200 ആദിവാസികളെ പോലീസ് കോണ്സ്റ്റബിള്മാരാക്കുമെന്ന് ചെന്നിത്തല
കോഴിക്കോട്: സംസ്ഥാനത്തെ മാവോയിസ്റ്റുകളെ പിടികൂടാന്‍ കര്‍ശന നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. മാവോയിസ്റ്റുകളെ കണ്ടാലുടന്‍ വെടിവെക്കാനാണ് പുതിയ നക്സല്‍ വിരുദ്ധ സേനയോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. സംസ്ഥാനത്ത് പുതിയ നക്സല്‍ വിരുദ്ധ സേന രൂപീകരിക്കുന്നതിനു പുറമെ ആദിവാസികളെയും പുതിയ ദൗത്യസേനയില്‍ ഉള്‍പ്പെടുത്തുമെന്നു നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഇതിനായി സംസ്ഥാന പോലീസിലേയ്ക്ക് 200 ആദിവാസികളെ പോലീസ് കോണ്‍സ്റ്റബിള്‍മാരായി നിയമിക്കുമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. മാവോയിസ്റ്റുകളെ സംരക്ഷിക്കുന്ന വ്യക്തികളെയും സംഘടനകളെയും കര്‍ശനമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികളെ പോലീസിലേയ്ക്ക് പ്രത്യേക റിക്രൂട്ട്മെന്റ് വഴിയാകും നിയമിക്കുക.
വനമേഖല താവളമാക്കിയ തീവ്രവാദികളുടെ സഞ്ചാരം തിരിച്ചറിയാനാണ് ആദിവാസികളെ ഈ ദൗത്യത്തില്‍ ഉള്‍പ്പെടുത്തുന്നത്. പാലക്കാടും വയനാടും കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
പതിനാറു മാസത്തിനുള്ളില്‍ മാവോയിസ്റ്റ്-നക്സല്‍ സാന്നിദ്ധ്യം തുടച്ചുമാറ്റാനാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ആന്ധ്രാ മോഡല്‍ പരിശീലനമായിരിക്കും പോലീസിന് ലഭ്യമാക്കുകയെന്നും ചെന്നിത്തല പറഞ്ഞു.