസ്ബി) ബറ്റാലിയൻ ഹെഡ് ക്വാട്ടേഴ്‌സ് സ്ഥാപിക്കാൻ കൈമാറാനും സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. ഇതുവഴി രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിന് കേരള മണ്ണിൽ നിന്ന് വലിയ സംഭവനകളുണ്ടാകുമെന്നുറപ്പാണ്. കൂടാതെ പുതിയ തൊഴിലവസരങ്ങളും നിക്ഷേപ സാധ്യതകളും സൃഷ്ടിക്കപ്പെടുന്നത് വഴി സംസ്ഥാനത്തിന്റെ വളർച്ചയിലും ഈ പുതിയ യൂണിറ്റ് വലിയ പങ്കു വഹിക്കും''.

വ്യവസായ വകുപ്പ് മന്ത്രി പി രാജീവും ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിട്ടുണ്ട്: '' ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ നിലവിലുള്ള പ്രതിരോധ നിർമ്മാണ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനായി 180 ഏക്കർ ഭൂമി കൂടി സംസ്ഥാന സർക്കാർ കൈമാറുകയാണ്. തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ ഭൂമിയാണ് ബ്രഹ്‌മോസ് മിസൈൽ നിർമ്മാണ യുണിറ്റ് സ്ഥാപിക്കുന്നതിന് കൈമാറാൻ DRDOയ്ക്ക് കൈമാറാൻ സുപ്രീം കോടതി അനുമതി നൽകി.

പദ്ധതിക്കായി ഭൂമി ആവശ്യപ്പെട്ട് ബ്രഹ്മോസ് വ്യവസായവകുപ്പിനെ സമീപിച്ചിരുന്നു. തുടർന്ന് റവന്യൂ മന്ത്രിയോടൊപ്പം മീറ്റിങ്ങ് വിളിച്ചു ചേർക്കുകയും രണ്ട് സ്ഥലങ്ങൾ പ്രാഥമികമായി കണ്ടെത്തുകയും ചെയ്തു. അടുത്തപടിയായി റവന്യൂ,വ്യവസായം, DRDO സംഘം സംയുക്ത പരിശോധനയിലൂടെ പദ്ധതിപ്രദേശമായി ഈ സ്ഥലം തിരഞ്ഞെടുത്തു. സുപ്രീംകോടതി നിർദേശമുള്ളതിൽ സ്ഥലം വിട്ടുനൽകുന്നതിൽ തടസമുണ്ടായിരുന്നു. ഇത് മനസിലാക്കിക്കൊണ്ട് അഡ്വക്കേറ്റ് ജനറലിന്റെയും നിയമവകുപ്പിന്റെയും അഭിപ്രായമാരായുകയും അനുകൂല നിയമോപദേശം ലഭിക്കുകയും ചെയ്തു. ഇതിന്മേൽ ബഹു. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ കൂടെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

പ്രതിരോധ ഗവേഷണ വികസന സംഘടനയായ DRDOയുടെ കീഴിൽ പ്രവർത്തിക്കുന്ന BATL ഈ ഭൂമിയിൽ അത്യാധുനിക മിസൈലുകളുടെയും സ്ട്രാറ്റജിക് പ്രതിരോധ ഉപകരണങ്ങളുടെയും രണ്ടാം നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും. ഇന്ത്യയുടെ ദേശീയ സുരക്ഷയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിന് കേരളത്തിലെ പ്ലാന്റിന്റെ വിപുലീകരണം സഹായകമാകും.

ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ കേരളത്തിന്റെ സംഭാവന പലമടങ്ങ് വർധിക്കുകയാണ്. ഇതിനൊപ്പം 15 വർഷത്തിനുള്ളിൽ 2500 കോടി രൂപയ്ക്ക് മുകളിൽ GST വരുമാനം ലഭിക്കാനും, 500ൽ അധികം ഹൈസ്കിൽ എഞ്ചിനീയറിങ്ങ്/ടെക്നിക്കൽ ജോലികൾ സൃഷ്ടിക്കപ്പെടാനും പദ്ധതിയിലൂടെ സാധിക്കും. ഒപ്പം അനവധി പരോക്ഷ തൊഴിലവസരങ്ങൾക്കും പദ്ധതി വഴിയൊരുക്കും. തുറന്ന ജയിൽ വളപ്പിലെ 32 ഏക്കർ ഭൂമി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനും 45 ഏക്കർ ഭൂമി ശസ്ത്ര സീമ ബൽ (SSB) ബറ്റാലിയൻ ഹെഡ് ക്വാട്ടേഴ്‌സ് സ്ഥാപിക്കാൻ കൈമാറാനും സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ബ്രഹ്മോസുമായി ഫലപ്രദമായ തുടർചർച്ചകൾ നടത്തി അതിവേഗത്തിൽ പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിക്കാൻ ഞങ്ങൾ ശ്രമിക്കും''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+