Get Updates
Get notified of breaking news, exclusive insights, and must-see stories!

'കണ്ണൂരിൽ വെയിലത്ത് അല്ല കുട്ടികൾ നിന്നത്,നവകേരള സദസ് വിജയത്തിൽ പ്രതിപക്ഷത്തിന് വിഭ്രാന്തി'; മുഖ്യമന്ത്രി

കൽപ്പറ്റ: കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ്സുകാരെ മർദ്ദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി. ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയത് ജീവൻരക്ഷാ പ്രവർത്തനമാണെന്നും ഒരാള്‍ അപകടത്തില്‍പെടുമ്പോള്‍ രക്ഷിക്കുക എന്നത് ആക്രമണത്തിനുള്ള പ്രോത്സാഹനമാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാന്‍ കണ്ടതാണ് ഞാൻ പറഞ്ഞത്. എല്ലാ മന്ത്രിമാരും കാണുകയല്ലേ,മുൻപിൽ വന്ന് ചാടുകയാണ്. ആ ചാടുന്നവരെ പിടിച്ച് മാറ്റുകയാണ് ചെയ്തത്. അതാണ് ഞാൻ ജീവൻ രക്ഷാ എന്ന് പറഞ്ഞത്. എന്റെ കൺമുന്നിൽ പെട്ടകാര്യമാണ് പറഞ്ഞത്. സംരക്ഷിച്ചില്ലെങ്കിൽ എന്താണ് സംഭവിക്കുക? നവകേരള ബസ് ഇടിച്ചു എന്നാണ് പ്രചരിപ്പിക്കുക, ആ ദുർഗതി വരാതിരിക്കാനാണ് രക്ഷിച്ചത്', മുഖ്യമന്ത്രി പറഞ്ഞു.

pinarayi-

കണ്ണൂര്‍ പാനൂരില്‍ നവകേരള യാത്രയ്ക്ക് കുട്ടികളെ പൊരിവെയിലത്ത് നിർത്തിയത് വിവാദമായതിലും മുഖ്യമന്ത്രി പ്രതികരിച്ചു.'കുട്ടികൾ നിന്ന് പൊരിവെയിലത്ത് ആയിരുന്നില്ല. കുട്ടികള്‍ നല്ല സന്തോഷത്തോടെ കൈവീശി. താനും അവരോട് കൈവീശി. പക്ഷേ, സ്‌കൂളില്‍നിന്ന് പ്രത്യേകസമയത്ത് ഇറക്കിനിര്‍ത്തുന്നത് ഗുണകരമായ കാര്യമല്ല. അത് ഇനി ആവർത്തിക്കണമെന്നില്ല', മുഖ്യമന്ത്രി പറഞ്ഞു.

പ്രതപക്ഷത്തേയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. 'നാടിന്‍റെയാകെ നന്മയ്ക്കുവേണ്ടി, കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തുന്ന പൊതുപരിപാടിയെ തകര്‍ക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടവരുടെ മനോനില നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പ്രതിപക്ഷനേതാവിന്‍റെ തുടര്‍ച്ചയായുള്ള പ്രതികരണങ്ങളുടെ സ്വഭാവം അത്തരമൊരു അവസ്ഥയാണ് വ്യക്തമാക്കുന്നത്.എന്തുതരം ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നത്? എന്തൊക്കെ ആരോപണങ്ങളാണുന്നയിക്കുന്നത്? 'ഉദ്യോഗസ്ഥരെക്കൊണ്ട് കള്ളപ്പിരിവ് നടത്തിയാണോ' എന്നാണദ്ദേഹം ചോദിക്കുന്നത്. ഈ പരിപാടിയില്‍ എവിടെയാണ് കള്ളപ്പിരിവ്? അങ്ങനെ നേടിയ പണം? ജനങ്ങൾ പങ്കെടുക്കുന്നതിലെ അസഹിഷ്ന്നുതയാണ് കാണിക്കുന്നത്.

ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നില്ല എന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിക്കുന്നത്. ആരാണ് അദ്ദേഹത്തിന് ഇത്തരം നുണകള്‍ പറഞ്ഞുകൊടുക്കുന്നത് എന്ന് എനിക്കറിയില്ല. ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കാനും അവ പരിശോധിച്ച് തീര്‍പ്പു കല്‍പ്പിക്കാനുമുള്ള സംവിധാനം ഫലപ്രദമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പരാതിയുണ്ടെങ്കില്‍ അതാണ് പറയേണ്ടത്. അല്ലാതെ, ഈ സുപ്രധാന പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഇതിനെതിരെ ആക്രമണോത്സുകമായ ആക്രോശങ്ങള്‍ മുഴക്കുകയല്ല.

എന്ത് കണക്കിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് പരാതികള്‍ തീര്‍പ്പാക്കുന്നില്ല എന്ന് പറയുന്നത്? കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ 16 കേന്ദ്രങ്ങളില്‍ നിന്നായി ലഭിച്ച നിവേദനകളുടെ എണ്ണം 42,862 ആണ്. കണ്ണൂര്‍ ജില്ലയില്‍ 28,630. കാസര്‍കോട്ട് 14,232. ഇങ്ങനെ ലഭിക്കുന്ന നിവേദനങ്ങള്‍ പരിശോധിച്ച് ഇടപെടല്‍ നടത്താനും പ്രശ്നപരിഹാരം ഉറപ്പാക്കാനുമുള്ള സംവിധാനം ഒരുക്കുന്നുണ്ട്. എന്തുകൊണ്ടാണ്, തങ്ങളുടെ വിഷയങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്താന്‍ ജനങ്ങള്‍ ഇങ്ങനെ മുന്നോട്ടു വരുന്നത്? അവ ശ്രദ്ധിക്കപ്പെടും; പരിഹരിക്കപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണ്.
ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതും അവ പരിഹരിക്കുന്നതും തുടര്‍ച്ചയായി നടക്കുന്ന പ്രക്രിയയാണ്.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പരസ്യമായി പറഞ്ഞത്, യു ഡി എഫ് തീരുമാനം ലംഘിക്കുന്നവര്‍ ആ സ്ഥാനത്തുണ്ടാകില്ല എന്നാണ്. അതായത്, ജന പ്രതിനിധികള്‍ക്ക് ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നീതിപൂര്‍വകമായ തീരുമാനങ്ങളെടുക്കാൻ സ്വാതന്ത്ര്യമില്ല എന്ന്. ഈ ഭീഷണിയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് ആ നഗരസഭയെ. ജനാധിപത്യത്തിന്‍റെ ഏതളവുകോല്‍ വെച്ചാണ് ഇതിനെ അളക്കുക? ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന്‍റെ അതിര്‍വരമ്പുകളില്ലാതെ നാടിനു വേണ്ടി ഒന്നിച്ച് നില്‍ക്കുമ്പോള്‍, നാടൊന്നായി ഒരേ വികാരം പങ്കിടുമ്പോള്‍ യുഡിഎഫിന്‍റെ ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തി അകറ്റി നിര്‍ത്തുകയാണ്. എന്നിട്ടും ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതാണ് കൗതുകമുള്ള കാര്യം. നേരത്തെ സൂചിപ്പിച്ച അസഹിഷ്ണുതയും അസ്വസ്ഥതയും അദ്ദേഹത്തെ എത്രമാത്രം ബാധിച്ചു എന്നുകൂടി തെളിയിക്കുന്ന അനുഭവമാണിത്', അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+