'നിലമ്പൂർ കിട്ടിയെന്ന് പറഞ്ഞ് കേരളം മുഴുവൻ കിട്ടില്ല,അവർ അണ്ണനും തമ്പിയും കളിക്കട്ടെ'; വെള്ളാപ്പളി
തിരുവനന്തപുരം; നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതിനാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും നേട്ടം കൊയ്യാമെന്നുള്ളത് യു ഡി എഫിന്റെ വ്യാമോഹം മാത്രമാണെന്ന് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസുകാർ അണ്ണനും തമ്പിയും കളിച്ചുനടക്കുകയേ ഉള്ളൂ. ജനം ഇതൊക്കെ കണ്ടോണ്ടിരിക്കുന്നുണ്ട്. അവരുടെ ഐക്യം എന്താണെന്ന് ജനം മനസിലാക്കിക്കൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
'നിലമ്പൂരിലെ യു ഡി എഫ് വിജയം അംഗീകരിക്കുന്നു. എന്നാൽ എൽ ഡി എഫ് പരാജയപ്പെട്ടെന്ന് പറയാനാകില്ല. നല്ല വോട്ട് അവർക്കും കിട്ടി. കോൺഗ്രസ് പണ്ട് തനിച്ചായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ ഇന്ന് കോൺഗ്രസും ലീഗും ഒരേ മനസോടെയാണ് ശക്തമായി നിന്ന് മത്സരിച്ചത്. എന്നിട്ടും 11,000 വോട്ടിന്റെ ഭൂരിപക്ഷമേ യു ഡി എഫിന് ലഭിച്ചുള്ളൂ. അതൊരു വലിയ വോട്ടല്ല, പക്ഷെ അൻവറിന്റെ ശക്തി തിരിച്ചറിയാൻ സാധിക്കാതെ പോയി, 20,000 വോട്ടാണ് അൻവർ നേടിയത്. സർക്കാരിന്റെ ഭാഗമായിരുന്നപ്പോൾ നിരവധി പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ സ്വാധീനിക്കാൻ അൻവറിന് സാധിച്ചു. അൻവറിന് ലഭിച്ച വോട്ടുകൾ ചെറിയ കണക്കല്ല.

അൻവർ പാർട്ടിക്ക് വിധേയനായാൽ എടുക്കാമെന്ന് യുഡിഎഫ് നിലപാട് എടുത്തതാണ്. എന്നാൽ അൻവർ അതിന് തയ്യാറായില്ല. ഇതോടെ വി ഡി സതീശനും ശക്തമായ നിലപാട് എടുത്തു. ഒരുപക്ഷെ സമീപകാലത്ത് യു ഡി എഫ് എടുക്കുന്ന ഏറ്റവും ശക്തമായ നിലപാട് ആയിരിക്കും അത്. ഇത്തരമൊരു നിലപാട് കേഡർ പാർട്ടിക്കേ സാധിക്കാറുള്ളൂ. എന്നാൽ സതീശനും കോൺഗ്രസുമെല്ലാം ഉറച്ച നിലപാടെടുത്തു. കോൺഗ്രസിന്റെ തീരുമാനം നിലമ്പൂരിൽ ശരിയാണെന്ന് തെളിഞ്ഞു.
എന്നാൽ നിലമ്പൂർ കിട്ടിയെന്ന് വിചാരിച്ച് വലിയ കലത്തിൽ വെള്ളമൊഴിച്ചത് കൊണ്ട് കാര്യമില്ല. കാണാൻ പോകുന്നതിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിലമ്പൂർ ആരുടെ സീറ്റായിരുന്നു? യുഡിഎഫിന്റേതല്ലേ, അവരുടെ സീറ്റ് അവർ എടുത്തു. നിലമ്പൂർ കിട്ടിയെന്ന് വിചാരിച്ച് കേരളം മുഴുവൻ കിട്ടുമെന്ന ആശയിൽ നടന്നാൽ അത് ശരിയാകുമോ? കാണാൻ പോകുന്ന പൂരമല്ലേ.
കോൺഗ്രസുകാർ അണ്ണനും തമ്പിയും കളിച്ചുനടക്കുകയേ ഉള്ളൂ. ജനം ഇതൊക്കെ കണ്ടോണ്ടിരിക്കുന്നുണ്ട്. അവരുടെ ഐക്യം ഇതാണ് , ഒരാൾ പറയുന്നു ക്യാപ്റ്റനാണെന്ന് മറ്റൊരാൾ പറയുന്നു ഞാൻ പട്ടാളക്കാരനാണെന്ന്, കോൺഗ്രസ് ഇവിടെ നശിച്ചോണ്ടിരിക്കുകയാണ്. ഗ്രൂപ്പുകളിയുടെ ആശാൻമാരാണ്. ആരെല്ലാം കളിക്കും കളിപ്പിക്കും എന്നതൊക്കെ കാത്തിരുന്ന് കാണാം', വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications