'ക്രിമിനലുകൾക്കു വേണ്ടി ക്രമിനലുകൾ നടത്തുന്ന ഭരണം'; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുല്ലപ്പള്ളി
കണ്ണൂർ; കണ്ണൂരിൽ വിവാഹ പാർട്ടിക്കു നേരെയുണ്ടായ ബോംബേറിൽ യുവാവ് മരിച്ച സംഭവത്തിൽ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം കൊടും കുറ്റവാളികളും വാടകക്കൊലയാളികളും നെഞ്ച് വിരിച്ച് നിയമം കൈയിലെടുക്കുന്ന സംഭവ പരമ്പരകൾ കേരളത്തിൽ ഉടനീളം കണ്ട് വരികയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ആഭ്യന്തര വകുപ്പ് കൈയിൽ വെച്ചിരിക്കുന്ന മുഖ്യ മന്ത്രിയുടെ പരാജയമായിട്ടേ കേരളത്തിലെ അക്രമങ്ങളെ വിലയിരുത്താൻ കഴിയുകയുള്ളൂ. ക്രിമിനലുകൾക്കു വേണ്ടി ക്രമിനലുകൾ നടത്തുന്ന ഒരു ഭരണമാണ് ഇവിടെ നടക്കുന്നതെന്നും ഫേസ്ബുക്കിൽ മുല്ലപ്പള്ളി കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

"കേഴുക എൻ പ്രിയ നാടേ ....കണ്ണൂരിൽ ഒരു വിവാഹ തലേന്നുണ്ടായ നിസ്സാര വഴക്കിനെ തുടർന്ന് ഒരു സംഘം യുവാക്കൾ തികഞ്ഞ ആസൂത്രണത്തോടെ നടത്തിയ ബോംബാക്രമണ വും തുടർന്നു അക്രമി സംഘത്തിലെ ഒരു യുവാവ് ഉന്നം തെറ്റിയ ബോംബ് പതിച്ചു മരിച്ചതും ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. ഉത്തർ പ്രദേശും ബീഹാറുമായിരുന്നു ഒരു കാലത്തു അക്രമത്തിനും കൊള്ളക്കും കൊലപാതകത്തിനും കുപ്രസിദ്ധി നേടിയ സംസ്ഥാനങ്ങൾ. പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം കൊടും കുറ്റവാളികളും വാടകക്കൊലയാളികളും നെഞ്ച് വിരിച്ച് നിയമം കൈയിലെടുക്കുന്ന സംഭവ പരമ്പരകൾ കേരളത്തിൽ ഉടനീളം കണ്ട് വരികയാണ്.
കള്ളക്കടത്തിലും മയക്കുമരുന്ന് വ്യാപാരത്തിലും രാഷ്ട്രീയത്തിലെ ഉന്നതന്മാരുടെ പങ്ക് കേരളം പല ഘട്ടങ്ങളിലും ചർച്ച നടത്തിയതാണ്. സ്കൂളുകളിലും കോളേജുകളിലും മയക്കു മരുന്ന് സംഘങ്ങൾ പിടി മുറുക്കന്നുവെന്ന വാർത്ത കേട്ട് കേരളം ഞെട്ടുകയാണ്. കോളേജുകളും സർവ്വകലാശാലകളും ക്രിമിനൽ സംഘങ്ങളുടെ വളർത്തു കേന്ദ്രമായി അധ:പതിച്ചു. ജയിലുകളിലിരുന്ന് കള്ളക്കടത്ത് - മയക്കുമരുന്ന് ഗ്യാങ്ങുകളെ കുറ്റവാളികൾ നിയന്ത്രിക്കുന്നു.
ചില ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടക്കുന്ന നിശാ പാർട്ടിയും അതോടനുബന്ധിച്ച് അരങ്ങേറുന്ന സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടവും ജനങ്ങളെ ഭീതിയിലകപ്പെടുത്തി കഴിഞ്ഞു. നിശാ പാർട്ടിയിൽ പങ്കെടുത്ത രണ്ട് മോഡലുകളുടെ ദുരന്ത മരണം, സിനിമാ നടിയെ കരാറുറപ്പിച്ചു ബലാൽസംഗം ചെയ്ത സംഭവം ഇതെല്ലാം സാംസ്കാരിക കേരളത്തിനേറ്റ ശക്തമായ പ്രഹരങ്ങളാണ്. പണ്ടൊക്കെ നഗരങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് വാടക ഗുണ്ടകളും ക്രിമിനലുകളും പ്രവർത്തിച്ചതെങ്കിൽ ഗ്രാമങ്ങളിലും അവർ വേരുകൾ ഉറപ്പിച്ചു കഴിഞ്ഞു.
ഒരിക്കലും കേരളത്തിൽ ഇതുപോലൊരു കാലം ഉണ്ടായിട്ടില്ല. എന്താണ് നിയമ സമാധാന വാഴ്ച ഇത്രയും പാളം തെറ്റാൻ കാരണം? ഭരിക്കുന്നവരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായമില്ലങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.ആഭ്യന്തര വകുപ്പ് കൈയിൽ വെച്ചിരിക്കുന്ന മുഖ്യ മന്ത്രിയുടെ പരാജയമായിട്ടേ ഇതിനെ വിലയിരുത്താൻ കഴിയുകയുള്ളൂ. ക്രിമിനലുകൾക്കു വേണ്ടി ക്രമിനലുകൾ നടത്തുന്ന ഒരു ഭരണമാണ് ഇവിടെ നടക്കുന്നത്. മുഖ്യ മന്ത്രിക്കും അനുചര സംഘത്തിനും ഒരു ജാള്യതയുമില്ല. പോലീസ് ഡയറക്ടർ ജനറൽ മുതൽ താഴേത്തട്ടിൽ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാർ വരെ ഉത്തരം പറയേണ്ടതല്ലേ?
പ്രഗത്ഭന്മാരും നീതിമാന്മാരുമായ എത്രയെത്ര ഉന്നത ഐ.പി.എസ്സ്.ഉദ്യോഗസ്ഥന്മാരിവിടെയുണ്ടായിരുന്നു. അഴിമതി നടത്താത്ത , ഉപരിവർഗത്തിന്റെ ആതിഥ്യം ഒരിക്കലും ഏറ്റുവാങ്ങാത്ത ആ മികച്ച ഉദ്യോഗസ്ഥർ ഇപ്പോഴും തിളങ്ങുന്ന മാതൃകകളാണ്. നിയമ സമാധാനം ഉറപ്പു വരുത്താൻ നിതാന്ത ജാഗ്രത കാട്ടിയ അവരുടെ കൂറ് ഭരണഘടനയോടും പൊതു സമൂഹത്തോടുമായിരുന്നു. സ്വാഭിമാന ബോധമുള്ള ഐ. പി. എസ്സ്. ഉദ്യോഗസ്ഥന്മാർക്ക് വംശനാശം സംഭവിക്കുകയാണൊ?മോൺസൻ മാവുങ്കൽ എന്ന തട്ടിപ്പുകാരന്റെ വീട്ടിൽ സന്ദർശനം നടത്തി സുഖ ചികിത്സ നടത്തുന്ന ഉന്നത ഉദ്യോഗസ്ഥരുടെ കാലമാണിതെന്നത് ആരെയാണ് ആശങ്കപ്പെടുത്താത്തത്? എന്തു കുറ്റകൃത്യം ചെയ്താലും ഭരണ സ്വാധീനമുണ്ടെങ്കിൽ നിഷ് പ്രയാസം ഊരിപ്പോരാമെന്ന നില അത്യന്തം അപകടകരമാണ്.
Recommended Video
ബഹു: മുഖ്യ മന്ത്രിയുടെ അറിവിലേക്കാണ് ഇത്രയും പറഞ്ഞു പോയത്. മുഖ്യ മന്ത്രിയുടെ ജില്ലയിൽ പണ്ട് രാഷ്ട്രീയ കൊലപാതങ്ങൾ നിത്യ സംഭവമായിരുന്നു. കണ്ണൂർ ശാന്തമെന്ന് വിശ്വസിക്കാൻ ഇപ്പോൾ എങ്ങിനെ കഴിയും. സംഘടിതവും ആസൂത്രിതവുമായ രീതിയിൽ കുടിൽ വ്യവസായംപ്പോലെ ബോംബുകൾ ഇപ്പോഴും നിർമ്മിക്കുന്നു. ഒരു യുവാവ് ഉന്നം തെറ്റിയ ബോംബ് തട്ടി, തല ചിതറി മരിച്ച സംഭവം കണ്ണൂരിലെ നല്ലവരായ ജനങ്ങളെ വീണ്ടും ഭയ വിഹ്വലരാക്കിയിരിക്കുന്നു.
ഊരിയ വാളും ഉയർത്തി പിടിച്ച കത്തിയും വക വെക്കാതെ രാഷ്ട്രീയത്തിൽ നില ഉറപ്പിച്ച മുഖ്യ മന്ത്രി കോളജ് പഠന കാലത്ത് മേഷ യുദ്ധം നടത്തിയത് കേരളീയർക്ക് അറിയാം. കണ്ണൂർ എസ്സ്.പി. ജോസഫ് തോമസ്സ് ഐ.പി.എസ്സിനെ പേടിച്ചു നടന്ന കാലവും ജനങ്ങൾക്കറിയാം. ആഭ്യന്തര മന്ത്രിയായ താങ്കൾ ഇപ്പോഴും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഭയപ്പെടുകയാണൊ ?ബഹു: മുഖ്യ മന്ത്രി, പോലിസിന്റെ നിയന്ത്രണം അങ്ങേക്ക് കൊണ്ടു നടക്കാനാവില്ല. പരാജിതനായ ആഭ്യന്തര മന്ത്രിയാണ് അങ്ങ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താൻ കഴിയാത്ത അവസ്ഥയാണ് അരാജകത്വം അഥവാ അനാർക്കിയെന്ന് പറയുന്നത്.
വല്ലാത്ത ദുര്യോഗമാണ് കേരളം നേരിട്ടു കൊണ്ടിരിക്കുന്നത്.
" കേഴുക എൻ പ്രിയ നാടെ" എന്ന് അറിയാതെ പറഞ്ഞു പോവുകയാണ്.












Click it and Unblock the Notifications