'രാഷ്ട്രീയ എതിരാളികൾ ഇത്രയും വേട്ടയാടിയ മറ്റൊരു നേതാവില്ല', പിണറായിക്ക് മുന്നിൽ ഉമ്മൻചാണ്ടിയെ കുറിച്ച് സുധാകരൻ
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ പോലെ രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടിയ മറ്റൊരു നേതാവ് കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തിരുവനന്തപുരത്ത് കെപിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു കെ സുധാകരന്റെ വാക്കുകള്‍.
കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ട ജീവിതമായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. ലാളിത്യം അദ്ദേഹത്തിന്റെ പ്രവര്‍ത്തിയിലും നോക്കിലും നടപ്പിലും വരെ നിറഞ്ഞ് നിന്നു. സെക്കുലറിസം അദ്ദേഹത്തിനൊരു നെറ്റിപ്പട്ടം പോലെ ഇണങ്ങുന്നതായിരുന്നു. കേരളത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഉമ്മന്‍ചാണ്ടി ഒരുപോലെ സ്വീകാര്യനായത് മായം ചേര്‍ക്കാത്ത മതേതര നിലപാട് മൂലമാണ്, കെ സുധാകരന്‍ പറഞ്ഞു.
എല്‍ഡിഎഫിന്റെ കോട്ടയായ പുതുപ്പള്ളി ഉമ്മന്‍ചാണ്ടി പിടിച്ചെടുത്തതും അവിടെ നിന്ന് 12 തവണ വിജയിച്ചതും ചരിത്രമാണ്. മണ്ഡലത്തിലെ ഓരോ വീടും അദ്ദേഹം സ്വന്തം വീടാക്കി മാറ്റി. ജയിച്ചാല്‍ പിന്നെ കാണില്ല എന്ന് ജനപ്രതിനിധികളെ കുറിച്ച് ആര്‍ക്കും പരാതി ഇല്ലാത്തതിന് കാരണം ഉമ്മന്‍ചാണ്ടിയുണ്ടാക്കിയ സ്വാധീനമാണ്. കേരളത്തിന്റെ ഏത് മുക്കിലും മൂലയിലും ഉളള കോണ്‍ഗ്രസ് പ്രവര്‍ത്തകരും എന്ത് പ്രശ്‌നമുണ്ടായാലും ആദ്യം ഓടിയെത്തുക ഉമ്മന്‍ചാണ്ടിയുടെ അടുത്താണ് എന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ പാര്‍ട്ടിയിലും പെട്ടവര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ സഹായം ലഭിച്ചിട്ടുണ്ട്. ഓരോ ചില്ലിക്കാശും സ്വന്തം ജനത്തിന് വേണ്ടി ചിലവഴിച്ച് ശൂന്യമായ കൈകളുമായാണ് അദ്ദേഹം മടങ്ങിയത്. അദ്ദേഹത്തിന്റെ സമ്പാദ്യം ജനമനസ്സിലെ ആദരവ് മാത്രമായിരുന്നു. ഏറ്റെടുത്ത പദവികളേക്കാള്‍ അദ്ദേഹം മറ്റുളളവര്‍ക്ക് വേണ്ടി വിട്ടുകൊടുത്തിട്ടുണ്ട്. വെട്ടിപ്പിടിക്കുന്നതിനേക്കാള്‍ വിട്ടുകൊടുക്കുന്നതില്‍ ആഹ്‌ളാദം കണ്ടെത്തിയ അപൂര്‍വ്വഇനം പൊതുപ്രവര്‍ത്തകരില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടി.
2 സീറ്റിന്റെ ഭൂരിപക്ഷവുമായി അധികാരത്തിലേറി വന്യമായ ആരോപണങ്ങള്‍ക്കും സമാനകളില്ലാത്ത പ്രക്ഷോഭങ്ങള്‍ക്കും ഇടയിലും അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. ഉമ്മന്‍ചാണ്ടിയെ പോലെ രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടിയ മറ്റൊരു നേതാവ് കേരളത്തിന്റെ ചരിത്രത്തിലില്ല. ഇത്രയും തരം താണ രീതിയില്‍ തന്നോട് പെരുമാറിയവരോട് ഒരിക്കല്‍ പോലും ഉമ്മന്‍ചാണ്ടി മോശമായി പ്രതികരിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ മഹത്വം. വെറുപ്പിന്റെ പ്രചാരകരെ സ്‌നേഹം കൊണ്ട് നേരിട്ട നേതാവായിരുന്നു ഉമ്മന്‍ചാണ്ടി.അദ്ദേഹത്തെ കുറിച്ചുളള സത്യങ്ങള്‍ എല്ലാവര്‍ക്കും തുടക്കം മുതലേ അറിയാമായിരുന്നുവെങ്കിലും വൈകിയ വേളയിലും സത്യം പുറത്ത് വന്നത് ആഹ്ലാദകരമാണെന്നും കെ സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications