'പറയുന്ന വാക്കുകളിൽ കാണാം ഓരോരുത്തരുടേയും നിലവാരവും സംസ്കാരവും'; സുരേന്ദ്രനെതിരെ റിയാസ്
തിരുവനന്തപുരം: സി പി എം നേതാക്കൾക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഓരോരുത്തരും പറയുന്ന വാക്കുകൾ അവരുടെ സംസ്കാരവും നിലവാരവുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നായിരുന്നു റിയാസിന്റെ പ്രതികരണം. നാവ് കൊണ്ട് യുദ്ധം ചെയ്യുന്നവരല്ല തങ്ങളെന്നും കാര്യങ്ങൾ താഴേത്തട്ടിൽ ജനത്തെ ബോധ്യപ്പെടുത്തുന്നവരാണെന്നും റിയാസ് പറഞ്ഞു.
ദേശീയപാത വികസന കാര്യത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷന് ഇരട്ടത്താപ്പാണെന്നും റിയാസ് വിമർശിച്ചു.സംസ്ഥാനത്തെ ദേശീയപാത വികസനം വേഗത്തിലാക്കുന്നതിനുള്ള യോജിച്ചുള്ള നടപടികളാണു സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നതെന്നും റിയാസ് പറഞ്ഞു. ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലിനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ ഏറ്റെടുത്തതു ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കിയതായും മന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

ജനസാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയിൽ കേരളത്തിൽ ഭൂമിയേറ്റെടുക്കൽ ശ്രമകരമായ ദൗത്യമായിരുന്നുവെന്നു മന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അതിവേഗത്തിൽ ദേശീയ പാത വികസനത്തിന് നടപടികൾ സ്വീകരിക്കുകയും അവലോകന യോഗങ്ങൾ ചേർന്ന് നടപടി വിലയിരുത്തുകയും ചെയ്തു. ദേശീയപാത വികസനത്തിന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക വിനിയോഗിക്കുന്ന സർക്കാരാണിത്.
ചെറിയ ശതമാനം റോഡ് നിലവിൽ കേരള പൊതുമരാമത്ത് വകുപ്പിനു കീഴിലാണുള്ളത്. മലപ്പുറം -പുതുപ്പാടി, അടിമാലി - കുമളി റോഡ് നവീകരണത്തിന് വേണ്ടിയുള്ള പ്രപ്പോസലുകളും സംസ്ഥാനം കേന്ദ്രത്തിനു സമർപ്പിക്കുകയും അനുഭാവ പൂർണമായ നടപടി സ്വീകരിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കായി കേന്ദ്രവുമായി യോജിച്ച പ്രവർത്തനങ്ങൾ തുടർന്നു വരികയാണ്. ഇതോടൊപ്പം ദേശീയപാത വികസനത്തിന് വനം, വൈദ്യുതി, ജിയോളജി തുടങ്ങിയ വിവിധ വിവിധ വകുപ്പുകളുടെ ഏകോപനവും സാധ്യമാക്കുകയും ചെയ്യുന്നു.ദേശീയ പാത വികസനത്തിൽ സംസ്ഥാന സർക്കാരിനു പങ്കില്ല എന്ന തരത്തിലുള്ള തെറ്റിദ്ധാരണാജനകമായ വാർത്തകൾ തള്ളിക്കളയണമെന്നും മന്ത്രി പറഞ്ഞു.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66 ആറു വരിയായി വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിക്ക് 5519 കോടി രൂപ നൽകിയതായി മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞരുന്നു. 2016 നു മുൻപ് ഭൂമി ഏറ്റെടുക്കാനാകാതെ ദേശീയപാത 66 ന്റെ വികസനം തന്നെ ഉപേക്ഷിക്കാൻ ദേശീയപാത അതോറിറ്റി ആലോചിച്ച ഘട്ടത്തിലാണ് സ്ഥലം ഏറ്റെടുക്കാൻ വേണ്ടി വരുന്ന ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാമെന്ന് അറിയിച്ചത്. ഇതിനായി 5519 കോടി രൂപ ദേശീയ പാത അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ എല്ലാ ദേശീയപാത വികസനത്തിനും ആവശ്യമായ തുകയുടെ 25 ശതമാനം വഹിക്കാമെന്ന നിലപാട് സംസ്ഥാന സർക്കാരിനില്ല.സംസ്ഥാനത്തെ ദേശീയപാത വികസനം വേഗത്തിലാക്കുന്നതിനുള്ള യോജിച്ചുള്ള നടപടികളാണു സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications