തിരുവല്ല സ്പാ ആക്രമണം: പുറത്തുവരുന്നത് ബിസിനസ് വൈരാഗ്യത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ
തിരുവല്ല മഞ്ഞാടിയിൽ പ്രവർത്തിക്കുന്ന സ്പാ സെന്ററിൽ ഗുണ്ടാസംഘം അതിക്രമിച്ചു കയറി ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തിൽ(Thiruvalla Spa Attack) പുതിയ വെളിപ്പെടുത്തലുകളുമായി ഉടമ രംഗത്തെത്തി. ഈ ക്രൂരകൃത്യത്തിന് പിന്നിൽ ഗുണ്ടാപ്പിരിവിനേക്കാൾ ഉപരിയായി ബിസിനസ് വൈരാഗ്യമാണെന്ന് സ്പാ ഉടമ ഡോ. സഞ്ജയ് ആരോപിച്ചു. സംഭവത്തിൽ മുഖ്യപ്രതിയായ 'മരണ സുബിൻ' എന്ന സുബിൻ അലക്സാണ്ടറെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
'ഇതൊരു ക്വട്ടേഷൻ ആക്രമണം'
തിരുവല്ലയിലെ മറ്റൊരു സ്പാ ഉടമ നൽകിയ ക്വട്ടേഷന്റെ ഭാഗമായാണ് തന്റെ സ്ഥാപനത്തിൽ ആക്രമണം നടന്നതെന്ന് ഡോ. സഞ്ജയ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ബിസിനസ് തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുണ്ടാസംഘം എത്തിയത്. ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടാണ് ആക്രമണം നടന്നതെന്ന പോലീസ് വാദം തെറ്റാണെന്നും, സംഭവത്തിന് ശേഷം തന്റെ മൊഴിയെടുക്കാൻ പോലീസ് തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. പോലീസും ഗുണ്ടാസംഘവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അന്വേഷണം വൈകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി ഒന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് തിരുവല്ലയെ നടുക്കിയ സംഭവം അരങ്ങേറിയത്. കാപ്പ കേസ് പ്രതിയായ സുബിൻ അലക്സാണ്ടറും ആറംഗ സംഘവും സ്പായിൽ അതിക്രമിച്ചു കയറി. 50,000 രൂപ ആവശ്യപ്പെട്ട് തുടങ്ങിയ തർക്കം പിന്നീട് ക്രൂരമായ അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. സ്പാ നടത്തിപ്പുകാരിയെയും ജീവനക്കാരിയെയും സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും, ഒരു ജീവനക്കാരിയെ മുറിക്കുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ സ്ഥാപനത്തിൽ നിന്നും 25,000 രൂപ ഇവർ കവർന്നു.

മരണ സുബിന്റെ അറസ്റ്റും പോലീസ് നടപടിയും
കുപ്രസിദ്ധ ഗുണ്ടയായ മരണ സുബിനെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തിന് നേരെ അയാൾ തന്റെ വളർത്തുനായകളെ അഴിച്ചുവിട്ടു. അക്രമത്തിൽ എസ്.ഐ ഉൾപ്പെടെയുള്ള പോലീസുകാർക്ക് പരിക്കേറ്റു. സാഹസികമായാണ് പോലീസ് സംഘം സുബിനെ കീഴ്പ്പെടുത്തിയത്. സുബിന് പുറമെ ബെർലിൻ ദാസ് ഉൾപ്പെടെയുള്ള മറ്റ് പ്രതികളും പിടിയിലായിട്ടുണ്ട്. ഒളിവിലുള്ള ബാക്കി നാല് പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
നേരത്തെയും കാപ്പ (KAAPA) ചുമത്തപ്പെട്ടിട്ടുള്ള സുബിനെതിരെ വീണ്ടും കാപ്പ ചുമത്താൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കി.












Click it and Unblock the Notifications