അഭിമാനത്തോടെയാണ് അന്ന് മേയറെ അഭിനന്ദിച്ചത്.. ഇന്ന് അതില്‍ ഖേദിക്കുന്നു: ആര്യക്കെതിരേ ദിയ സന
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടുകയും എന്‍ഡിഎ ഭരണം ഉറപ്പിക്കുകയും ചെയ്തതോടെ മേയര്‍ ആര്യ രാജേന്ദ്രനെതിരെ കടുത്ത സൈബര്‍ ആക്രമണം. ആര്യ കാരണമാണ് എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടത് എന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ആര്യക്കെതിരെ ഉയരുന്നത്.
തോല്‍വിക്ക് പിന്നാലെ സിപിഎമ്മിലും കടുത്ത ഭിന്നത ഉണ്ടായിരിക്കുകയാണ്. ആര്യ രാജേന്ദ്രത്തിനെതിരെ പരസ്യ വിമര്‍ശനവുമായി മുന്‍ കൗണ്‍സിലറായ ഗായത്രി ബാബു രംഗത്തെത്തിയിരുന്നു. മേയര്‍ ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ജനകീയത ഇല്ലാതാക്കിയതാണ് കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ തിരിച്ചടിക്കു കാരണമെന്ന വിലയിരുത്തലാണ് പലരും പങ്കു വയ്ക്കുന്നത്.

മേയര്‍ ആര്യ കഴിഞ്ഞദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ നിരവധി പരിഹാസ കമന്റുകളാണ് വരുന്നത്. തലസ്ഥാനം ബിജെപിയുടെ കൈകളില്‍ എത്തിച്ചതിന് അവാര്‍ഡ് കിട്ടും എന്നാണ് ഒരു കമന്റ്. വര്‍ഷങ്ങളായി എല്‍ഡിഎഫിനെ താഴെയിറക്കാന്‍ ശ്രമിച്ചിട്ട് കഴിയാത്തത് വെറും അഞ്ചു വര്‍ഷം കൊണ്ട് സാധിച്ചതിന് നന്ദിയുണ്ടെന്നാണ് മറ്റൊരു കമന്റ്. ഈ പശ്ചാത്തലത്തില്‍ ആര്യക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി സാമൂഹിക പ്രവര്‍ത്തകയും മോഡലും ബിഗ് ബോസ് താരവുമായ ദിയ സന രംഗത്തെത്തി. ഫേസ്ബുക്കിലൂടെ ആയിരുന്നു ദിയയുടെ വിമര്‍ശനം
ഇടതുപക്ഷ അനുഭാവിയായ ദിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
'ഒരു കാര്യം പറയാതെ വയ്യാ...
ഇടതുപക്ഷ അനുഭാവിയായി ഇരുന്നു കൊണ്ട് തന്നെ പറയട്ടെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പോലും ബിജെപി അധികാരത്തില്‍ വരരുത് എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍..
ഇവിടെ തിരുവനന്തപുരത്ത് ബിജെപി കോര്‍പറേഷന്‍ പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അതിന് നിലവിലെ മേയര്‍ ആര്യാ രാജേന്ദ്രന്‍ വലിയൊരു കാരണമാണ്.. സാമൂഹിക നീതി എന്നൊന്നുള്ളത് മനസിലാക്കാന്‍ പറ്റാത്ത പക്വമായ ഇടപെടലുകള്‍ ഒന്നും തന്നെ ഇല്ലാത്ത പ്രിവിലേജ്ഡ് ആയ സ്പേസുകളില്‍ മാത്രം പരിപാടിക്കു പോയിക്കൊണ്ടിരുന്ന ഒരു 'കുട്ടി'യായിരുന്നു ആര്യ രാജേന്ദ്രന്‍..
ആര്യ രാജേന്ദ്രന്‍ മേയറായി വന്നപ്പോ സന്തോഷത്തോടെ യുവ തലമുറകളുടെ ഭരണവും ആവേശവും മുന്നില്‍ കണ്ട് അവര്‍ക്ക് സപ്പോര്‍ട് കൊടുത്തവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു.. വളരെ അഭിമാനത്തോടെയാണ് തിരുവനന്തപുരം മേയറേ അന്ന് അഭിനന്ദിച്ചത്.. ഇന്ന് അതില്‍ ഖേദിക്കുന്നു.. വിജയിച്ച എല്ലാ സ്ഥാനാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍'.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്ത പ്രാധാന്യം നേടിയത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആയിരുന്നു. അന്ന് വലിയ പ്രതീക്ഷകളോടെയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ രാജേന്ദ്രന്‍ ചുമതലയേറ്റത്. എന്നാല്‍ പിന്നീടുണ്ടായ പല വിവാദങ്ങളും എല്‍ഡിഎഫിന് ജനപ്രീതി കുറയാന്‍ ഇടയാക്കി.












Click it and Unblock the Notifications