കേരളത്തിൽ യുഡിഎഫ് തരംഗം ഉണ്ടാകും, ഒരു ഡസൻ മന്ത്രിമാരെങ്കിലും പരാജയപ്പെടും; വിഡി സതീശൻ
സംസ്ഥാനത്ത് എല്ലായിടത്തും യുഡിഎഫ് തരംഗമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നൂറിലധികം സീറ്റുമായി യു ഡി എഫ് അധികാരത്തിൽ വരും .സർക്കാരിനെതിരായ അതിശക്തമായ പ്രതിഷേധം ജനങ്ങളുടെ ഇടയിലുണ്ട്. യു ഡി എഫ് വന്നാൽ കേരളത്തിൽ മാറ്റം ഉണ്ടാകും എന്ന ഉറച്ച പ്രതീക്ഷയിലാണ് ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
' ഞങ്ങൾ ഈ സർക്കാരിനെതിരായിട്ട് അവതരിപ്പിച്ച കുറ്റപത്രം ജനങ്ങൾ അവരുടെ മനസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്യും. ഈ സർക്കാരിനെ അവർ ശിക്ഷിക്കും. യുഡിഎഫ് അധികാരത്തിൽ വരും എന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമാണ്. എല്ലായിടത്തും നല്ല രീതിയിലുള്ള പ്രവർത്തനമാണ് നടക്കുന്നത് . ടീം യുഡിഎഫ് ആയിട്ടാണ് പ്രവർത്തിക്കുന്നത്. ഒരു പ്രശ്നവും ഒരു സ്ഥലത്തുമില്ല',അദ്ദേഹം പറഞ്ഞു.

100 പ്ലസ് സീറ്റുകൾ യു.ഡി.എഫ് നേടുമെന്ന് എഴുതിവെച്ചോളൂ. ഒരു ഡസൻ മന്ത്രിമാരെങ്കിലും പരാജയപ്പെടും. അതിശക്തമായ വികാരം ഉണ്ട് എല്ലായിടത്തും. തിരുവനന്തപുരത്ത് ഒരു സീറ്റാണ് ഞങ്ങൾക്ക് ഉള്ളത്. അത് എട്ട് സീറ്റ് വരെ ആവാം. കൊല്ലത്ത് രണ്ടെണ്ണമാണ് ഉള്ളത്, അത് ഏഴോ എട്ടോ ആവാം. ആലപ്പുഴ ഞങ്ങൾ കണക്ക് കൂട്ടിക്കൊണ്ടിരിക്കുന്നതേയുള്ളൂ. കാസർഗോഡ് നിന്നും എറണാകുളത്ത് എത്തുന്നതിന് മുമ്പ് യുഡിഎഫിന് ഭൂരിപക്ഷം കിട്ടും', വിഡി സതീശൻ പറഞ്ഞു.
വയനാട് ഫണ്ട് സമാഹരണമൊക്കെ ആപ്പ് വഴി കൃത്യമായി നടത്തിയതാണെന്നും വീട് പണിയാൻ കെപിസിസി ഫണ്ടിൽ നിന്നും എസിസി ഫണ്ടിൽ നിന്നും പൈസ കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനി പൈസ കളക്ഷൻ ഇല്ല. ആരെങ്കിലും തന്നാൽ വാങ്ങിക്കുമെന്നും സതീശൻ വ്യക്തമാക്കി.
ഇത്തവണ സംസ്ഥാനത്ത് വലിയ വിജയ പ്രതീക്ഷയിലാണ് യു ഡി എഫ്. പല അഭിപ്രായ സർവ്വേകളും ഇക്കുറി ഭരണമാറ്റം പ്രവചിക്കുന്നുണ്ട്. യു ഡി എഫിന് 82 സീറ്റുകൾ വരെ സർവ്വെകൾ പ്രവചിക്കുന്നുണ്ട്. യു ഡി എഫിന് 100 സീറ്റുകൾ വരെ നേടാനാകുമെന്നാണ് നേതാക്കൾ പറയുന്നത്. അതേസമയം 100 സീറ്റുകൾ ലഭിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നാണ് വി ഡി സതീശൻ വ്യക്തമാക്കിയത്. അനാവശ്യമായി കടിച്ചുതൂങ്ങി നിൽക്കില്ലെന്നും രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ മറ്റ് പല മാർഗങ്ങളും ഉണ്ടല്ലോയെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications