തിരുവനന്തപുരത്ത് കളി മാറി! ബിജെപിയെ വീഴ്ത്താൻ യുഡിഎഫിനെ പിന്തുണക്കില്ലെന്ന് എൽഡിഎഫ്
തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയ നോട്ടീസിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് വ്യക്തമാക്കി. കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് ചേർന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് ഭാവിയിൽ വലിയ തോതിലുള്ള രാഷ്ട്രീയ തിരിച്ചടികൾക്ക് കാരണമാകുമെന്നാണ് സിപിഎം വിലയിരുത്തൽ. നിലവിലെ കൗൺസിൽ നിയമങ്ങളും അംഗസംഖ്യയും അനുസരിച്ച്, മൂന്നിലൊന്ന് അംഗങ്ങളുടെ ഒപ്പോടുകൂടിയ പിന്തുണയുണ്ടെങ്കിൽ മാത്രമേ അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചയ്‌ക്കെടുക്കാൻ പോലും സാധിക്കുകയുള്ളൂ.
101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ പ്രമേയ നോട്ടീസിന് നിയമപരമായ സാധുത ലഭിക്കണമെങ്കിൽ ചുരുങ്ങിയത് 34 കൗൺസിലർമാരുടെ ഒപ്പ് ആവശ്യമാണ്. എന്നാൽ നിലവിൽ 20 അംഗങ്ങൾ മാത്രമുള്ള യുഡിഎഫിനോ, 29 അംഗങ്ങളുള്ള എൽഡിഎഫിനോ തനിച്ച് അവിശ്വാസ പ്രമേയം മുൻപോട്ട് കൊണ്ടുപോകാൻ കഴിയില്ല. പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് ഒപ്പിട്ടാൽ മാത്രമേ 34 എന്ന സംഖ്യ തികയ്ക്കാൻ സാധിക്കൂ എന്നതിനാലാണ് ഈ നീക്കം ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുന്നത്. അതേസമയം, അവിശ്വാസ പ്രമേയം കൗൺസിലിൽ എത്തിയാൽ അതിനെ എങ്ങനെ ശക്തമായി പ്രതിരോധിക്കണം എന്നതിനെക്കുറിച്ച് ബിജെപി ക്യാമ്പിലും അണിയറ നീക്കങ്ങൾ സജീവമാണ്.
വോട്ട് കണക്കിലെ കളി; ക്വാറം തികയ്ക്കാനാകാതെ പ്രതിപക്ഷം വലയും
പ്രമേയം കൗൺസിലിൽ അവതരിപ്പിച്ചു ചർച്ച ചെയ്യണമെങ്കിൽ ആകെ അംഗങ്ങളുടെ പകുതിയിലധികം പേർ (കുറഞ്ഞത് 51 പേർ) യോഗത്തിൽ ഹാജരാകേണ്ടതുണ്ട്. പ്രതിപക്ഷ നിരയിലെ എൽഡിഎഫിനും യുഡിഎഫിനും കൂടിയാകെ നിലവിലുള്ളത് 49 അംഗങ്ങൾ മാത്രമാണ്. ഇതിനൊപ്പം ഒരു സ്വതന്ത്രൻ കൂടിയുണ്ട്. ഭരണപക്ഷമായ ബിജെപിക്ക് കൗൺസിലിൽ നിലവിൽ 50 പേരുടെ പിന്തുണയുണ്ട് (സ്വതന്ത്രൻ രാധാകൃഷ്ണൻ ഉൾപ്പെടെ).

കൗൺസിൽ യോഗത്തിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കാൻ ബിജെപി തീരുമാനിച്ചാൽ, പ്രതിപക്ഷത്തിന് ക്വാറം (51 പേർ) തികയ്ക്കാൻ സാധിക്കാതെ വരികയും പ്രമേയം ചർച്ചയ്ക്കെടുക്കാതെ തന്നെ തള്ളിപ്പോവുകയും ചെയ്യും. പ്രമേയം പാസാകാൻ 50 ശതമാനത്തിലധികം വോട്ടുകൾ വേണമെന്നിരിക്കെ, ബിജെപി കൗൺസിലർ സുഗതൻ കാപ്പ കേസിൽ ജയിലിലായതോടെയാണ് ബിജെപിയുടെ കേവല ഭൂരിപക്ഷം നേരിയ പ്രതിസന്ധിയിലായത്. ഈ രാഷ്ട്രീയ സാഹചര്യം പരമാവധി മുതലെടുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
ഭരണസ്തംഭനമെന്ന് കെ എസ് ശബരീനാഥൻ; ജൂൺ 29ന് കവാടം ഉപരോധിക്കും
തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം ആറ് മാസം പിന്നിടുമ്പോൾ കടുത്ത ഭരണസ്തംഭനവും കെടുകാര്യസ്ഥതയുമാണ് നഗരത്തിലുള്ളതെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. കെ എസ് ശബരീനാഥൻ കുറ്റപ്പെടുത്തി. 'മാറാത്തത് മാറും' എന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർക്ക് നഗരത്തിലെ കടുത്ത മാലിന്യപ്രശ്നം, തെരുവുനായ ശല്യം, കുടിവെള്ള ക്ഷാമം എന്നിവയ്ക്ക് യാതൊരു പരിഹാരവും കാണാൻ കഴിഞ്ഞിട്ടില്ല. കോടികളുടെ വികസന വാഗ്ദാനം നൽകിയ കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇപ്പോൾ മൗനത്തിലാണ്.
നഗരസഭയുടെ ഈ കെടുകാര്യസ്ഥതയ്ക്കെതിരെ ജൂൺ 29 തിങ്കളാഴ്ച രാവിലെ യുഡിഎഫിന്റെ നേതൃത്വത്തിൽ നഗരസഭാ കവാടത്തിന് മുന്നിൽ വലിയ പ്രതിഷേധ സമരം സംഘടിപ്പിക്കും. അതിന് ശേഷം അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഔദ്യോഗികമായി തീരുമാനിക്കുമെന്നും ശബരീനാഥൻ അറിയിച്ചു. മറുവശത്ത്, പ്രതിപക്ഷ നിരയിൽ നിന്ന് ആരെയെങ്കിലും തങ്ങളുടെ ചേരിയിൽ എത്തിക്കാൻ ബിജെപിയും നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications