നവകേരള സദസിനെതിരെ കോൺഗ്രസ് പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചു; നാട്ടുകാർ സംയമനം കാണിച്ചെന്ന് മുഖ്യമന്ത്രി
കണ്ണൂർ: നവകേരള സഗസിനെതിരെ പ്രകോപനം തീർക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ പ്രതിപക്ഷത്തിന്റെ നീക്കം വിജയിച്ചില്ലെന്നും ജനം വളരെ സംയമനത്തോടെയാണ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നവകേരള സദസ്സിന്റെ ഭാഗമായി ഏതെല്ലാം തരത്തിലുള്ള സംഘർഷം കാഴ്ചവെക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. പക്ഷേ അതിശയകരമായ സംയമനമാണ് നാട്ടുകാർ കാണിച്ചത്.ഒരുപ്രകോപനവും നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. നല്ല നിലയ്ക്കാണ് നാട്ടുകാർ പെരുമാറിയത്', മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിനേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷ നേതാവ് നവകേരള സദസ്സ് സംഘർഷഭരിതമാക്കാൻ ശ്രമിച്ചു. ആണിയടിച്ച പട്ടിക, മുളകുപൊടി തുടങ്ങിയവ കൊടുത്താണ് അക്രമികളെ അയച്ചത്. കോൺഗ്രസ് വിചാരിച്ചത് പോലെ നവകേരള സദസിൽ പ്രകോപനം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല', അദ്ദേഹം പറഞ്ഞു.
ബി ജെ പിക്കെതിരേയും മുഖ്യമന്ത്രി തുറന്നടിച്ചു. കേന്ദ്രസർക്കാരിന് കേരളത്തിനോട് പകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാവപ്പെട്ടവരുടെ പെൻഷൻ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിച്ചത്. കേരളത്തിൽ സ്വീകാര്യത ലഭിക്കാത്തതാണ് ബി ജെ പിക്ക് കേരളത്തിലുളളവരോട് വൈരാഗ്യത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ സ്‌നേഹയാത്രയെയും മുഖ്യമന്ത്രി വിമർശിച്ചു. മെരുക്കിയെടുക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ ജനങ്ങൾ അതൊക്കെ വിശ്വസിക്കുമോ? കാരണം അവർ മനുഷ്യരല്ലേ, അവർ ചിന്തിക്കുന്നവരല്ലേ, അവർക്ക് അനുഭവങ്ങളില്ലേ? ആളുകൾ കണ്ടോണ്ടിരിക്കുകയല്ലേ. നിങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ ആ ഘട്ടത്തിൽ ഒരു ജനതയെ കുരുതി കൊടുക്കാൻ കൂട്ടുനിന്ന് വോട്ടിന് ചെന്നാൽ ആളുകൾ കേൾക്കുമോ? സംരക്ഷണം കൊടുക്കേണ്ട സമയത്ത് അത് കൊടുക്കണം. പള്ളികൾ ഉൾപ്പെടെയാണ് സംഘപരിവാർ ആക്രമിച്ചത്. ഇതിനെതിരെ കോൺഗ്രസിന് സംരക്ഷണം ഉറപ്പാക്കാനായില്ല', മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ക്രൈസ്തവ മതപുരോഹിതര്‍ പങ്കെടുത്തതിനെതിരെ സി പി ഐ നേതാവ് ബിനോയ് വിശ്വം ഇന്ന് രംഗത്തെത്തിയിരുന്നു.
'പ്രധാനമന്ത്രിയുടെ വിരുന്നിന് ശേഷം ബിഷപ്പുമാര്‍ ഗോള്‍വാള്‍ക്കറിന്റെ വിചാരധാര വായിക്കട്ടെ. ആഭ്യന്തര ഭീഷണികള്‍ എന്ന ശീര്‍ഷകത്തിന് താഴെയായി ക്രൈസ്തവരെ കുറിച്ച് പറയുന്ന ഭാഗം വായിക്കാണം. പ്രധാനമന്ത്രിയുടെ വിരുന്നിന് പിന്നിലെ രാഷ്ട്രീയ അജന്‍ഡ മനസിലാക്കാന്‍ സഹായിക്കും. മണിപ്പുരില്‍ എന്തുകൊണ്ടാണ് മൗനമെന്ന് അദ്ദേഹത്തോട് ചോദിക്കുക', എന്നും ബിനോയ് വിശ്വം എക്സിൽ കുറിച്ചു.












Click it and Unblock the Notifications