''മോഹൻലാലിന്റെ കുറിപ്പിലെ മറ്റൊരമ്മ ഞങ്ങളുടെ അമ്മയായിരുന്നു, ടി പി ചന്ദ്രശേഖരന്റെ അമ്മ''
അമ്മയുടെ വിയോഗത്തിന്റെ വേദന മറികടക്കാൻ മോഹൻലാലിനും കുടുംബത്തിനും സാധിക്കട്ടെയെന്ന് കെകെ രമ എംഎൽഎ. ഇന്ന് അന്തരിച്ച മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് അനുസ്മരണം അർപ്പിച്ച് കൊണ്ട് കെകെ രമ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു.
മോഹൻലാലിന്റെ വാക്കുകളിലൂടെ അദ്ദേഹത്തിന്റെ അമ്മയെ മലയാളികൾ അടുത്തറിഞ്ഞിട്ടുണ്ടെന്നും കെകെ രമ കുറിച്ചു. മാത്രമല്ല 2012ലെ തന്റെ വ്ളോഗിൽ സ്വന്തം അമ്മയെ കുറിച്ചും ടിപി ചന്ദ്രശേഖരന്റെ അമ്മയെ കുറിച്ചും മോഹൻലാൽ എഴുതിയതും കെകെ രമ അനുസ്മരിക്കുന്നു.
കെകെ രമയുടെ കുറിപ്പ് വായിക്കാം: '' മലയാളത്തിൻ്റെ അഭിമാനതാരം മോഹൻലാലിൻ്റെ അമ്മയുടെ ദേഹവിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അമ്മയോടുള്ള തൻ്റെ അഗാധമായ സ്നേഹവും അമ്മ പകർന്നു തന്ന പ്രചോദനവും എപ്പോഴും അഭിമാനപുരസ്സരം മോഹൻലാൽ ഓർക്കാറുണ്ട്. അദ്ദേഹത്തിൻ്റെ ആത്മാർത്ഥമായ വാക്കുകളിലൂടെ ഓരോ മലയാളിയും ആ അമ്മയെ അടുത്തറിഞ്ഞിട്ടുണ്ട്.

ഇപ്പോൾ ഓർമ്മയിൽ തെളിയുന്ന മറ്റൊരനുഭവം 2012 മെയ് മാസത്തിലെ തൻ്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹം തൻ്റെ പങ്കുവെച്ച ഒരു കുറിപ്പാണ്. "ഓർമ്മയിൽ രണ്ട് അമ്മമാർ " എന്ന് തലക്കെട്ടിൽ എഴുതിയ ആ കുറിപ്പിൽ അദ്ദേഹം പരാമർശിച്ച മറ്റൊരമ്മ ഞങ്ങളുടെ അമ്മയായിരുന്നു. ടി.പി. ചന്ദ്രശേഖരൻ്റെ അമ്മ.
"തനിക്കൊന്ന് നോവുമ്പോൾ അമ്മയുടെ മനസ്സ് പിടയുന്നത് തൊട്ടറിയാം. അപ്പോൾ കൊത്തിനുറക്കപ്പെട്ടിരിക്കുന്ന മകനെയോർത്തിരിക്കുന്ന ആ അമ്മയുടെ വിഷമവും തനിക്ക് മനസ്സിലാക്കാൻ സാധിക്കും. " എന്നെഴുതിയ മോഹൻലാൽ "കേരളമൊരു ഭ്രാന്താലയമായ് മാറുകയാണോ ? " എന്ന ആശങ്കയിലാണ് ആ കുറിപ്പ് അവസാനിപ്പിച്ചത്.
ലാൽ തൊട്ടറിഞ്ഞ ഒരിക്കലുമണയാത്ത വേദനകളുമായി ജീവിച്ച ഞങ്ങളുടെ അമ്മ വിട പറഞ്ഞിട്ട് വർഷങ്ങളായി. ഇപ്പോഴിതാ അന്ന് ആ കുറിപ്പെഴുതാൻ പ്രേരിപ്പിച്ച അമ്മയും യാത്രയാവുന്നു. ആദരാഞ്ജലികൾ. ഈ സങ്കടം മറികടക്കാൻ മോഹൻലാലിനും മറ്റു കുടുംബാംഗങ്ങൾക്കും എളുപ്പമാവില്ല. എങ്കിലും അതിന് സാധിക്കട്ടെ.












Click it and Unblock the Notifications