എൽവിഎം 3 വൺ വെബ്ബ് ദൗത്യം: കുതിക്കാനൊരുങ്ങി ഇന്ത്യയുടെ വിശ്വസ്തനായ റോക്കറ്റ്, ഇനി മിനിറ്റുകള്‍
തിരുവനന്തപുരം: വിക്ഷേപണത്തിന് ഒരുങ്ങി ഐ എസ് ആർ ഒയുടെ എൽവിഎം 3 വൺ റോക്കറ്റ്. 36 ഉപഗ്രഹങ്ങളുമായി പുറപ്പെടുന്ന റോക്കറ്റിന്റെ കൗൺഡൗൺ ഇന്നലെ ആരംഭിച്ചു. കൃത്യം ഒൻപത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് എൽവിഎം-3 റോക്കറ്റ് കുതിക്കും. ഓസ്‌ട്രേലിയൻ ബഹിരാകാശ കമ്പനിയായ വൺ വെബ്ബുമായി ചേർന്നാണ് ഐഎസ്ആർഒ വിക്ഷേപണം നടത്തുന്നത്. ഇതുവരെ പരാജയം അറിയാത്ത എൽവിഎം 3 ഇത്തവണ വിക്ഷേപിക്കുന്നത് വൺവെബ്ബിന്റെ 36 ഉപഗ്രഹങ്ങളാണ്.
താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്കുള്ള ഈ വിക്ഷേപണ വാഹനത്തിന്റെ എറ്റവും ഭാരമേറിയ ദൗത്യം. 5805 കിലോഗ്രാമാണ് ആകെ ഭാരം. 72 ഉപഗ്രഹങ്ങളെ ലോ-എർത്ത് ഓർബിറ്റിലേക്ക് (LEO) വിക്ഷേപിക്കുന്നതിനുള്ള ISRO-യുടെ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള വാണിജ്യ കരാർ പ്രകാരം നെറ്റ്‌വർക്ക് ആക്‌സസ് അസോസിയേറ്റ്‌സ് ലിമിറ്റഡ്, യുകെ (വൺവെബ് ഗ്രൂപ്പ് കമ്പനി) യുടെ രണ്ടാമത്തെ ദൗത്യമാണിത്. കമ്പനിക്ക് വേണ്ടിയുള്ള 36 ഉപഗ്രഹങ്ങളുടെ ആദ്യ സെറ്റ് 2022 ഒക്ടോബർ 23 ന് വിക്ഷേപിച്ചിരുന്നു.

36 ഉപഗ്രഹങ്ങളെ റോക്കറ്റ് 87.4 ഡിഗ്രി ചെരിവുള്ള 450 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിക്കും. വിക്ഷേപണം കഴിഞ്ഞ് പത്തൊന്പതാം മിനുട്ടിൽ ആദ്യ ഉപഗ്രഹം വേർപ്പെടും. എൽ വി എം3യുടെ ആറാമത്തെ പറക്കലാണിത്. ചന്ദ്രയാൻ-2 ഉൾപ്പെടെ തുടർച്ചയായി അഞ്ച് വിജയകരമായ ദൗത്യങ്ങൾ എൽവിഎം 3-ന് ഉണ്ടെന്നും ഐ എസ് ആർ ഓ പ്രസ്താവനയിൽ പറഞ്ഞു.
ഗവൺമെന്റുകൾക്കും ബിസിനസുകൾക്കും കമ്മ്യൂണിറ്റികൾക്കുമായി കണക്റ്റിവിറ്റി പ്രാപ്തമാക്കുന്ന, ബഹിരാകാശത്ത് നിന്ന് പ്രവർത്തിക്കുന്ന ഒരു ആഗോള ആശയവിനിമയ ശൃംഖലയാണ് വണ്‍വെബ്ബ്. ഇന്ത്യയുടെ ഭാരതി എന്റർപ്രൈസസ് ഒരു പ്രധാന നിക്ഷേപകനും ഓഹരി ഉടമയുമായി ഉള്ള കമ്പനി ലോ എർത്ത് ഓർബിറ്റ് സാറ്റലൈറ്റുകളുടെ ഒരു കൂട്ടമായിട്ടാണ് പ്രവർത്തിക്കുന്നത്.
വണ്‍വെബ്ബ് അധികൃതർ പറയുന്നതനുസരിച്ച്, ഞായറാഴ്ചത്തെ ലോഞ്ച് ഈ വർഷം മൊത്തത്തിൽ 18-ാമത്തേതും മൂന്നാമത്തേതുമായിരിക്കും. വൺവെബിന്റെ ചരിത്രത്തിലെ "ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിൽ" ഒന്നായിരിക്കും ഈ ദൗത്യം, കാരണം ഇത് വൺവെബിലേക്ക് 36 ഉപഗ്രഹങ്ങൾ കൂടി ചേർക്കുകയും ആദ്യത്തെ ആഗോള എല്‍ഇഒ കോണ്‍സ്റ്റലേഷന്‍ പൂർത്തിയാക്കുകയും ചെയ്യും. രണ്ട് വിക്ഷേപണങ്ങൾക്കുമായി ആയിരം കോടിക്കടുത്ത് രൂപയുടെ കരാറാണ് ന്യൂ സപേസ് ഇന്ത്യ വഴി വൺവെബ്ബ് ഐ എസ് ആർ ഓയ്ക്ക് നല്‍കുന്നതെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications