'പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകൾ വേണ്ട, ഒറ്റക്കെട്ടായി നീങ്ങണം'; വടിയെടുത്ത് രാഹുൽ
ഡൽഹി: ശശി തരൂർ വിവാദത്തിനിടെ നേതാക്കൾക്ക് കർശന നിർദേശവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകൾ നടത്തരുതെന്നും എല്ലാവരും ഒറ്റക്കെട്ടായി നീങ്ങണമെന്നും രാഹുൽ പറഞ്ഞു. ഇന്ദിരാഭവനില്‍ വെള്ളിയാഴ്ച വൈകിട്ട് ചേര്‍ന്ന കേരള നേതാക്കളുടെ യോഗത്തിലാണ് രാഹുലിന്റെ പ്രതികരണം.
'രാഷ്ട്രീയ തന്ത്രത്തെ കുറിച്ച് നേതാക്കൾക്ക് കൃത്യമായ അവബോധം ആവശ്യമാണ്. പാർട്ടിയുടെ നിലപാടിന് വിരുദ്ധമായി യാതൊരു പ്രതികരണവും ആരും തന്നെ നടത്താൻ പാടില്ല. ജനങ്ങൾ ശരിക്കും വികാരാധീനരാണെന്നും ഒരു മാറ്റം വേണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടെന്നും എനിക്ക് അറിയാം. അതുകൊണ്ട് തന്നെ ഏത് രീതിയിൽ പ്രവർത്തിക്കണമെന്നതിനെ കുറിച്ചും മുന്നോട്ടുള്ള തന്ത്രങ്ങളെ കുറിച്ചും കൂടുതൽ ശ്രദ്ധയുള്ളവരായിരിക്കണം. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നത് ജനങ്ങളോടുള്ള അനാദരവായി വിലയിരുത്തപ്പെടും. കേരളത്തിലെ നേതാക്കൾ പാർട്ടിക്ക് മുതൽകൂട്ടാണ്, അതിനാൽ ഒറ്റക്കെട്ടായി നേതാക്കൾ മുന്നോട്ട് പോകണം', രാഹുൽ ഗാന്ധി പറഞ്ഞു. തരൂർ വിവാദത്തിനിടെയാണ് പ്രതികരണമെങ്കിലും തരൂരിന്റെ പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

കേരള നേതാക്കൾക്കിടയിൽ ഐക്യവും അച്ചടക്കവും ഉറപ്പാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പറഞ്ഞു. ഇനി ഏതെങ്കിലും നേതാക്കൾ പാർട്ടിയെ മാനിക്കാതെ വ്യക്തിപരമായ അഭപ്രായങ്ങൾ പങ്കിട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി നേതാവ് ദീപ ദാസ് മുൻഷിയും പ്രതികരിച്ചു.
അതേസമയം യോഗത്തിലും ശശി തരൂരിൽ നിന്നും യാതൊരു തരത്തിലുള്ള വിശദീകരണവും നേതൃത്വം തേടിയിട്ടില്ലെന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. യോഗത്തിന് ശേഷം തരൂർ എക്സിലൂടെ പ്രതികരിച്ചിരുന്നു. കേരള നേതാക്കളെ ഉൾപ്പെടുത്തി മികച്ച യോഗമാണ് നടന്നതെന്നും പാർട്ടിയിൽ ഐക്യം സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഗാർഗെയും ദീപ ദാസ് മുൻഷിയും ഊന്നി പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
ശശി തരൂർ മുൻപ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ പോഡ് കാസ്റ്റിലെ പരാമർശങ്ങളാണ് വിവാദമായത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിന് ആഗ്രഹം പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു പരാമർശങ്ങൾ. കേരളത്തിലെ വിഷയങ്ങളിൽ ഞാൻ ഇടപെടണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു തരൂരിന്റെ വാക്കുകൾ. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി എന്താണ് തന്നോട് ആവശ്യപ്പെടുന്നതെന്ന് നോക്കാമെന്നും തരൂർ പറഞ്ഞു.












Click it and Unblock the Notifications