'മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ കേന്ദ്രം കൈയ്യും കെട്ടി നോക്കി നിൽക്കുന്നു'; മുഖ്യമന്ത്രി
മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യാനികൾക്കു നേരെ ഉണ്ടായ ആക്രമണത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ ശക്തമായി ഇടപെടാനും അക്രമികൾക്കെതിരെ കൃത്യമായ നിയമനടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
' തീർത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും, അവരെ സഹായിക്കാനായി എത്തിയ മലയാളികളായ വൈദികരെ പോലീസുകാരുടെ സാന്നിധ്യത്തിൽ മർദ്ദിച്ചതും അത്യന്തം ഹീനമാണ്. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വർഗ്ഗീയ ആക്രമണങ്ങൾ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനും രാജ്യത്തിന്റെ പൊതുവായ പുരോഗതിക്കും ഭീഷണിയാകുന്നു എന്ന് അവയ്ക്കു പിന്നിലുള്ളവർ മനസ്സിലാക്കണം. സമൂഹത്തിൽ വിദ്വേഷം പടർത്തുന്നതും അശാന്തി വളർത്തുന്നതുമായ നടപടികളിൽ നിന്ന് അവർ പിന്തിരിയുകയും വേണം.

മണിപ്പൂരിൽ ഉൾപ്പെടെ ഉണ്ടായിട്ടുള്ള സംഘർഷങ്ങൾക്കു ശാശ്വത പരിഹാരം കാണാൻ ഉത്തരവാദത്തപ്പെട്ടവർ ഇനിയും തയ്യാറായിട്ടില്ല. അതാകട്ടെ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നതിന് ഇടയാക്കുന്നുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ ഇന്ത്യയിലെ വർദ്ധിക്കുന്ന ഇത്തരം ആക്രമണങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന യൂണിയൻ സർക്കാർ ഇന്ത്യയുടെ പ്രതിച്ഛായ ലോകമാകെ ഇടിയുമ്പോൾ കൈയും കെട്ടി നോക്കിനിൽക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇത് തിരുത്താൻ അവർ തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജബൽപൂരിൽ ആക്രമണത്തിന് ഇരയായവർക്കു വേണ്ട എല്ലാ സഹായവും ചെയ്യാൻ അവിടുത്തെ സംസ്ഥാന സർക്കാരും യൂണിയൻ സർക്കാരും തയ്യാറാവണം. ആക്രമിക്കപ്പെട്ട മലയാളികളായ വൈദികരോട് കേരളസമൂഹത്തിന്റെയാകെ ഐക്യദാർഢ്യം അറിയിക്കുന്നു.
മലയാളി വൈദികർക്ക് മർദനമേറ്റ സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിഷയം ഇന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ഉന്നയിചിരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും വിശ്വാസികളുടെയും വൈദികരുടെയും ഭരണഘടനാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.നിയമപാലനത്തിലും മത സ്വാതന്ത്ര്യത്തിലും ആശങ്ക ഉയർത്തുന്ന സംഭവമാണ് ജബൽപൂരിലേതെന്നും അദ്ദേഹം പറഞ്ഞു.
ജബൽപൂരിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകരാണ് ആക്രമിച്ചത്. പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ മുന്നിലിട്ടാണ് സ്ത്രീകൾ അടക്കമുള്ള സംഘം വൈദികരെ മർദിക്കുകയായിരുന്നു. ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയ സംഘം ക്രൂരമായി മർദിക്കുകയും ആക്രമിക്കുകയായിരുന്നു.












Click it and Unblock the Notifications