ബാബുരാജിന്റെ അഭിപ്രായത്തിന് മറുപടി പറയാനില്ല; കോടതി കണ്ടെത്തിയ കുറ്റക്കാരെ ശിക്ഷിച്ചിട്ടുണ്ട്
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റക്കാര്‍ക്ക് ശിക്ഷ ലഭിച്ചെന്നും ബാബുരാജിന്റെ അഭിപ്രായത്തിന് മറുപടി പറയാനില്ലെന്നും അമ്മ ജനറല്‍ സെക്രട്ടറിയും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണുമായ കുക്കു പരമേശ്വരന്‍. പെണ്‍കുട്ടിക്കെതിരെ അതിക്രമം നടന്നുവെന്ന് കോടതി വിധിയോടെ തെളിഞ്ഞു. ആര്‍ക്കെതിരെയും ഉണ്ടാകാന്‍ പാടില്ലാത്ത അതിക്രമമാണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞു.
കുക്കു പരമേശ്വരന്റെ വാക്കുകള്‍: കോടതിയാണ് നമ്മളെല്ലാം ജീവിക്കുന്ന ഇന്ത്യയില്‍ പ്രധാനം. വിധി എതിരായാലും അനുകൂലമായാലും കോടതി എന്താണോ പറയുന്നത് അത് നമുക്ക് സ്വീകരിക്കേണ്ടി വരും. ജനങ്ങള്‍ നടത്തുന്ന കോടതിയാണെങ്കില്‍ അതിനു വ്യത്യാസമുണ്ടാകും. കോടതി വിധി അനുസരിക്കാന്‍ നമ്മളെല്ലാം ബാധ്യസ്ഥരാണ്.
കോടതി കണ്ടെത്തിയ കുറ്റക്കാരെ ശിക്ഷിച്ചിട്ടുണ്ട്. അത് എന്തിനാണ് മറക്കുന്നത്. ഈ പെണ്‍കുട്ടിയുടെ, എന്റെ സഹപ്രവര്‍ത്തകയുടെ നേരെ നടന്ന അതിക്രമം നടക്കാന്‍ പാടില്ലാത്തതാണ്. അങ്ങനെയൊരു സംഭവം നടന്നു എന്നുള്ളതല്ലേ ഏറ്റവും ഭയാനകമായ കാര്യം. അതിനെക്കുറിച്ച് അല്ല ചര്‍ച്ച. ഇങ്ങനെയൊരു സംഭവം നടക്കാന്‍ പാടുണ്ടോ. സിനിമയില്‍ അഭിനയിക്കുന്നവര്‍ക്ക് മാത്രമല്ല ഏത് ജോലി ചെയ്യുന്നവര്‍ക്കും എതിരേ നടക്കാവുന്ന ഒരു കാര്യമാണ്. അങ്ങനെ ഒരു അതിക്രമം നടന്നു എന്നതാണ് ഈ കോടതി വിധിയിലൂടെ മനസിലാകുന്നത്. അത് സഹിക്കാന്‍ പറ്റാത്തതാണ്. അതിനെതിരായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നാണ് ഇനി ആലോചിക്കേണ്ടത്.

ഗൂഢാലോചന നടത്തിയത് ആരാണെന്നു കണ്ടെത്താനാണ് പൊലീസും കോടതിയും ഒക്കെയുള്ളത്. അത് കണ്ടുപിടിക്കട്ടെ. അഭിപ്രായം പറയാന്‍ എളുപ്പമാണ്. കോടതി വിധി സംബന്ധിച്ച് അമ്മ തലപ്പത്തുള്ളവര്‍ പ്രതികരിക്കണം എന്ന് ബാബുരാജ് പറഞ്ഞതിനോട് മറുപടി പറയാന്‍ ഞാന്‍ ബാധ്യസ്ഥയല്ലെന്നും കുക്കു പരമേശ്വരന്‍ പറഞ്ഞു.
പിടി കുഞ്ഞുമുഹമ്മദിന് എതിരായ പരാതി ചലച്ചിത്ര അക്കാദമിക്ക് മുന്നില്‍ വന്നിരുന്നു. പരാതിയുടെ ആഴം മനസിലാക്കി ഗൗരവമായി എടുത്തിട്ടുണ്ട്. നടപടിയും അതിന്റെ രീതിയില്‍ മുന്നോട്ടു പോകും. അതിന് ഒരു മാറ്റവും ഉണ്ടാകില്ല. പരാതിക്കാരിയായ സ്ത്രീക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അവള്‍ക്കൊപ്പം അല്ല എന്ന് ഐഎഫ്എഫ്‌കെ പറഞ്ഞിട്ടില്ല. ഐഎഫ്എഫ്‌കെ തുടങ്ങിയിട്ടേയുള്ളൂ. നാളെയാണ് ഉദ്ഘാടനം. അതിനു വേണ്ടി കാത്തിരിക്കാനും കുക്കു പരമേശ്വരന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications