ദി കിംഗ് സിനിമ ഐഎഎസ് അക്കാദമിയില്‍ കാണിച്ചിട്ടുണ്ട്; സിനിമയിലെ ആവേശം തീരുന്നത് ഈ ഘട്ടത്തില്‍
സമൂഹ മാധ്യമത്തില്‍ ഏറെ ജനപ്രീതിയും ഫോളോവേഴ്‌സുമുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് പിബി നൂഹ്. പുതുതലമുറയ്ക്ക് പ്രചോദനമേകുന്ന നിരവധി സന്ദേശങ്ങള്‍ ഇദ്ദേഹം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഗതാഗത വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായ പിബി നൂഹ് പത്തനംതിട്ട ജില്ലാ കലക്ടര്‍ ആയിരിക്കുമ്പോഴാണ് വലിയ ജനപ്രീതി നേടുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കുന്ന പിബി നൂഹ് കേരളം കണ്ട മഹാപ്രളയത്തിന്റെ കാലത്തും ശബരിമല പ്രക്ഷോഭ കാലത്തും കോവിഡിന്റെ കാലത്തും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ കൈയ്യടി ലഭിച്ചിട്ടുണ്ട്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ നൂഹ് കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ച അനുഭവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വേഗം വൈറലായി.

ഒറിജിനല്‍സ് എന്ന് യൂട്യൂബ് ചാനലില്‍ വീണാ മുകുന്ദന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഐഎഎസ് അക്കാദമിയിലെ അനുഭവങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുത്തത്. സിനിമയില്‍ കാണുന്നതു പോലെയാണോ യഥാര്‍ത്ഥ കലക്ടര്‍ എന്നും സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഐഎഎസില്‍ എത്തിപ്പെട്ട ശേഷം നിരാശ തോന്നിയിട്ടുണ്ടോ എന്നുമായിരുന്നു ചോദ്യം.
പിബി നൂഹിന്റെ വാക്കുകള്‍: കലക്ടര്‍ എന്ന പദവിയും സൗകര്യങ്ങളും ഒക്കെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്ന എല്ലാവരുടെയും സ്വപ്നങ്ങളാണ്. ജീവിതത്തില്‍ ഏതെങ്കിലും ഒക്കെ ഘട്ടത്തില്‍ ഈ സ്വപ്നങ്ങളൊക്കെ നമ്മളെ മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്. സര്‍വീസില്‍ കേറുന്ന ആദ്യ സമയത്ത് ഈ സ്വപ്‌നങ്ങളെല്ലാം നമുക്കൊപ്പം ഉണ്ടാകും. എങ്കിലും കുറച്ചു കാലം കഴിയുമ്പോള്‍ അസിസ്റ്റന്റ് കലക്ടര്‍ അല്ലെങ്കില്‍ പരമാവധി സബ് കലക്ടര്‍ വരെയേ ഈ പദവിയുടെ ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ടാകൂ. അതു കഴിയുമ്പോള്‍ ഓട്ടോമാറ്റിക്കലി ആ എക്‌സൈറ്റ്‌മെന്റ് പോകും.
പിന്നീട് കുറച്ചുകൂടി സീരിയസ് ആയിട്ട് എന്താണ് സിവില്‍ സര്‍വീസ് എന്നും ഇതില്‍ എന്തൊക്കെയാണ് ചെയ്യാനുള്ളതെന്നും മനസിലാക്കുമ്പോള്‍ ഉപരിപ്ലവമായ തോന്നലുകള്‍ എല്ലാം നമ്മളില്‍ നിന്ന് വിടാന്‍ തുടങ്ങും.
ഐഎഎസ് അക്കാദമിയില്‍ ഉള്ള സമയത്ത് എന്റെ ബാച്ചില്‍ പത്തു മലയാളികള്‍ ഉണ്ടായിരുന്നു. അവര്‍ എപ്പോഴും അവിടെവച്ച് പറയുന്ന കാര്യമായിരുന്നു എന്ന ദി കിംഗ് എന്ന സിനിമ. മലയാളികള്‍ മുന്‍കൈയെടുത്ത് ഐഎഎസ് അക്കാദമിയില്‍ ദി കിംഗ് സിനിമ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ബാക്കിയുള്ളവര്‍ക്കും കൂടി കാണാന്‍ വേണ്ടിയായിരുന്നു അത്. അങ്ങനെ ദി കിംഗ്, കമ്മീഷണര്‍ എന്നീ സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വരുന്ന ആള്‍ക്കാര്‍ ഉണ്ടായിരുന്നു.
അക്കാദമിയില്‍ വച്ചാണ് ഇത്തരം കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യുന്നത്. സബ് കലക്ടര്‍ ഒക്കെയായി കഴിയുമ്പോള്‍ ആ എക്‌സൈറ്റ്‌മെന്റൊക്കെ വിട്ട് യാഥാര്‍ത്ഥ്യത്തിലേക്കു വരും - പിബി നൂഹ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications