'അന്‍വറിന് പിന്നില്‍ ബാഹ്യശക്തികള്‍'; ഡിജിപിക്ക് മൊഴി നല്‍കി അജിത് കുമാര്‍
തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ എഡിജിപി എംആര്‍ അജിത് കുമാര്‍. അന്‍വറിന് പിന്നില്‍ ബാഹ്യശക്തികളുണ്ട് എന്ന് അജിത് കുമാര്‍ പറഞ്ഞു. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്. ഗൂഢാലോചനയില്‍ സംശയിക്കുന്ന കാര്യങ്ങളും ഡിജിപിക്ക് മൊഴിയായി നല്‍കി. പരാതിക്കാരന്‍ എന്ന നിലയിലാണ് എഡിജിപി അജിത് കുമാറിന്റെ മൊഴിയെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും മൊഴി നല്‍കും. മൂന്നര മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പ് വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഐജി സ്പര്‍ജന്‍ കുമാറും എഡിജിപിയുടെ മൊഴിയെടുക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. ആരോപണങ്ങള്‍ക്ക് രേഖാമൂലം പരാതി നല്‍കാനുള്ള അവസരം നല്‍കണം എന്ന് അജിത് കുമാര്‍ ആവശ്യപ്പെട്ടു. സ്വത്ത് സംബന്ധിച്ച എല്ലാ രേഖകളും നല്‍കാം എന്ന് അജിത് കുമാര്‍ ഡിജിപിയെ അറിയിച്ചു.

സംസ്ഥാന പൊലീസ് ചരിത്രത്തിലെ അസാധാരണ മൊഴിയെടുപ്പിനാണ് ഇന്നലെ പൊലീസ് ആസ്ഥാനം സാക്ഷ്യം വഹിച്ചത്. സംസ്ഥാന പൊലീസ് മേധാവിയായ ഡിജിപി അധികാര ശ്രേണിയിലെ രണ്ടാമനായ എഡിജിപിയുടെ മൊഴിയെടുക്കുന്നത് അപൂര്‍വമാണ്. എസ്പിയെ മാറ്റാത്തതിലുള്ള വിരോധമാകാം അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്ന് എഡിജിപി മൊഴി നല്‍കി എന്നാണ് വിവരം.
ചോദ്യാവലി അന്വേഷണ സംഘം എഡിജിപിക്ക് നല്‍കും. അന്‍വര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്വര്‍ണക്കടത്തു മാഫിയ അടക്കമുള്ള ചില ബാഹ്യശക്തികളാണെന്ന് ജിത്കുമാര്‍ ആരോപിച്ചു എന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുഴല്‍പ്പണ ഇടപാടുകാരും തീവ്രവാദബന്ധമുള്ള ചിലരും ഇതിലുണ്ടെന്നും മൊഴിയിലുണ്ടെന്നാണു വിവരം.
വിശദമായി അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്തണമെന്നും തെളിവ് ലഭിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കണമെന്നും എഡിജിപി ആവശ്യപ്പെട്ടു. നേരത്തെ എഡിജിപിയുടെ മൊഴിയെടുക്കുന്നതിന് ഐജി സ്പര്‍ജന്‍കുമാറിനെ നിയോഗിക്കാനായിരുന്നു തീരുമാനം. എന്നാല്‍ അദ്ദേഹം തന്നെക്കാള്‍ ജൂനിയറാണെന്നും ഡിജിപി നേരിട്ടു മൊഴിയെടുക്കണമെന്നും ആവശ്യപ്പെട്ട് എഡിജിപി കത്ത് നല്‍കിയിരുന്നു.
അതേസമയം അന്‍വറിന്റെ ആരോപണത്തിന് പുറമെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് എഡിജിപി എന്താണ് പറഞ്ഞതില്‍ എന്ന് വ്യക്തതയില്ല. ആര്‍എസ്എസ് നേതാക്കളുമായുള്ള സന്ദര്‍ശനം സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍ സ്വകാര്യ സന്ദര്‍ശനം എന്നായിരുന്നു അജിത് കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണം. അതിനിടെ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള പരാതിയില്‍ ഡിജിപി വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു.
അനധികൃത സമ്പാദ്യം, ആഡംബര വീട് നിര്‍മാണം ഉള്‍പ്പെടെ അന്‍വര്‍ എംഎല്‍എ ഉന്നയിച്ച പരാതികളില്‍ വിജിലന്‍സ് അന്വേഷണം വേണം എന്നാണ് ഡിജിപി ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അന്‍വര്‍ ഡിജിപിക്ക് കത്ത് നല്‍കി.












Click it and Unblock the Notifications