കേരളത്തിന് മാത്രമായി പ്രത്യേക അന്തസില്ലെന്ന് നിര്‍മാതാവ്; വാദം തീരുംവരെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി: വിവാദമായ 'കേരള സ്റ്റോറി 2' സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ കോടതിയിലെ വാദം തീരുന്നതുവരെ കേരള സ്റ്റോറി ടു സിനിമയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ നിര്‍മാതാക്കള്‍ അപ്രസക്തമാക്കരുതെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. അതേസമയം, ജഡ്ജിമാര്‍ സിനിമ കണ്ടു വിലയിരുത്തുന്നതില്‍ എതിര്‍പ്പ് അറിയിച്ച് നിര്‍മ്മാതാവ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നിര്‍മ്മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഹൈക്കോടതിയില്‍ സത്യവാമൂലം നല്‍കിയത്. സിനിമ കണ്ടു വിലയിരുത്താനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിന് മാത്രമാണുള്ളതെന്നും അതിനും മുകളില്‍ ഹൈക്കോടതിയുടെ അധികാരം ഉപയോഗിക്കുന്നത് ശരിയല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വിദഗ്ധര്‍ കണ്ടു വിലയിരുത്തിയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയതെന്നും വിപുല്‍ അമൃതലാല്‍ പറയുന്നു.

രണ്ടു മിനിറ്റ് മാത്രമുള്ള ടീസര്‍ കണ്ടുകൊണ്ട് ചിത്രത്തെ വിലയിരുത്താന്‍ പാടില്ലെന്നും ചിത്രത്തിന്റെ റിലീസിന് ആവശ്യമായ നിയമനടപടികളെല്ലാം പൂര്‍ത്തീകരിച്ചതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സിനിമയുടെ പേര് മാറ്റാന്‍ കഴിയില്ലെന്നും കേരളം ഉള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളിലെ സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നതെന്നും നിര്‍മാതാവ് വാദിക്കുന്നു.
സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചാണ് സിനിമയ്‌ക്കെതിരെ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ ഈ വാദങ്ങളെ നിര്‍മ്മാതാവ് കോടതിയില്‍ ശക്തമായി എതിര്‍ത്തു. ഹര്‍ജിക്കാര്‍ക്ക് വ്യക്തിപരമായ പരാതികളൊന്നുമില്ലെന്നും ഇവ വെറും പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ മാത്രമാണെന്നും നിര്‍മ്മാതാവിന്റെ അഭിഭാഷകന്‍ വാദിച്ചു. കേരളത്തിന്റെ അന്തസിനെ സിനിമ ബാധിക്കുന്നുവെന്ന വാദത്തെയും അദ്ദേഹം തള്ളി.
കേരളത്തിന് മാത്രമായി പ്രത്യേകമായ ഒരു അന്തസില്ലെന്നും അത് ഇന്ത്യയുടെ അന്തസിന്റെ ഭാഗമാണെന്നുമാണ് നിര്‍മ്മാതാവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കേരളം ഇന്ത്യയുടെ ഭാഗമാണെന്നും അതിനാല്‍ രാജ്യത്തിന്റെ അന്തസാണ് പ്രധാനമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ പേര് കേരളത്തിലെ ജനങ്ങളെ ബാധിക്കുമെന്ന ഹര്‍ജിക്കാരുടെ വാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ റിലീസ് അടുത്ത സാഹചര്യത്തില്‍ ഹര്‍ജി ദുരുദ്ദേശപരമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം ഹര്‍ജികളില്‍ വിശദമായ വാദം കേട്ട ഹൈക്കോടതി ഹര്‍ജിക്കാരുടെ ആവശ്യം സത്യസന്ധമാണെന്നും ഹര്‍ജിക്കാരുടെ വാദങ്ങളെ നിര്‍മ്മാതാക്കള്‍ അപ്രസക്തമാക്കരുതെന്നും ചൂണ്ടിക്കാട്ടി. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ വാദം തീരുന്നതുവരെ സിനിമയുടെ റിലീസ് പാടില്ലെന്നും ജസ്റ്റിസ് ബച്ചൂ കുര്യന്‍ നിര്‍ദ്ദേശിച്ചു. കേസില്‍ നാളെയും കോടതി വാദം കേള്‍ക്കുന്നത് തുടരും. മറ്റന്നാള്‍ ആണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്.












Click it and Unblock the Notifications