മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് 'ദി ഹിന്ദു', 'മാധ്യമധാര്‍മ്മികതയ്ക്ക് നിരക്കാത്തത്'
തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ' ദി ഹിന്ദു' ദിനപത്രം. അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം പിആര്‍ ഏജന്‍സി പ്രതിനിധികള്‍ എഴുതി നല്‍കിയതാണ് എന്നും പ്രസ്തുത അഭിമുഖത്തില്‍ നിന്ന് നിന്ന് വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയാണ് എന്നും 'ദി ഹിന്ദു' അറിയിച്ചു. അഭിമുഖത്തിലെ വിവാദ പരാമര്‍ശം നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളിയിരുന്നു.
വിവാദ പരാമര്‍ശത്തില്‍ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദു ഖേദം പ്രകടിപ്പിച്ചത്. '''കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മലപ്പുറം ജില്ലയില്‍ 150 കിലോ സ്വര്‍ണവും 123 കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ട്. ഈ പണം കേരളത്തിലേക്ക് 'ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്' വേണ്ടി എത്തുന്നതാണ്.

ഇത്തരക്കാര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതികരണമാണ് ഇപ്പോഴുണ്ടാകുന്നത്'' എന്നായിരുന്നു അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍ അഭിമുഖത്തില്‍ മുഖ്യമന്ത്രി സ്ഥലമോ പ്രദേശമോ പരാമര്‍ശിച്ചിട്ടില്ലെന്നായിരുന്നു സിഎംഒ അറിയിച്ചിരുന്നത്. വിവാദത്തില്‍ വിശദീകരണം നല്‍കാന്‍ പത്രം തയ്യാറാകണം എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഹിന്ദുവിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ഹിന്ദു ഖേദം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ അഭിമുഖവുമായി പിആര്‍ ഏജന്‍സിയായ കൈസന്‍ ആണ് തങ്ങളെ സമീപിച്ചത് എന്നും തങ്ങളുടെ മാധ്യമപ്രവര്‍ത്തകനാണ് കേരള ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയുടെ അഭിമുഖം നടത്തിയത് എന്നും ദി ഹിന്ദു വ്യക്തമാക്കി. പിആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു, ഖേദം പ്രകടിപ്പിച്ചുള്ള കുറിപ്പില്‍ ഹിന്ദു വ്യക്തമാക്കി.
അരമണിക്കൂറോളമാണ് അഭിമുഖം നടത്തിയത്. സെപ്തംബര്‍ 29 നായിരുന്നു അഭിമുഖമെടുത്തത്. മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കാത്ത സംഭവമാണ് ഉണ്ടായത് എന്നും ഇതില്‍ ഖേദിക്കുന്നു എന്നും ഹിന്ദു പറഞ്ഞു. സ്വര്‍ണകടത്ത്, ഹവാല ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പിആര്‍ ഏജന്‍സി രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിവാദഭാഗങ്ങള്‍ അഭിമുഖത്തില്‍ ഉള്‍കൊള്ളിച്ചത് എന്നും ഹിന്ദുവിന്റെ ഖേദ പ്രകടനത്തില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടല്ല അഭിമുഖത്തില്‍ ഉള്ളത് എന്നും കള്ളക്കടത്ത് സ്വര്‍ണ്ണവും പണവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് ഉദ്ദേശിച്ചത് എന്നുമായിരുന്നു സംഭവം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചതാണെന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
അതേസമയം അഭിമുഖത്തിലെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇന്നലെ പിവി അന്‍വറും പിന്നീട് കോണ്‍ഗ്രസും ലീഗും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications