റേഷൻ ഓട്ടോയിൽ വീട്ടിലെത്തിക്കാൻ 'ഒപ്പം'; ആദ്യം ഘട്ടം തൃശ്ശൂരിൽ

തൃശ്ശൂർ: ശാരീരിക ബുദ്ധിമുട്ടുകൾകൊണ്ട് റേഷൻ മുടങ്ങുമെന്ന പേടി ഇനി വേണ്ട. സർക്കാർ 'ഒപ്പമുണ്ട്.' നാട്ടിലെ ഓട്ടോ സുഹൃത്തുക്കൾ റേഷൻ വിഹിതം വീട്ടുപടിക്കലെത്തിക്കുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഒപ്പം പദ്ധതിക്ക് തുടക്കമായി. അതിദരിദ്ര പട്ടികയിലുളള ഗുണഭേക്താക്കളിൽ റേഷൻകടയിലെത്തി വിഹിതം വാങ്ങാൻ ബുദ്ധിമുട്ടുളളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. റേഷൻകടയുടെയും ഗുണഭോക്താക്കളുടെയും രണ്ട് കിലോമീറ്റർ ചുറ്റളവിലുളള ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
ഓട്ടോ തൊഴിലാളികൾ ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴി കടയിൽ നിന്ന് വീടുകളിലേക്ക് സൗജന്യമായി സാധനങ്ങൾ എത്തിച്ചുകൊടുക്കും. ഇ-പോസ് മെഷീൻ വീടുകളിലേക്ക് കൊണ്ടുപോകാനുള്ള അസൗകര്യം പരിഗണിച്ച് ഗുണഭോക്താക്കൾക്ക് താൽക്കാലിക രസീത് ഓട്ടോ തൊഴിലാളികളുടെ കൈവശം (പ്രോക്സി സംവിധാനം- പകരക്കാരെ ചുമതലപ്പെടുത്തൽ) കൊടുത്തുവിടും. റേഷൻ കൈപ്പറ്റിയത് ഗുണഭോക്താക്കൾ സാക്ഷ്യപ്പെടുത്തിയാൽ മാത്രമാണ് ഇ-പോസ് മെഷീനിൽ രേഖപ്പെടുത്തുന്നത്.
മാസത്തിലൊരിക്കൽ മാത്രമായതിനാൽ നിരവധി ഓട്ടോ തൊഴിലാളികൾ ഒപ്പം പദ്ധതിക്ക് സന്നദ്ധരായി മുന്നോട്ട് വന്നിട്ടുണ്ട്.എല്ലാ മാസവും പത്തിനകം ഗുണഭോക്താക്കൾക്ക് റേഷൻ എത്തിക്കാനാണ് തീരുമാനം. പദ്ധതിയുടെ ആദ്യഘട്ടം തൃശ്ശൂർ ജില്ലയിലെ നടത്തറ പഞ്ചായത്തിലാണ് നടപ്പാക്കുന്നത്. തുടർന്ന് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും. തൃശ്ശൂർ ജില്ലയിൽ 5000ത്തിലധികംപേർ അതിദരിദ്രരുടെ ലിസ്റ്റിൽ ഉണ്ട്. അതിൽ ഇരുന്നൂറോളം അവശകുടുംബങ്ങളാണ്.
സഹായം ആവശ്യമുളളവരുടെ ലിസ്റ്റ് സിവിൽ സപ്ലൈസ് അധികൃതർ തയ്യാറാക്കിട്ടുണ്ട്. താലൂക്ക്തല ഉദ്യേഗസ്ഥരുടെ നിരീക്ഷണത്തിൽ ഒപ്പം പദ്ധതിയുടെ സുതാര്യത നിലനിർത്തും. അർഹമായ റേഷൻ എല്ലാവരിലേക്കും എത്തിക്കുന്നതിനാണ് സർക്കാർ ഇത്തരത്തിൽ നൂതനമായ പദ്ധതിക്ക് തുടക്കം കുറിച്ചത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിൽ നിവഹിച്ചു. അതിദാരിദ്ര നിർമ്മാർജ്ജനം ലക്ഷ്യമിട്ടാണ് മറ്റൊരാളുടെ സഹായത്തോടെ മാത്രം റേഷൻ വാങ്ങാൻ കഴിയുന്ന വിഭാഗം ജനങ്ങളുടെ വീട്ടുമുറ്റത്തേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള ശ്രമം സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ 100 ശതമാനം റേഷൻ കാർഡ് ഉടമകളുള്ള ജില്ലയായി തൃശ്ശൂരിനെ മന്ത്രി പ്രഖ്യാപിച്ചു.
പൂച്ചട്ടി മാധവമന്ദിരം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ അദ്ധ്യക്ഷനായി. പി ബാലചന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായി.












Click it and Unblock the Notifications