തിരുവനന്തപുരം ഫലം: ഒപ്പത്തിനൊപ്പം ഓടി തരൂരും രാജീവ് ചന്ദ്രശേഖറും, ചിത്രത്തിലില്ലാതെ ഇടത്
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ തിരുവനന്തപുരത്ത് ഇഞ്ചോടിച്ച് പോരാട്ടം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യം ലീഡി പിടിച്ചത് യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂർ ആയിരുന്നു. വിവിധ ഘട്ടങ്ങളില്‍ അദ്ദേഹം ലീഡുയർത്തി. എന്നാല്‍ എന്‍ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പിന്നീട് ലീഡ് പിടിച്ചു. ഇതോടെ കേരളത്തില്‍ ബി ജെ പി മുന്നണി ലീഡ് പിടിക്കുന്ന ഏക് മണ്ഡലമായും തിരുവനന്തപുരം മാറി.
തിരുവനന്തപുരത്തെ ബി ജെ പി ലീഡ് അല്‍പ സമയം മാത്രമാണ് നിലനിന്നത്. ശശി തരൂർ വീണ്ടും മുന്നേറിയതോടെ എന്‍ ഡി എ സ്ഥാനാർത്ഥി പിന്നിലേക്ക് പോയി. എന്നാല്‍ അവസാനഘട്ടത്തില്‍ രാജീവ് ചന്ദ്രശേഖർ ലീഡ് തിരികെ പിടിച്ചിട്ടുണ്ട്. എല്‍ ഡി എഫ് സ്ഥാനാർത്ഥി പന്ന്യന്‍ രവീന്ദ്രന് ഒരു ഘട്ടത്തില്‍ പോലും ലീഡ് പിടിക്കാന്‍ സാധിച്ചിട്ടില്ല. ആദ്യ ഫല സൂചനകള്‍ ശരിവെക്കുകയാണെങ്കില്‍ വോട്ടെണ്ണല്‍ അവസാനിക്കുന്നത് വരെ യു ഡി എഫും എന്‍ ഡി എയും തമ്മിലുള്ള ശക്തമായ മത്സരത്തിനായിരിക്കും തിരുവനന്തപുരം സാക്ഷ്യം വഹിക്കുക.

സംസ്ഥാനത്ത് ബി ജെ പി ആദ്യമായി വിജയം പ്രതീക്ഷിച്ച് തുടങ്ങിയ മണ്ഡലമാണ് തിരുവനന്തപുരം. കേരളത്തിന്റെ ലോക്സഭ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായി ബി ജെ പി രണ്ടാമത് എത്തിയതും തിരുവനന്തപുരത്താണ്. മറ്റൊരു മണ്ഡലത്തിലും അവർക്ക് ഇതുവരെ രണ്ടാമത് എത്താന്‍ സാധിച്ചിട്ടില്ല. 2014 ലെ തിരഞ്ഞെടുപ്പില്‍ വിജയത്തിന്റെ വക്കോളം എത്തുന്ന പ്രകടനമായിരുന്നു ബി ജെ പി കാഴ്ചവെച്ചത്. 15470 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ വിജയം. മണ്ഡലത്തില്‍ ആദ്യമായി എല്‍ ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് പോകുന്നതും ഇത്തവണയാണ്.
2019 ല്‍ പ്രചരണ ഘട്ടത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി ഉയർത്തിയെങ്കിലും ഫലം പുറത്ത് വന്നപ്പോള്‍ 99989 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ശശി തരൂരിന്റെ വിജയം. ശശി തരൂരിന് 416,131 വോട്ട് ലഭിച്ചപ്പോള്‍ ബി ജെ പി സ്ഥാനാർത്ഥിയായ കുമ്മനം രാജേശഖരന് 3,16,142 വോട്ടും സി പി ഐ സ്ഥാനാർത്ഥി സി ദിവാകരന് 2,58,556 വോട്ടും ലഭിച്ചു.












Click it and Unblock the Notifications