'ദ കേരള സ്റ്റോറി': പച്ചക്കള്ളമെന്ന് വിഡി സതീശന്‍: ശക്തമായ നടപടി വേണമെന്ന് ഡിവൈഎഫ്ഐയും
തിരുവനന്തപുരം: 'ദ കേരള സ്റ്റോറി' എന്ന ചിത്രത്തിന് പ്രദർശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ പക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പറയുന്ന 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സംവിധായകന്‍ സുദിപ്‌തോ സെന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്. രാജ്യാന്തരതലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തം. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്.

മതസ്പര്‍ധയും ശത്രുതയും വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കും. അതാണ് ഈ നാടിന്റെ പാരമ്പര്യം. മനുഷ്യനെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനുള്ള അങ്ങേയറ്റം ആപത്കരമായ നീക്കത്തിന്റെ അടിവേര് വെട്ടണം. മാനവികത എന്ന വാക്കിന്റെ അര്‍ത്ഥം സംഘ പരിവാറിന് ഒരിക്കലും മനസിലാകില്ല. വര്‍ഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതുകയും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ചിത്രത്തിനെതിരെ ഡിവൈഎഫ്ഐയും രംഗത്ത് വന്നു. സുദിപ്തോ സെൻ സംവിധാനം ചെയ്ത കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയിലർ മതവികാരം വ്രണപ്പെടുത്തുന്നതും വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നത്.
മത സൗഹാർദ്ദത്തിന്റെയും മാനവികതയുടെയും പച്ചത്തുരുത്തായ കേരളത്തെ അപമാനിച്ച് ഇതാണ് കേരളം എന്ന് അവതരിപ്പിക്കാനുള്ള ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേരളത്തെ മത തീവ്രവാദത്തിന്റെ കേന്ദ്രമെന്ന് സ്ഥാപിക്കുക വഴി ബിജെപിക്ക് അനുകൂലമായി കേരളത്തിനെതിരെ ദേശീയ തലത്തിൽ പൊതുബോധം നിർമ്മിക്കാനുള്ള ശ്രമങ്ങൾ സംഘ്പരിവാർ തുടങ്ങിയിട്ട് നാളുകളേറെയായി.
കേരളം കൂടി ഉൾപ്പെടുന്നതാണ് ഇന്ത്യൻ യൂണിയൻ, ആ കേരളത്തെ ശത്രുരാജ്യത്തോടുള്ള മാനസികാവസ്ഥയിലാണ് സംഘപരിവാർ സമീപിക്കുന്നത്. രാജ്യത്തിന്റെ നിയമ നിർമ്മാണ സഭയിൽ യൂണിയൻ അഭ്യന്തര മന്ത്രാലയം തന്നെ തള്ളി കളഞ്ഞ ലൗ ജിഹാദ് ഉൾപ്പെടെയുള്ള നുണ കഥകൾ വീണ്ടും ഉന്നയിക്കുകയാണ്. മുസ്ലിം = തീവ്രവാദം എന്ന പ്രചരണം സമുദായത്തെ ഒന്നാകെ ആക്ഷേപിച്ചു കൊണ്ട് വിദ്വേഷം വളർത്തുവാനും വർഗ്ഗീയത പടർത്താനുമാണ്. ഇതിന് സിനിമ എന്ന ജന പ്രിയ മാധ്യമം ഉപയോഗപ്പെടുത്തുകയാണ്.
മതവിദ്വേഷം ഉണ്ടാക്കി വോട്ട് ബേങ്ക് സൃഷ്ടിക്കാനുള്ള കൃത്യമായ സംഘ്പരിവാർ ഗൂഢാലോചനയാണ് രാജ്യത്ത് നടക്കുന്നത്. ഈ സിനിമയ്ക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.












Click it and Unblock the Notifications