'സുഖചികിത്സ' കഴിഞ്ഞു; ഓണമുണ്ണാന്‍ നിക്കുന്നില്ല; ബ്രിട്ടീഷ് യുദ്ധവിമാനം മടങ്ങിയത് ട്രോള്‍ മഴ ഏറ്റുവാങ്ങി
തിരുവനന്തപുരം: കേരളത്തിന് ആകാംക്ഷയും ജിജ്ഞാസയും ചിരിയും സമ്മാനിച്ച് ഒരു മാസത്തിലേറെ തിരുവനന്തപുരത്ത് കഴിഞ്ഞ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപറന്നു. സാങ്കേതിക തകരാറുകളെല്ലാം പരിഹരിച്ചാണ് മടങ്ങിയത്. യുകെയ്ക്കു പകരം ഓസ്‌ട്രേലിയയിലേക്കാണ് എഫ്-35ബി പറന്നത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍നിന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കി പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. തകരാറുകള്‍ ഇല്ലെന്ന് ഉറപ്പാക്കിയാണ് മടങ്ങിയത്.
കഴിഞ്ഞ മാസം 14 നാണ് അപ്രതീക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ യുദ്ധവിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. അറബിക്കടലില്‍ ബ്രിട്ടിഷ് വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന് പരിശീലനം നടത്തുന്നതിനിടെ ഇന്ധനം തീരാറായതോടെയാണ് അടിയന്തര ലാന്‍ഡിങ് വേണ്ടി വന്നത്. വിമാനത്തിന്റെ ഹൈഡ്രോളിക് സിസ്റ്റം തകരാറിലായതിനാല്‍ തിരിച്ചു പറക്കാനായില്ല. പ്രതിസന്ധിയിലായ പൈലറ്റ് വിമാനം ലാന്‍ഡിങ് നടത്തിയെങ്കിലും അടുത്ത് നിന്ന് മാറാന്‍ തയാറായില്ല.

ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തുന്നതു വരെ വിമാനത്താവളത്തിലെ തുറസായ സ്ഥലത്താണു വിമാനം നിര്‍ത്തിയിട്ടത്. മറ്റാരെയും അടുക്കാന്‍ സമ്മതിക്കാതെ അരികില്‍ നിന്നു മാറാതെയിരുന്ന പൈലറ്റിന്റെ ചിത്രങ്ങളും മാധ്യമങ്ങളില്‍ വന്നിരുന്നു. ഏറെ പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരയായാണ് യുദ്ധവിമാനം മടങ്ങിയത്.
ആദ്യഘട്ടത്തില്‍ ബ്രിട്ടീഷ് നേവിയുടെ വിമാനവാഹിനി കപ്പല്‍ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സിലെ സാങ്കേതിക വിദഗ്ധരെത്തി തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ജൂലൈ ആറിന് ബ്രിട്ടനില്‍ നിന്ന് നാല്‍പതംഗ വിദഗ്ധ സംഘമെത്തി. റോയല്‍ എയര്‍ഫോഴ്‌സ് വിമാനമായ എ-400ലാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്. അവരുടെ നേതൃത്വത്തില്‍ നടന്ന അറ്റകുറ്റപ്പണിക്കൊടുവിലാണ് വിമാനത്തിന്റെ തകരാറുകള്‍ പരിഹരിച്ചത്. വിദേശ സംഘത്തിന്റെ വരവും പോക്കുമെല്ലാം മലയാളിക്ക് വലിയ വാര്‍ത്തയായി.
ലോകത്തിലെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളില്‍ ഒന്നായ എഫ്-35ബി തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴയും വെയിലും കൊണ്ട് കിടക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ട്രോള്‍ ആയി മാറിയിരുന്നു. വിമാനത്തിന് ഏകദേശം 115 മില്യണ്‍ ഡോളറാണ് വിലവരുന്നത്.
യുദ്ധ വിമാനത്തിന്റെ വരവോടെ തിരുവനന്തപുരം വിമാനത്താവളം നിയന്ത്രിക്കുന്ന അദാനി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനും കോളടിച്ചു. വിമാനത്തിന്റെ പാര്‍ക്കിങ് ഫീസിനത്തിലുള്ള തുക അദാനി കമ്പനിക്കാണ് ബ്രിട്ടന്‍ നല്‍കേണ്ടത്.
38 ദിവസത്തെ വാടകയാണ് വിമാനത്താവളത്തിന് നല്‍കേണ്ടത്. 38 ദിവസത്തേക്ക് 9,97,918 രൂപയാണ് വാടക. ഇതിനൊപ്പം ലാന്‍ഡിങ് ചാര്‍ജും ബ്രിട്ടന്‍ നല്‍കേണ്ടി വരും. 1-2 ലക്ഷം രൂപ വരെ ഇതിന് ചെലവ് വരും. മൊത്തത്തില്‍ 10 ലക്ഷം രൂപയ്ക്ക് മുകളില്‍ തുക വിമാനം വന്നിറങ്ങിയ വകയില്‍ അദാനി കമ്പനിക്ക് ലഭിക്കും.
യുദ്ധവിമാനത്തിന്റെ വരവ് മലയാളികള്‍ക്ക് ചിരിക്കാനുള്ള വകയായിരുന്നു. കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ ഇടം പിടിച്ചതോടെ എഫ്-35ബി വലിയ ട്രോളുകള്‍ക്കും ഇരയായി. രണ്ടാഴ്ച കഴിഞ്ഞാല്‍ ഓണക്കിറ്റ് മേടിച്ചിട്ട് പോകാം, ഇനിയും വരണമെന്നും, സുഖചികിത്സ കഴിഞ്ഞോ എന്നു തുടങ്ങി നിരവധി പേരാണ് കമന്റിടുന്നത്.












Click it and Unblock the Notifications