പ്രതിപക്ഷത്തെ ജനങ്ങൾക്ക് മുൻപിൽ മോശക്കാരാക്കാൻ ഭരണകക്ഷി ശ്രമിക്കുന്നു; എളമരം കരീം
ദില്ലി; പാർലമെൻ്റിൽ നടക്കുന്നത് അസാധാരണ സംഭവങ്ങളാണെന്ന് എളമരം കരീം എം പി. കാർഷിക ബില്ലിൻമേൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ലോകസഭയിലേത് പോലെ രാജ്യസഭയിലും ചർച്ച നിഷേധിക്കുകാണ് സർക്കാർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നിയമം പിൻവലിക്കാനുള്ള ബില്ലിൻമേൽ ചർച്ച നടത്തിയ ചരിത്രം ഉണ്ട്, അത് നിഷേധിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്നും എളമരം കരീം കുറ്റപ്പെടുത്തി.
കർഷക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നോട്ടീസ് നൽകിയെങ്കിലും കാർഷിക നിയമത്തിൽ ചർച്ച വേണം എന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സർക്കാർ നിരാകരിച്ചു. സമരം ചെയ്യുന്നവരുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറായില്ല. ബില്ലിൻ്റെ ലക്ഷ്യങ്ങൾ എന്ന രേഖയിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയത്, ഈ പൊള്ളത്തരം തുറന്ന് കാട്ടാനാണ് പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടത്.

2020ൽ എങ്ങനെ ആണോ കർഷക നിയമങ്ങൾ പാസാക്കിയത് അതുപോലെ തന്നെ ചർച്ച നടത്താതെയാണ് പിൻവലിക്കാനുള്ള ബില്ലും അവതരിപ്പിച്ചത്. ഭരണഘടനയും സഭാ ചട്ടങ്ങളും ലംഘിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണ്, ഈ സാഹചര്യത്തിൽ പ്രതിഷേധിക്കുക അല്ലാതെ മറ്റു മാർഗമില്ല. രാജ്യസഭ ചെയർമാനും ഭരണ കക്ഷിയും ചേർന്ന് പ്രതിപക്ഷത്തെ ജനങ്ങൾക്ക് മുൻപിൽ മോശക്കാരാക്കി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെനന്നും എളമരം കരീം പറഞ്ഞു.
ശീതകാല സമ്മേളനം തുടങ്ങിയ ഇന്ന് രാവിലെ തന്നെ വിവാദ കാർഷിക നിയമങ്ങൾ റദ്ദ് ചെയ്യാനുള്ള ബിൽ കേന്ദ്രം ലോക്സഭയിൽ അവതരിപ്പിക്കുകയായിരുന്നു.
കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ആണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബില്ലായിരുന്നു അവതരിപ്പിച്ചത്.
അതേസമയം ബില്ലിൻമേൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
രാജ്യം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന വിഷയമായതിനാൽ തന്നെ വിശദമായ ചർച്ച നടത്തേണ്ടതുണ്ടെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യം സർക്കാർ തള്ളി. തുടർന്ന പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.
Recommended Video
പിന്നാലെ സഭ നിർത്തിവെച്ചിരുന്നു. പന്നീട് 12 മണിക്ക് സഭ പുനരാരംഭിച്ചപ്പോഴാണ് ബിൽ പാസാക്കിയത്.നിയമങ്ങൾ പിൻവലിക്കാനുള്ള സാഹചര്യത്തെ കുറിച്ച് പ്രധാനമന്ത്രി വിശദീകരണം നൽകിയതാണെന്നും അതിനാൽ ചർച്ചയുടെ ആവശ്യം ഇല്ലെന്നുമായിരുന്നു സര്‌ക്കാർ നിലപാട്. ലോക്സഭയിൽ പാസാക്കിയ ബിൽ പിന്നീട് ഉച്ചയ്കക് ശേഷം രാജ്യസഭയിലും അവതരിപ്പിച്ച് പാസാക്കുകയായിരുന്നു. രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമം റദ്ദാകും.












Click it and Unblock the Notifications