'തീവ്രത' എന്ന വാക്ക് റിപ്പോർട്ടിലില്ല, അറപ്പുളവാക്കുന്ന നീചമായ ആക്രമണം നടക്കുന്നു'; പികെ ശ്രീമതി
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ചതിന് പിന്നാലെ ഉയരുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി പികെ ശ്രീമതി. സിപിഎം നേതാവിനെതിരായ റിപ്പോർട്ടിൽ തീവ്രത എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്നും കേട്ടാലും കണ്ടാലും അറപ്പുളവാക്കുന്ന ചിത്രങ്ങളും വാക്കുകളും ഉപയോഗിച്ച് നീചമായ രീതിയിലുള്ള ആക്രമണമാണ് തനിക്കെതിരെ നടക്കുന്നതെന്നും അവർ പറഞ്ഞു.പാർട്ടി പ്രവർത്തകരിൽ തെറ്റ് ചെയ്തവരുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി എടുക്കുന്ന പാർട്ടിയാണ് സിപിഎം.അന്ന് ആരോപണ വിധേയനായ വ്യക്തിക്ക് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കനത്ത ശിക്ഷകിട്ടിയതാണെന്ന കാര്യം പലരും മറന്ന് പോയിക്കാണുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
അവരുടെ വാക്കുകളിങ്ങനെ- '"തീവ്രത "എന്ന വാക്ക് റിപ്പോർട്ടിലില്ല .സംസാരിച്ചിട്ടുമില്ല അതുമായി ബന്ധപ്പെട്ട് ഒരിക്കൽ പോലും ഞാൻ ആരോടും പ്രതികരിച്ചിട്ടുമില്ല . കേട്ടാലും കണ്ടാലും അറപ്പുളവാക്കുന്ന ചിത്രങ്ങളും വാക്കുകളും ഉപയോഗിച്ച് നടത്തുന്ന നീചമായ ആക്രമണം എനിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നവർക്ക് മനഃസുഖവും സന്തോഷവും ലഭിക്കുന്നുണ്ടെങ്കിൽ ആയിക്കോളൂ .

ഈ വൃത്തി കേടുകൾ എഴുതിവിടുന്നവരുടെ പ്രായത്തിലുള്ള പേരക്കുട്ടികളോട് വിശദീകരിച്ച് മനസിലാക്കിക്കാൻ ഞാൻ കുറച്ച് വിഷമിക്കേണ്ടിവരും എന്നേ ഉള്ളു മനസാവാചാ അറിയാത്ത കാര്യങ്ങളിൽ പോലും എനിക്കെതിരെ കുപ്രചരണംനടത്തിയത് കേട്ട് തഴമ്പിച്ച ചെവികളാണ് എൻ്റേത് .പാർട്ടി പ്രവർത്തകരിൽ തെറ്റ് ചെയ്തവരുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി എടുക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് എല്ലാവർക്കും അറിയാം . അങ്ങനെയല്ലാത്ത ഒരു സംഭവം പോലും ആർക്കും ചൂണ്ടിക്കാണിക്കാൻ കഴിയില്ല .അന്ന് ആരോപണ വിധേയനായ വ്യക്തിക്ക് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കനത്ത ശിക്ഷകിട്ടിയതാണെന്ന് ഉള്ളകാര്യം പോലും പലരും മറന്നുപോയി', പോസ്റ്റിൽ പറഞ്ഞു.
പികെ ശശിക്കെതിരായ ആരോപണത്തിൽ തീവ്രത എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ല. നിയമസഭയിൽ ഈ വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ മറ്റാരോ ഉപയോഗിച്ച വാക്ക് പിന്നീട് പത്രങ്ങളിൽ വരികയായിരുന്നു. അങ്ങനെയൊരു വാക്ക് റിപ്പോർട്ടിലുമില്ലെന്ന് മുൻപ് തന്നെ പികെ ശ്രീമതി വ്യക്തമാക്കിയിരുന്നു. പികെ ശശി ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ വാക്കുകള്‍ കൊണ്ട് അപമര്യാദ കാട്ടിയിട്ടുണ്ടെന്നാണ് പാര്‍ട്ടി കമ്മിഷൻ കണ്ടെത്തിയതെന്നും അതിനാൽ തന്നെ ഇത് 'തീവ്രത കുറഞ്ഞ ലൈംഗിക പീഡനം' എന്ന നിലയിലാണ് കമ്മീഷൻ വിലയിരുത്തിയിരുത്തിയതെന്ന തരത്തിലുമായിരുന്നു അന്ന് വാർത്തകൾ വന്നത്.












Click it and Unblock the Notifications