മുഖ്യമന്ത്രിയ്ക്ക് യുഎസിലെ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ യു എസിലെ മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയ്ക്ക് 29. 82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വസ്തുതാപരമായ പിശക് സംഭവിച്ചതിനാല്‍ ആണ് ഉത്തരവ് റദ്ദു ചെയ്യുന്നത് എന്നാണ് പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗത്തിന്റെ പുതുക്കിയ ഉത്തരവില്‍ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സയ്ക്ക് പണം അനുവദിച്ച് ഏപ്രില്‍ 13 നാണ് ആദ്യ ഉത്തരവ് പുറത്തിറങ്ങിയത്. ചികിത്സയ്ക്ക് ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ച് തരാന്‍ മാര്‍ച്ച് 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുഭരണ വകുപ്പിന് അപേക്ഷ നല്‍കിയത് അനുസരിച്ചാണ് തുക അനുവദിക്കുന്നതെന്ന് ആദ്യം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ പരിശോധനയില്‍ ക്രമ പ്രകാരമല്ലാതെയോ അധികമായോ തുക മാറി നല്‍കിയതായി കാണുന്ന പക്ഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്തുത തുക തിരിച്ച് അടയ്ക്കണം എന്ന് പൊതുഭരണ വകുപ്പ് ആദ്യം ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസാണ് സാധാരണ രീതിയില്‍ മുഖ്യമന്ത്രിക്ക് വേണ്ടി അപേക്ഷ സമര്‍പ്പിക്കുന്നത്. ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ചതായാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്.
തുടര്‍ പരിശോധനയില്‍, ക്രമ പ്രകാരമല്ലാതെ തുക മാറി നല്‍കിയതായി കണ്ടെത്തിയാല്‍ തിരിച്ചടയ്ക്കണം എന്ന് മുഖ്യമന്ത്രിയോട് സ്വന്തം വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത് ഉചിതമല്ല എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. വസ്തുതാപരമായ ഇത്തരം പിശകുകള്‍ ഉത്തരവില്‍ കടന്നു കൂടിയത് കൊണ്ടാണ് ഉത്തരവ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
ജനുവരി 11 മുതല്‍ 26 വരെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യു എസില്‍ ചികിത്സയ്ക്കായി പോയത്. ഭാര്യ കമലക്കും പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷിനുമൊപ്പമാണ് ചികിത്സക്കായി അദ്ദേഹം അമേരിക്കയിലേക്ക് പോയത്. തിരിച്ച് വരുമ്പോള്‍ ദുബായ് വഴിയാണ് മുഖ്യമന്ത്രി എത്തിയത്. ദുബൈയിലെത്തിയ മുഖ്യമന്ത്രി ദുബൈ എക്‌സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും നിക്ഷേപക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 2018 സെപ്റ്റംബറില്‍ തന്റെ ഒന്നാം സര്‍ക്കാരിന്റെ കാലത്തും മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നു.












Click it and Unblock the Notifications