ഒരിഞ്ച് പിന്നോട്ടില്ല; വിമര്‍ശനങ്ങള്‍ക്ക് മേയറുടെ മറുപടി; ആര്യക്കെതിരേ ഒളിയമ്പുമായി വികെ പ്രശാന്ത്
തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് നേരിട്ട കനത്ത തിരിച്ചടിക്കു പിന്നില്‍ മേയറാണെന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ക്കു മറുപടിയുമായി ആര്യ രാജേന്ദ്രന്‍. വിമര്‍ശനങ്ങള്‍ക്ക് രണ്ടു വാക്കിലാണ് മറുപടി നല്‍കിയിരിക്കുന്നത്. ആര്യ സമൂഹ മാധ്യമത്തിലൂടെ ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കിയത്. പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ആര്യയുടെ ഭാവമാണ് എല്‍ഡിഎഫ് നേരിട്ട തിരിച്ചടിക്കു കാരണം എന്ന് സിപിഎം കൗണ്‍സിലറായിരുന്ന ഗായത്രി ബാബു ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചെങ്കിലും പാര്‍ട്ടിക്കുള്ളിലും ആര്യക്കെതിരെ അതൃപ്തിയുണ്ടെന്ന സൂചനകളാണ് ഇതിലൂടെ പുറത്തുവന്നത്.
ആര്യ രാജേന്ദ്രന്‍ തന്റെ ഭരണകാലത്ത് സിപിഎമ്മിന്റെ ജനകീയത ഇല്ലാതാക്കിയെന്ന വിമര്‍ശനം ശക്തമാണ്. അതേ സമയം വിമര്‍ശനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ആര്യ പരസ്യമായി മറുപടി നല്‍കിയിരുന്നില്ല. എന്നാലിപ്പോള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ രണ്ടു വാക്ക് കുറിച്ചു കൊണ്ടാണ് ആര്യ മറുപടി നല്‍കിയിരിക്കുന്നത്. നോട്ട് ആന്‍ ഇഞ്ച് ബാക്ക്, അതായത് ഒരിഞ്ച് പിന്നോട്ടില്ല എന്നാണ് ആര്യയുടെ സ്റ്റാറ്റസ്. അതിനൊപ്പം ഒരു ചുമന്ന ലവ് ചിഹ്നം കൂടി നല്‍കിയിട്ടുണ്ട്.

രണ്ടു വാക്ക് കുറിപ്പിനൊപ്പം അവശത അനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന രണ്ടു ചിത്രങ്ങളാണ് ആര്യ പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫില്‍ നിന്ന് എന്‍ഡിഎ പിടിച്ചെടുത്തതോടെ തിരുവനന്തപുരം സിപിഎമ്മില്‍ പൊട്ടിത്തെറിയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ഭരണം പിടിച്ചെടുക്കാന്‍ ബിജെപിയെ സഹായിച്ചത് മേയറാണെന്ന വിമര്‍ശനം യുഡിഎഫും ഉയര്‍ത്തിയിരുന്നു.
അതേസമയം, കോര്‍പറേഷന്‍ ഭരണം കുറച്ചുകൂടി ചലനാത്മകമാക്കേണ്ടതായിരുന്നു എന്നാണ് മുന്‍ മേയറായ വികെ പ്രശാന്ത് എംഎല്‍എ അഭിപ്രായപ്പെട്ടത്. ചെറുപ്പക്കാര്‍ക്ക് അവസരം ലഭിക്കുമ്പോള്‍ ഇനിയും പുതിയ ചെറുപ്പക്കാര്‍ക്ക് കടന്നുവരാനുള്ള അവസരം ഉണ്ടാകുന്ന രീതിയില്‍ ഇടപെടല്‍ നടത്തണം. പരാജയത്തിന്റെ ഉത്തരവാദിത്തം മേയറുടെ തലയില്‍ മാത്രം കെട്ടിവയ്ക്കാനില്ലെന്നും വികെ പ്രശാന്ത് പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തിരഞ്ഞെടുപ്പ് നടന്ന 100 ഡിവിഷനുകളില്‍ 50 എണ്ണത്തിലാണ് എന്‍ഡിഎ ജയിച്ചത്. എന്‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് കൂടി വേണം. ഇതിനായി സ്വതന്ത്രരെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് എന്‍ഡിഎ. അതേസമയം എല്‍ഡിഎഫ് ആകട്ടെ 29 എന്ന സംഖ്യയിലേക്കു കൂപ്പു കുത്തുകയും ചെയ്തു. തലസ്ഥാന നഗരം ഉള്‍പ്പെടെ നഷ്ടപ്പെട്ടത് എല്‍ഡിഎഫിന് വലിയ ക്ഷീണമായിട്ടുണ്ട്. പരാജയ കാരണങ്ങള്‍ പാര്‍ട്ടി വിലയിരുത്തി തിരുത്തല്‍ നടപടികള്‍ വരുത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്.












Click it and Unblock the Notifications