തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍; ഇ ശ്രീധരന്റെ പദ്ധതി രൂപരേഖ പഠിക്കാന്‍ സര്‍ക്കാര്‍
മെട്രോമാന്‍ ഇ ശ്രീധരന്‍ തയ്യാറാക്കിയ തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതിയുടെ രൂപരേഖ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍. പദ്ധതി രൂപരേഖ സര്‍ക്കാര്‍ നിയോഗിച്ച നാലംഗ കമ്മറ്റിക്ക് കൈമാറി. ശ്രീധരന്റെ നിര്‍ദേശങ്ങള്‍ കമ്മിറ്റി പരിശോധിച്ച ശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. അടുത്ത ആഴ്ച തന്നെ കമ്മിറ്റി, സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും എന്നാണ് വിവരം.
പദ്ധതിയ്ക്കായി സിയാല്‍ മോഡലില്‍ ധനസമാഹരണം നടത്തണം എന്നാണ് ശ്രീധരന്റെ നിര്‍ദേശം. 60000 കോടി രൂപയാണ് പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ആകെ തുകയുടെ 40% അതായത് 24000 കോടി രൂപ ക്രൗഡ് ഫണ്ടിംഗിലൂടെ കണ്ടെത്തണം എന്നാണ് നിര്‍ദേശം. ബാക്കിയുള്ള തുക കേന്ദ്രവും സംസ്ഥാനവും വഹിക്കണം. 18360 കോടി കേന്ദ്രവും 17640 കോടി സംസ്ഥാന സര്‍ക്കാരും വഹിക്കണം എന്നാണ് നിര്‍ദേശം.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 473.20 കിലോമീറ്റര്‍ ദൂരം മൂന്നര മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാവുന്ന പദ്ധതിയാണ് ശ്രീധരന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ പദ്ധതി എന്ന നിലയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്നത്. പാരിസ്ഥിതികമായി അനൂകൂലമായതും ജനങ്ങളെ ഒഴിപ്പിക്കാത്തതും സാമ്പത്തിക ബാധ്യതയുണ്ടാക്കാത്തതുമായ പദ്ധതിയാണിത് എന്നാണ് ശ്രീധരന്റെ അവകാശവാദം.
മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാവുന്ന ട്രെയിനുകള്‍ ആയിരിക്കും ഉപയോഗിക്കുക. ലോകത്തിലെ ആധുനിക റെയില്‍വേ സംവിധാനങ്ങള്‍ക്ക് അനുയോജ്യമായ സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ ഈ ഇരട്ടപ്പാത നിര്‍മ്മിക്കണം എന്നും ഇത് ഭാവിയില്‍ റെയില്‍ സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നത് എളുപ്പമാക്കും എന്നുമാണ് ശ്രീധരന്‍ പറയുന്നത്.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 23 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. പൂജപ്പുരയില്‍ നിന്ന് തുടങ്ങി തിരുവനന്തപുരം വിമാനത്താവളം, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട ജംഗ്ഷന്‍, തിരുവല്ല, കോട്ടയം, വൈക്കം, തൃപ്പൂണിത്തുറ, എറണാകുളം (പാലാരിവട്ടം), ആലുവ, കൊച്ചി വിമാനത്താവളം, ചാലക്കുടി, തൃശൂര്‍ ജംഗ്ഷന്‍, പട്ടാമ്പി ജംഗ്ഷന്‍, മലപ്പുറം, കോഴിക്കോട് വിമാനത്താവളം, കോഴിക്കോട് ജംഗ്ഷന്‍, ബാലുശ്ശേരി, നാദാപുരം, കൂത്തുപറമ്പ്, മുണ്ടയാട് എന്നിങ്ങനെയായിരിക്കും സ്റ്റേഷനുകള്‍.
ഓരോ സ്റ്റേഷനുകളും തമ്മില്‍ ശരാശരി ദൂരം 21.5 കിലോമീറ്റര്‍ ആയിരിക്കും. കണ്ണൂര്‍ ഒഴികെയുള്ള മൂന്ന് വിമാനത്താവളങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പാത യാത്രക്കാര്‍ക്ക് ഏറെ ഗുണകരമായിരിക്കും എന്നാണ് ശ്രീധരന്‍ അവകാശപ്പെടുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മുണ്ടയാട് സ്റ്റേഷനില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ മികച്ച റോഡ് നിര്‍മിക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിലെ 6.5 കിലോമീറ്റര്‍ ദൂരം തുരങ്കത്തിലൂടേയോ ഭൂമിക്കടിയിലൂടെയോ കടന്നുപോകും. ബാക്കി മുഴുവന്‍ പാതയും ആകാശപാത ആയിട്ടാണ് നിര്‍മിക്കുക. ഇതിനായി 20 മീറ്റര്‍ വീതിയില്‍ മാത്രം ഭൂമി ഏറ്റെടുത്താല്‍ മതിയാകും എന്നാണ് ശ്രീധരന്‍ പറയുന്നത്. നിര്‍മാണത്തിന് ശേഷം ഈ ഭൂമി ഉടമകള്‍ക്ക് തന്നെ കൃഷിക്കോ കന്നുകാലി വളര്‍ത്തലിനോ നിശ്ചിത വ്യവസ്ഥകളോടെ പാട്ടത്തിന് നല്‍കാം എന്നും പറയപ്പെടുന്നു.
സ്വന്തം സൗരോര്‍ജ പ്ലാന്റുകളില്‍ നിന്നുള്ള വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഹരിത റെയില്‍ ഇടനാഴി എന്ന വിശേഷണവും നിര്‍ദിഷ്ട തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയിലിന് ലഭിക്കും. തുടക്കത്തില്‍ 12 കോച്ചുകളിലായി 800 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ട്രെയിനുകളാണ് സര്‍വീസ് നടത്തുക. പ്രതിദിനം തിരക്കുള്ള സമയങ്ങളില്‍ ഓരോ 20 മിനിറ്റിലും അല്ലാത്തപ്പോള്‍ 40 മിനിറ്റിലും സര്‍വീസുകള്‍ നടത്തും. ഔദ്യോഗിക അനുമതി ലഭിച്ചാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാം എന്നാണ് പ്രതീക്ഷ.















Click it and Unblock the Notifications