ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ; എന്തിന് തിടുക്കം കാട്ടി എന്ന് ശബരിനാഥന്‍, പരാതി
തിരുവനന്തപുരം: ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കിയ തൊട്ടുപിന്നാലെ ബിജെപി അംഗങ്ങള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ അംഗങ്ങളെ അറിയിക്കാതെ നടത്തിയ സത്യപ്രതിജ്ഞയില്‍ ദുരൂഹതയുണ്ട് എന്ന് കോണ്‍ഗ്രസ് അംഗം കെഎസ് ശബരിനാഥന്‍ പ്രതികരിച്ചു.
തിരുവനന്തപുരം കോര്‍പറേഷനിലെ 20 ബിജെപി അംഗങ്ങളാണ് വിവാദമായ സത്യപ്രതിജ്ഞ ചൊല്ലിയത്. ഇതിനെതിരെ എല്‍ഡിഎഫ് നേതാവ് എസ്പി ദീപക് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ണായക ഉത്തരവിടുകയായിരുന്നു. പുതിയ സത്യപ്രതിജ്ഞയ്ക്ക് നാല് ആഴ്ചത്തെ സമയം കോടതി നല്‍കിയിരുന്നു എങ്കിലും 19 ബിജെപി അംഗങ്ങള്‍ മണിക്കൂറുകള്‍ക്കകം സത്യപ്രതിജ്ഞ ചൊല്ലുകയായിരുന്നു.

ഈ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എല്‍ഡിഎഫ് പരാതി നല്‍കി. പരാതിക്കാരനെ പോലും അറിയിക്കാതെയാണ് സത്യപ്രതിജ്ഞ നടന്നത്. മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു ചോദിച്ചപ്പോഴാണ് സത്യപ്രതിജ്ഞയുടെ കാര്യം അറിഞ്ഞതെന്ന് ദീപക് പറയുന്നു. തിടുക്കം കാട്ടിയതില്‍ ദുരൂഹതയുണ്ട് എന്ന് ശബരിനാഥന്‍ പറഞ്ഞു.
ശബരിനാഥന്റെ വാക്കുകള്‍- ''നഗരസഭയിലെ ഇരുപത് ബിജെപി അംഗങ്ങളുടെ പുനര്‍ സത്യപ്രതീജ്ഞ പിന്‍വാതിലിലൂടെ ഇന്ന് നടത്തിയത് ദുരൂഹമാണ്. ഇന്ന് ഉച്ചയ്ക്കാണ് ഈ വിഷയത്തില്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. നാലാഴ്ചകള്‍ക്കുള്ളില്‍ പുനര്‍ സത്യപ്രതീജ്ഞാ നടത്തിയാല്‍ മതി എന്ന് വ്യക്തമായ വിധിയുള്ളപ്പോള്‍ എന്തിനാണ് ഇന്ന് ഈ തിടുക്കം കൂട്ടിയത്? തദ്ദേശ വകുപ്പിനെ അറിയിക്കാതെ, മറ്റു കൗണ്‍സില്‍ അംഗങ്ങളെ അറിയാതെ, മാനദണ്ഡങ്ങള്‍ പാലിക്കാതെ ഈ പിന്‍വാതില്‍ സത്യപ്രതിജ്ഞ ശരിയായ നടപടിയല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ നഗരസഭ സെക്രട്ടറി തദ്ദേശ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ആരായാതെയാണ് സ്വമേധയാ ഈ തീരുമാനം എടുത്തത് എന്നും മനസിലാക്കുന്നു. ഇത് സംബന്ധിച്ച ഞങ്ങളുടെ പരാതി ബഹുമാനപെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ട്.''
ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പ് വായിക്കാം- ''ഈശ്വരന്റെ നാമത്തില്‍, ജനാധിപത്യത്തിന് വിജയം! ഒടുവില്‍ ജനവിധി തന്നെ വിജയിച്ചിരിക്കുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന്, തിരുവനന്തപുരം കോര്‍പ്പറേഷനിലെ 19 ബി.ജെ.പി/എന്‍.ഡി.എ കൗണ്‍സിലര്‍മാര്‍ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ചില സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ വിജയം അസാധുവാക്കാനും ജനവികാരം അട്ടിമറിക്കാനുമായിരുന്നു അവിശ്വാസികളായ സി.പി.എം ശ്രമിച്ചത്. അവര്‍ ചെയ്ത തെറ്റെന്താണ്? സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, ദൈവങ്ങളുടെയും ഭാരതമാതാവിന്റെയും നാമങ്ങള്‍ അഭിമാനത്തോടെ വിളിച്ചു ചൊല്ലി എന്നത് മാത്രം!
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പുറത്താക്കാനുള്ള ഇടതുപക്ഷത്തിന്റെ ഗൂഢാലോചനയാണ് കോടതി വിധിയിലൂടെ പരാജയപ്പെട്ടത്. കാലഹരണപ്പെട്ട തങ്ങളുടെ പ്രത്യയശാസ്ത്രത്തെയും രാഷ്ട്രീയത്തെയും കേരള ജനത ആവര്‍ത്തിച്ച് തള്ളിക്കളഞ്ഞിട്ടും സി.പി.എം ഇനിയും ഒരു പാഠവും പഠിച്ചിട്ടില്ല. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്ന കാര്യത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും 'രണ്ടല്ല, ഒന്നാണ്'. ഇത്തരം വിലകുറഞ്ഞ നാടകങ്ങളിലൂടെയോ തന്ത്രങ്ങളിലൂടെയോ ബി.ജെ.പി/എന്‍.ഡി.എയുടെ ശ്രദ്ധ തിരിക്കാമെന്ന് ആരും മോഹിക്കേണ്ട.''















Click it and Unblock the Notifications