നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; അടിയന്തരപ്രമേയത്തിന് അനുമതിയില്ലാത്തതില്‍ പ്രതിപക്ഷത്തിന്റെ വാക്കൗട്ട്
തിരുവനന്തപുരം: കേരള നിയമസഭയുടെ നടപ്പ് സമ്മേളനം വെട്ടിച്ചുരുക്കി. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ നാളെ സഭ പിരിയും. സെപ്തംബര്‍ 11 ന് വീണ്ടും സഭ ചേരും. സെപ്തംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബര്‍ എട്ടിന് ഫലം പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് ഇനി സഭ ചേരുക.
അതേസമയം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് വാക്കൗട്ട് നടത്തി. തോമസ് കെ തോമസിനെതിരായ വധശ്രനി പരാതിയില്‍ ആയിരുന്നു പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. സംസ്ഥാനത്തെ ക്രമസമാധാനനിലയെ പറ്റി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാല്‍ പൊലീസിനെതിരെയല്ല തനിക്ക് പരാതിയുള്ളത് എന്നും അക്കാര്യത്തില്‍ സര്‍ക്കാരും പൊലീസും ഗൗരവമായി തന്നെ പരിശോധിക്കുന്നുണ്ടെന്നും തോമസ് കെ തോമസ് പറഞ്ഞു. പൊലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശനനയമാണ് പൊലീസ് മുന്‍കാലങ്ങളിലും സ്വീകരിച്ചിട്ടുള്ളത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തോമസ് കെ തോമസിന്റെ പരാതി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രഫുല്‍ പട്ടേല്‍ തന്നെ വന്ന് കണ്ടത് മുന്നണി സംബന്ധമായ വിഷയങ്ങള്‍ക്കാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തോമസ് കെ തോമസിന്റെ പരാതിയുമായി ബന്ധപ്പെട്ടായിരുന്നില്ല തങ്ങളുടെ ചര്‍ച്ചയെന്നും അദ്ദേഹം വിശദീകരിച്ചു. അടിയന്തരപ്രമേയമായി ചര്‍ച്ച ചെയ്യേണ്ട വിഷയമേ അല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ തോമസ് കെ തോമസ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത് ഇടതുപക്ഷത്തെ എം എല്‍ എയായിട്ട് പോലും അപമാനിച്ച് കള്ളക്കേസില്‍ കുടുക്കാനും ജീവഹാനി വരുത്താനും നടത്തിയ ഗൂഢാലോചനയെന്നാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
ഇടതുപക്ഷത്തിന്റെ എംഎല്‍എയായിരുന്നിട്ട് പോലും തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്ന് പറയുന്ന അവസ്ഥയില്‍ നിന്നാണ് സ്തുത്യര്‍ഹമായ സേവനമാണ് കേരളത്തിലെ പൊലീസ് ചെയ്യുന്നത് എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇവിടെ പറഞ്ഞത്. ഈ പരാതിയില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്.
പാണ്ടിലോറിയിടിച്ച് കൊലപ്പെടുത്തും എന്ന് ഒരു കൊല്ലം മുന്‍പ് എസ്പിക്ക് പരാതിക്ക് കൊടുത്തിട്ടുണ്ട്. എന്നാല്‍ ആ അന്വേഷണം മുന്നോട്ട് പോയില്ലെന്ന് സതീശന്‍ കുറ്റപ്പെടുത്തി. അതേ എസ്പിക്കാണ് ഡിജിപി പരാതി ഫോര്‍വേഡ് ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications