നിര്‍മ്മാണ നിരോധനം - മലയോര ജനതക്ക് തിരച്ചടി; ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ല
ഇടുക്കി: നിര്‍മ്മാണ നിരോധന ഉത്തരവില്‍ നട്ടം തിരിയുകയാണ് ഇടുക്കിയിലെ എട്ടു വില്ലേജുകളിലെ ജനങ്ങള്‍. മലയോര ജനതക്ക് വന്‍ തിരിച്ചടി നല്‍കി മൂന്നാര്‍ ട്രിബൂണലിന്റെ പരിധിയില്‍ വരുന്ന വില്ലേജുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാകാത്ത സാഹചര്യമാണ് നിലവില്‍.
വെള്ളത്തൂവല്‍,പള്ളിവാസല്‍,ബൈസണ്‍വാലി ഉള്‍പ്പെടെയുള്ള വില്ലേജുകളില്‍ നിര്‍മ്മാണ നിരോധനവും മരം മുറിക്കുന്നതിനുള്ള നിരോധനവും നിലനില്‍ക്കുന്നു.ഇതോടെ ഭവന നിര്‍മ്മാണംപ്പോലും നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് മലയോര ജനത.ജില്ലയില്‍ ഭൂമി സംബന്ധമായ വിഷയങ്ങളില്‍ പ്രതിസന്ധി രൂക്ഷമായതോടെ ജില്ലയുടെ വിവിധ ഇടങ്ങളില്‍ പ്രതിക്ഷേധവും ശക്തമായി.

വലിയ ജനപങ്കാളിത്തത്തോടെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രതിക്ഷേധ സമരങ്ങള്‍ സംഘടിപ്പിക്കുകയാണ് മലയോര ജനത.പ്രതിക്ഷേധതത്തിന്റെ ഭാഗമായി രണ്ടുഘട്ടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് സമരത്തില്‍ പങ്കാളികളായത്. മൂന്നാര്‍ ട്രിബ്യൂണല്‍ പിരിച്ചു വിടുക, നിര്‍മ്മാണ നിരോധനം നീക്കുക.

കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാന്‍ കര്‍ഷകര്‍ക്കുതന്നെ അനുമതി നല്‍കുക,ഓരോ വില്ലേജുകളിലെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പാറയും ,മണ്ണും മണലും അതാതു പ്രദേശങ്ങളില്‍ നിന്നുതന്നെ ഖനനം ചെയ്യാനുള്ള അനുമതി നല്‍കുക,തുടങ്ങിയ പതിമൂന്നോളം ആവശ്യങ്ങളാണ് ജനങ്ങള്‍ മുന്നോട്ടു വെക്കുന്നത്.അതേസമയം ഇടുക്കിയില്‍ മാത്രമുള്ള നിര്‍മ്മാണ നിരോധനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ജില്ലയിലെ ജനപ്രതിനിധികള്‍ പറയുന്നത്. കര്‍ഷകര്‍ക്ക് അനുകൂലമായ രീതിയില്‍ ഉടന്‍ തീരമാനം ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.












Click it and Unblock the Notifications