ഒളിഞ്ഞ് നോട്ടക്കാർക്ക് ഇനി 'ലൈസന്‍സ്': പിള്ളേച്ചനൊരു കലക്ക് കലക്കും: പൊലീസിനെതിരെ ട്രോള്‍
അയൽക്കാരുടെ അസ്വാഭാവികമായ പ്രവർത്തനങ്ങൾ പൊലീസിനെ അറിയിക്കാനായി ആവിഷ്കരിച്ച 'വാച്ച് യുവർ നെയ്ബർ' എന്ന പദ്ധതിക്കെതിരെ വ്യാപക വിമർശനമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ഉയരുന്നത്. നാട്ടുകാരെ പരസ്പരം ചാരന്മാരും ചാരകളുമാക്കുന്ന കേരള പോലീസിന്റെ പുതിയ പദ്ധതി, 'വാച്ച് യുവർ നെയ്ബർ'! റെസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ച് പോലീസിന്റെ നേതൃത്വത്തിൽ 'വാച്ച് യുവർ നെയ്ബർ' പദ്ധതി നടപ്പാക്കുമെന്നാണ് ഡി ജി പി അനിൽകാന്ത് വ്യക്തമാക്കിയത്. വിമർശനങ്ങളോടൊപ്പം തന്നെ വിഷയത്തില്‍ കേരള പൊലീസിനെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.

'കേരള പോലീസ് ലോക നിലവാരത്തിലുള്ളതാണെന്ന് സിപിഎം നേതാക്കൾ അവകാശപ്പെടുമ്പോൾ അത് അക്ഷരം പ്രതി ശരിയാണെന്ന് തെളിയിക്കുന്നതാണ് പോലീസിന്റെ നടപടികൾ. ലത്തീൻ അമേരിക്കയിലെ ഇടതുപക്ഷ വിമത മുന്നേറ്റങ്ങളെ അമർച്ച ചെയ്യാൻ സിഐഎയുടെ നേതൃത്വത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി പോലീസിംഗ് പരിപാടി ഏറ്റവും നന്നായി നടപ്പാക്കുന്ന സ്ഥലങ്ങളിലൊന്നായി കേരളം മാറുക തന്നെയാണ്'- എന്നാ പൊതുപ്രവർത്തകനായ ജയ്സണ്‍ സി കൂപ്പർ കുറിക്കുന്നത്.

''പഴയൊരു സോവിയറ്റ് യൂണിയൻ തമാശയുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മനുഷ്യർക്ക് ഏറ്റവുമധികം ആനന്ദം കിട്ടുന്ന നിമിഷത്തെ കുറിച്ച് ഒരു സർവ്വേ നടന്നു. ഒരുത്തമ സോവിയറ്റ് പൗരനോടു സർവ്വേക്കാർ ആനന്ദമൂർച്ചയെ കുറിച്ച് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞു: "കിഴക്ക് വെള്ള കീറും മുൻപേ ഞാൻ എഴുന്നേറ്റ് പണിക്ക് പോകും. വൈകുന്നേരം എല്ല് വെള്ളമായി തിരിച്ചെത്തി കുളിച്ചു ഒരു പെഗ് വോഡ്ക അടിക്കുമ്പോൾ കിട്ടുന്ന സുഖം ഹോ". സർവ്വേക്കാർ അത് രേഖപ്പെടുത്താൻ പോയപ്പോൾ പൗരൻ തടഞ്ഞു. "കഴിഞ്ഞിട്ടില്ല...അങ്ങനെ ഞാൻ വോഡ്ക നുണഞ്ഞു രസിച്ചിരിക്കുമ്പോൾ രഹസ്യപോലീസുകാർ വന്ന് വാതിലിൽ മുട്ടി ചോദിക്കുന്നു, താനാണോ ഈ ഇവാൻ ഇല്ലിച്ച്? അയ്യോ ഞാനല്ല സാറേ.. അയൽപ്പക്കത്ത് താമസിക്കുന്നവനാ എന്ന് പറയുമ്പോഴാണ് ഏറ്റവും കൂടുതൽ സുഖം കിട്ടുന്ന നിമിഷം."- എന്നാണ് എസ് സജീവ് കുറിച്ചത്. ഈ കുറിപ്പ് സംവിധായകന്‍ ഹർഷദ് ഉള്‍പ്പടേയുള്ളവർ ഷെയർ ചെയ്തിട്ടുണ്ട്.

അതേസമയം, 'അയലത്തേക്ക് ഉള്ള എത്തി നോട്ടം മലയാളികൾക്ക് കൂടുതലാ. ഇനിയിപ്പോ ആരെങ്കിലും ചോദ്യം ചെയ്താൽ, പോലീസ് ഏമാൻ പറഞ്ഞട്ടെന്ന് പറയും. കേസും കൊടുക്കാൻ പറ്റില്ല. സംശയം വിതച്ച് വിപത്ത് കൊയ്യുന്ന വിനാശ ബുദ്ധി'-എന്നാണ് ഈ പദ്ധതിയോട് പ്രതികരിച്ചുകൊണ്ട് ഒരാള്‍ കുറിച്ചത്. പദ്ധതി കൊള്ളാം പക്ഷെ എതിർ സ്ഥാനത്തു നിർത്തിയിരിക്കുന്ന അയൽക്കാരന് പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങാൻ ശത്രു ആയ അയൽക്കാരൻ അവസരം നൽകുമോ ?പരസ്പരം മുതലാക്കാൻ ശ്രമിക്കില്ലെ ?- എന്നാണ് മറ്റൊരാളുടെ ആശങ്ക.

ഇവിടെ അവനവന്റെ കാര്യം നോക്കാനേ സമയം ഇല്ല പിന്നെങ്ങനെ മാമാ പൂച്ച പോലീസാവും. ഇതു പോലെ പൊട്ടത്തരം കേരളാ പോലീസേ പറയൂ. ലോകം പുരോഗമനത്തിലേക്കും പരിഷ്കരണത്തിലേക്കും പോകുന്നു.കേരളസർക്കാർ അപരിഷ്കൃതമായ മണ്ടത്തരങ്ങൾ ജനങ്ങളില് അടിച്ചേൽപ്പിക്കുന്നു.
മറ്റൊരുത്തന്റെ സ്വകാര്യതയെ മാനിക്കണം.ഇനി സദാചാരപൊലീസിങ്ങും നിയമവിധേയമാകും- എന്നാണ് മറ്റൊരാളുടെ കമന്റ്.

സദാചാരം ഒരു ആചാരമായി കൊണ്ട് നടക്കുന്ന മാമന്മാരാൽ സമൃദമായ കേരളത്തിൽ അതിനു ഒന്ന് കൂടി ആക്കം കൂട്ടുന്ന ഇത്തരം നീക്കങ്ങളെ എന്ത് പേരിട്ട് വിളിച്ച് ന്യായീകരിക്കാൻ നോക്കിയാലും പ്രതികരിക്കുക തന്നെ വേണം. നാട്ടുകാരെയും അയല്വാസികളെയും സംശയത്തോടെ ഒളിഞ്ഞ് നോക്കുന്നതിനു ഒത്താശപാടലല്ല പോലീസിന്റെ പണിയെന്നും ആളുകള്‍ പ്രതികരിക്കുന്നു.












Click it and Unblock the Notifications