സ്വന്തമായി വീടില്ല... പ്രൈവറ്റ് ബസിന്റെ ഉടമ, ലക്ഷ്യമിട്ടത് രാത്രി ഒറ്റക്ക് ഇറങ്ങി നടക്കുന്ന സ്ത്രീകളെ
പത്തനംതിട്ട: തിരുവല്ല നരബലിയിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയുടെ ജീവിതം അത്യന്തം ദുരൂഹം. പെരുമ്പാവൂര്‍ സ്വദേശിയായ ഷാഫി ഏറെക്കാലമായി എറണാകുളം സൗത്തിലായിരുന്നു താമസിച്ചിരുന്നത്. സ്വന്തമായി വീടില്ലാത്ത ഷാഫി വാടകയ്ക്കായിരുന്നു താമസിച്ചിരുന്നത്. സാധാരണക്കാരനെ പോലെ ആയിരുന്നു ഷാഫി നടന്നിരുന്നതെങ്കിലും ജീവിതം പക്ഷെ ആര്‍ഭാടം നിറഞ്ഞതായിരുന്നു
നിരവധി വാഹനങ്ങളാണ് ഷാഫിക്ക് ഉണ്ടായിരുന്നത് എന്നാണ് സുഹൃത്ത് പറയുന്നത്. സ്‌കോര്‍പ്പിയോയില്‍ തുടങ്ങി ആലുവ ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസ് വരെ ഷാഫിക്ക് സ്വന്തമായുണ്ടായിരുന്നു. മകളുടെ മക്കളുടെ പേരിലുള്ള അദീന്‍സ് എന്ന പ്രൈവറ്റ് ബസാണ് ആലുവ ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്.

തിരുവല്ല കേസില്‍ പൊലീസ് പിടികൂടിയ സ്‌കോര്‍പ്പിയോ കാറും മകളുടെ മക്കളുടെ പേരില്‍ തന്നെയായിരുന്നു ഉണ്ടായത്. എറണാകുളം സൗത്തില്‍ ഒരു ഹോട്ടലും ഷാഫിയും കുടുംബവും ചേര്‍ന്ന് നടത്തിയിരുന്നു എന്നും വിവരമുണ്ട്. ലഹരി മരുന്ന് സംഘത്തിലെ കണ്ണിയായിരുന്നു ഷാഫിയെന്നും കളമശേരിയില്‍ ഒരു കൊലപാതക്കേസില്‍ താന്‍ ജയിലില്‍ കിടന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും സുഹൃത്ത് ബിലാല്‍ പറയുന്നു.

ലോട്ടറി വില്‍ക്കുന്ന പല സ്ത്രീകളെയും സ്വാധീനിക്കാനായിരുന്നു ഷാഫിയുടെ ശ്രമം. ഇവരില്‍ ലോട്ടറി എടുത്ത് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പണം കടം കൊടുത്ത് വിശ്വാസം പിടിച്ചുപറ്റുകയും ചെയ്യുക എന്നതാണ് രീതി. പത്മയുമായി ബന്ധം സ്ഥാപിക്കുന്നത് ഇങ്ങനെയാണ്. രാത്രി കാലങ്ങളില്‍ ഒറ്റക്ക് ഇറങ്ങി നടക്കുന്ന സ്ത്രീകളേയും ഒറ്റക്ക് ജീവിക്കുന്ന സ്ത്രീകളെയുമായിരുന്നു ഷാഫി ലക്ഷ്യമിട്ടിരുന്നത്.

ഇവരെയാണ് നരബലിക്കായി ഷാഫി തെരഞ്ഞെടുത്തിരുന്നത്. സൗത്ത് കെ എസ് ആര്‍ ടി സി ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ എത്തുന്ന സ്ത്രീകളെ സമീപിച്ച് ഇവരുമായി പലവിധ വഴികളിലൂടെ ഷാഫി ബന്ധം സ്ഥാപിക്കും. പണം കടം കൊടുത്ത് ഇവരുമായി ബന്ധം സ്ഥാപിക്കും. ഏറെ കാലമായി ഇത്തരത്തില്‍ നല്ല ബന്ധത്തിലായിരുന്നവരെയാണ് ഷാഫി നരബലിക്കായി ഉപയോഗിച്ചത്.

ശ്രീദേവി എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ ഭഗവല്‍ സിംഗിനെ സമീപിച്ചത്. പിന്നീട് ഭഗവല്‍ സിംഗുമായും ലൈലയുമായും ബന്ധമുണ്ടാക്കി. പെരുമ്പാവൂരില്‍ ഒരു സിദ്ധനുണ്ടെന്നും അയാള്‍ കുടുംബത്തില്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും കൊണ്ടുവരും എന്നും അവരെ പറഞ്ഞ് വിശ്വസിപ്പിച്ചു.

റഷീദ് എന്ന അയാളെ പരിചയപ്പെടുന്നത് നല്ലതാണ് എന്ന് ഷാഫി, ശ്രീദേവി എന്ന അക്കൗണ്ടിലൂടെ ഭഗവല്‍ സിംഗിനേയും ലൈലയേയും വിശ്വസിപ്പിച്ചു. എന്നിട്ട് റഷീദ് ആയി ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിയ ഷാഫി ഇവരുമായി ബന്ധം സ്ഥാപിക്കുയായിരുന്നു. പിന്നാലെയാണ് കുടുംബത്തില്‍ ഐശ്വര്യം വരാന്‍ നരബലി വേണം എന്ന് ഷാഫി ഭഗവല്‍ സിംഗിനേയും ലൈലയേയും അറിയിച്ചതും ക്രൂരകൃത്യങ്ങള്‍ നടത്തിയതും.












Click it and Unblock the Notifications