അഡ്വാന്‍സ് 50 കോടി നല്‍കാനാവില്ല; പത്ത് കോടി നല്‍കാമെന്ന് തീയേറ്റര്‍ ഉടമകള്‍; മരയ്ക്കാര്‍ തീയേറ്റര്‍ കാണുമോ?
കൊച്ചി: മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ പത്ത് കോടി രൂപ അഡ്വാന്‍സ് നല്‍കാമെന്ന് തീയേറ്റര്‍ ഉടമകള്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന തീയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
എന്നാല്‍ മരയ്ക്കാര്‍ തീയേറ്ററില്‍ റിലീസ് ചെയ്യണമെങ്കില്‍ 50 കോടി രൂപ അഡ്വാന്‍സ് നല്‍കണമെന്നാണ് നേരത്തെ ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ തനിക്ക് മിനിമം ഗ്യാരണ്ടി നല്‍കണമെന്നും നിര്‍മാതാവ് ഫിലിം ചേംബറിനെ അറിയിച്ചിരുന്നു. അതേസമയം നഷ്ടം വന്നാല്‍ ആ പണം തിരികെ നല്‍കില്ല. എന്നാല്‍ ലാഭവിഹിതം നല്‍കണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 10 കോടി രൂപ നല്‍കാമെന്ന് തീയേറ്ററുകളുടെ സംഘടന അറിയിച്ചത്. കൂടാതെ എല്ലാ തീയേറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മരയ്ക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന ദിവസം മറ്റ് സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും തീയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. നേരത്തെ തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിട്ടാണ് ഫിലിം ചേംബര്‍ ആന്റണിയെ കണ്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

ഈ പ്രതിസന്ധി ഘട്ടത്തില്‍ 50 കോടി രൂപ അഡ്വാന്‍സ് തുക നല്‍കാനാവില്ലെന്ന നിലപാടിലാണ് തീയേറ്റര്‍ ഉടമകള്‍. എന്നാല്‍ ഇതിനിടെ, ചിത്രം ഒടിടിക്ക് നല്‍കാനുള്ള ചര്‍ച്ച നടത്തുന്നുണ്ട്. ആമസോണ്‍ പ്രൈമുമായിട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത്. തിയേറ്ററില്‍ ഒടിടിയിലും ഒരുമിച്ച് റിലീസ് ചെയ്യുന്ന ഹൈബ്രിഡ് രീതി മരയ്ക്കാറിന് ഉണ്ടാവില്ലെന്ന് നേരത്തെ ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു,

എന്നാല്‍ ഇതിനിടെ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് ആന്റണി പെരുമ്പാവൂര്‍ രാജി സന്നദ്ധത അറിയിച്ചെന്നാണ് വിവരം. സംഘടന ചെയര്‍മാന്‍ ദിലീപിന് കത്ത് നല്‍കിയെന്നാണ് വിവരം. തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണം. മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തില്‍ തന്നോട് ആരും തന്നെ ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടന്നത് എല്ലാം 'മോഹന്‍ലാല്‍ സാറുമായുമാണ്' എന്നും ആന്റണി പെരുമ്പാവൂരിന്റെ രാജി കത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, ചിത്രം ഒടിടിയില്‍ റിലീസിന് പോകുമോ എന്ന് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകാന്‍ സാധ്യതയുണ്ട്. അതേസമയം, ആദ്യ മൂന്നാഴ്ച്ച മരയ്ക്കാര്‍ മാത്രം റിലീസ് ചെയ്യാനാവുമോ എന്നത് ഇപ്പോഴും സംശയമുള്ള കാര്യമാണ്. ബിഗ് ബജറ്റ് ചിത്രമായ കുറുപ്പ് അടക്കം റിലീസിനായി കാത്തിരിക്കുന്നുണ്ട്. മരയ്ക്കാറിന് മികച്ച അഭിപ്രായമില്ലാതെ തീയേറ്ററുകള്‍ക്ക് പിടിച്ചുവയ്ക്കാന്‍ സാധിക്കില്ല.

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളാണ് മരയ്ക്കാറിനെ തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ പേടിപ്പിക്കുന്ന ഘടകം. നിലവില്‍ അമ്പത് ശതമാനം മാത്രമാണ് തിയേറ്ററിലെ കപ്പാസിറ്റി. അതുകൊണ്ട് തിയേറ്ററില്‍ റിലീസ് ചെയ്താലും ലാഭമുണ്ടാക്കാനാവില്ലെന്നാണ് മരയ്ക്കാറിന്റെ നിര്‍മാതാക്കള്‍ കരുതുന്നത്. മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്റര്‍ വിട്ട് ഒടിടിയിലേക്ക് മാറിയാല്‍ സിനിമ വിതരണ മേഖലയില്‍ കനത്ത തിരിച്ചടിയാണ് സൃഷ്ടി്ക്കുക.












Click it and Unblock the Notifications