ഉന്നത വിദ്യാഭ്യാസ രംഗം ഏതാണ്ട് കുളം തോണ്ടിയ സ്ഥിതി: വിസിമാർ സംഘപരിവാർ: വിമർശനവുമായി സമസ്ത മുഖപത്രം
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. ഉന്നത വിദ്യാഭ്യാസ രംഗം ഏതാണ്ട് കുളം തോണ്ടിയ സ്ഥിതിയാണ്. വൈസ് ചാൻസലർമാർ മുഴുവൻ സംഘികൾ. അവരെ നയിക്കുന്നത് ചാൻസലർ എന്ന ഗവർണർ. കാര്യമായ തയാറെടുപ്പുമില്ലാതെ ബിരുദ പഠനം മൂന്നിൽ നിന്ന് നാലു വർഷമാക്കിയപ്പോഴും പ്രത്യേക പഠനം നടത്തിയില്ലെന്നും സുപ്രഭാതം മുഖപത്രത്തിലൂടെ പറയുന്നു.
എവിടെവിടെപ്പോയാലും വീട് തലയിലേറ്റുന്ന കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി തൽക്കാലത്തേക്കെങ്കിലും അതൊന്നിറക്കി വച്ച് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായ വിദ്യാർഥികളെ ഓർത്തിരുന്നുവെങ്കിൽ കീമിന്റെ പേരിൽ കുട്ടികളും രക്ഷിതാക്കളും ഇങ്ങനെ തീ തിന്നേണ്ടിവരില്ലായിരുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച എൻജിനീയറിങ് കോളജുകളിൽ കേരള സിലബസുകാർക്ക് പ്രവേശനം കിട്ടാതായിട്ട് ഏതാനും വർഷങ്ങളായി.

പ്രശ്‌നം യോഗ്യതാ പരീക്ഷയായ പ്ലസ് ടു സ്‌കോറിന്റെ സമീകരണമാണ്. ആഗോള മീനും ഇസഡ് സ്‌കോറും ഒക്കെ വച്ച് കൂട്ടിക്കിഴിച്ചെത്തുമ്പോൾ കേരള പ്ലസ് ടുക്കാരുടെ സ്‌കോർ കുറയുകയും സി.ബി.എസ്.ഇക്കാരുടേത് കൂടുകയും ചെയ്യുന്നു. ഒറ്റ സ്‌കോറിന്റെ പേരിൽ നൂറുകണക്കിന് പേരുടെ പിന്നിലാവുന്നു. ഇത് കഴിഞ്ഞ വർഷത്തെ മാത്രം കാര്യമല്ല. കഴിഞ്ഞ വർഷം കേരള കുട്ടികളുടെ നഷ്ടം കുറെ കൂടി കടുത്തതായിരുന്നുവെന്ന് മാത്രം. മിടുക്കരായ കുട്ടികൾ, സംസ്ഥാന സിലബസിൽ പഠിച്ചുവെന്നതുകൊണ്ടു മാത്രം മികച്ച കോളജുകളിൽ പ്രവേശനം കിട്ടില്ലെന്ന സ്ഥിതിക്ക് പരിഹാരം കാണാനെന്ന പേരിൽ ചെയ്തതിൽ പലതും അബദ്ധങ്ങളായിരുന്നു. സിസ്റ്റം കരുതിക്കൂട്ടി ചെയ്തുവെന്ന് കരുതുന്നവരെ കുറ്റം പറയാനാവില്ലെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.
ഒരു കാലത്ത് സ്വാശ്രയ കോളജുകൾക്കെതിരേ സമരം ചെയ്ത ഇടതുപക്ഷം ഇപ്പോൾ സ്വകാര്യ വിദേശ സർവകാശാലകളെയും മുതൽമുടക്കൻമാരെയും തേടുകയാണ്. അവർക്ക് പരവതാനി വിരിക്കാൻ മടിയേതുമില്ല. പുതിയ കോഴ്‌സുകളും കോളജുകളും അനുവദിക്കുന്നത് സ്വാശ്രയ മേഖലയിൽ മാത്രം. ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് ഇവിടെ പെട്ടെന്ന് കുടുംബാസൂത്രണം നടപ്പാക്കിയതുകൊണ്ടല്ല. കുട്ടികൾ ഡിഗ്രിക്ക് തന്നെ പുറത്തേക്ക് പോകുന്നതുകൊണ്ടാണ്.
കുലസ്ത്രീ വേഷധാരിയാണ് ടീച്ചറെങ്കിലും കുട്ടികൾ ആണും പെണ്ണും കെട്ട വസ്ത്രം ധരിക്കട്ടെയെന്ന പക്ഷം അവർക്കുണ്ട്. ജൻഡർ ന്യൂട്രൽ യൂനിഫോമിന്റെ സംസ്ഥാനതല ഉദ്ഘാടനം തന്നെ നടത്തിക്കളഞ്ഞ ടീച്ചർ പിന്നെ അതേ പറ്റി വല്ലാതെ മിണ്ടിയിട്ടില്ല. സൂംബ നൃത്തത്തെ പറ്റി ചില വിമർശനങ്ങളുയർന്നപ്പോൾ സൂംബയെ വാഴ്ത്താനും അവരുണ്ടായി.
ചാൻസലറെന്ന പിൻവാതിലിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ഇപ്പോൾ ഭരിക്കുന്നത് സംഘ് പരിവാറാണ്. തരം പോലെ അതിനെ പ്രീണിപ്പിച്ചും കെറുവിച്ചും ഇടതുപക്ഷവും നീങ്ങുന്നു. സർവകലാശാലകളെ കളറണിയിക്കുന്നതിൽ സി.പി.എമ്മിന്റെ ചരിത്രം ഒട്ടും മോശമല്ലെങ്കിലും സംഘ്പരിവാറിന് കേരളത്തിലിടപെടാൻ രാഷ്ട്രീയ ധാർമികതയുടെ പിൻബലമില്ലെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications