
കേന്ദ്ര നേതൃത്വം തറപ്പിച്ചു, രാജിയില്ലാതെ രക്ഷയില്ല: സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച പരാമർശങ്ങള്‍
തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ ആരോപണ വിധേയനായ സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാജിവെച്ചു. മന്ത്രിയുടെ വിവാദ പ്രസംഗത്തില്‍ മുഖ്യമന്ത്രി എജിയുടെ നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളെ കണ്ട് രാജി പ്രഖ്യാപിക്കുകയുമായിരുന്നു.
തന്റെ പ്രസംഗത്തിലെ ചിലഭാഗങ്ങള്‍ മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്നത് ശരിയല്ലെന്ന ബോധ്യത്താല്‍ സ്വയം രാജിവെക്കുകയായിരുന്നുവെന്നാണ് സജി ചെറിയാന് വ്യക്തമാക്കിയത്. മന്ത്രിയുടെ പരാമർശത്തിലെ ഗുരുതരമായ നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിയമ വിദഗ്ധരും രംഗത്ത് എത്തിയിരുന്നു.
സന്തോഷമാണ്, പക്ഷെ അക്കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ വലിയ ആശങ്കയുണ്ട്; ദിലീപ് കേസില്‍ പ്രകാശ് ബാരെ

അതേസമയം, സി പി എം കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ സമ്മർദത്തെ തുടർന്നാണ് രാജിയെന്നാണ് വ്യക്തം. രാവിലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ രാജിയില്ലെന്ന സൂചന തന്നെയായിരുന്നു അദ്ദേഹം നല്‍കിയത്. എന്നാല്‍ തീരുമാനം വൈകുന്നതില്‍ സി പി എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ഇക്കാര്യം വ്യക്തമാക്കിയതിന് പിന്നാലെയാണ് പാർട്ടി മന്ത്രിയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മന്ത്രി സജി ചെറിയാനോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്.

മല്ലപ്പള്ളിയിലെ പാർട്ടി പരിപാടിയില്‍ നടത്തിയ വിവാദ പ്രസംഗമാണ് മന്ത്രിയുടെ അപ്രതീക്ഷിത രാജിയിലേക്ക് നയിച്ചത്. 'എല്ലാവരും മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന്. ഞാന്‍ പറയും ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ കഴിയുന്ന ഭരണഘടനയാണ് എഴുതി വെച്ചിരിക്കുന്നത്. ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന, ഇന്ത്യാക്കാർ എഴുതിവെച്ചു. അത് രാജ്യത്ത് 75 വർഷമായി നടപ്പിലാക്കുന്നതിന്റെ ഫലമായി, ഏറ്റവും കൂടുതല്‍ കൊള്ളയിടക്കാന് കഴിയുന്ന മനോഹരമായ ഭരണഘടന എഴുതിവെച്ചിട്ടുണ്ട്.'-എന്നായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം.

ഗുണമെന്നോണം മതേതരത്വം, ജനാധിപത്യം, കുന്തം കുടച്ചക്രം എന്നൊക്ക അതിന്റെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷെ കൃത്യമായി കൊള്ളയടിക്കാന്‍ കഴിയുന്നതാണിത്. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്താ നാടാണ് ഇന്ത്യ. 1957 ല്‍ ആദ്യത്തെ സർക്കാർ കേരളത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ തീരുമാനിച്ച കാര്യം തൊഴില്‍ നിയമം നടപ്പിലാക്കണം എന്നുള്ളതായിരുന്നു. ചൂഷണത്തെ ഏറ്റവും കൂടുതല്‍ അംഗീരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയിലേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അതുകൊണ്ടാണ് അംബാനിയും അദാനിയേയും പോലുള്ള ശതകോടീശ്വരന്മാർ വളർന്ന് വരുന്നതത്. ഈ പണമൊക്കെ എവിടുന്നാണ് . പാവപ്പെട്ടവന്റെ അധ്വാനത്തില്‍ നിന്നും ലഭിക്കുന്ന മിച്ച മൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണ്. പാവങ്ങളെ ചൂഷണം ചെയ്ത്, അവന് അധ്വാനത്തിന്റെ ഫലം നല്‍കുന്നില്ല. എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം എന്നൊക്കെ പറഞ്ഞ് സമരം ചെയ്തിട്ട് ഇന്ന നമ്മുടെ നാട്ടില്‍ 24 മണിക്കൂറും ജോലി ചെയ്യുമ്പോള്‍ ഈ രാജ്യത്തിന്റെ ഭരണഘടന അവർക്ക് സംരക്ഷണം നല്കുന്നുണ്ടോ-എന്നും വിവാദമായ പ്രസംഗത്തില്‍ സജി ചെറിയാന് പറഞ്ഞിരുന്നു.